മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വതി. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആമിര്‍ ഖാന്‍ നിര്‍മിച്ച സലാം വെങ്കി എന്ന ചിത്രത്തിലൂടെയാണ് മാല പാര്‍വതി ബോളിവുഡില്‍ അരങ്ങേറിയത്.
കൈരളി ഉള്‍പ്പെടെയുള്ള ചാനലുകളില്‍ മോണിങ് ഷോ അവതാരകയായും നടി പ്രവര്‍ത്തിച്ചിരുന്നു. ഒപ്പം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ബാവൂട്ടിയുടെ നാമത്തില്‍, ഭീഷ്മ പര്‍വം, ഇഷ്‌ക്, കൂടെ തുടങ്ങിയ സിനിമകളിലും മാസ്റ്റര്‍പീസ് എന്ന വെബ് സീരീസ് ഉള്‍പ്പെടെയുള്ളവയിലും മാല പാര്‍വതി അഭിനയിച്ചിട്ടുണ്ട്.
തമിഴില്‍ ചിയാന്‍ വിക്രം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ വീര ധീര സൂരനിലും നടി ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ദുഷാര വിജയന്‍, സുരാജ് വെഞ്ഞാറമൂട്,തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഇപ്പോള്‍ നടന്‍ വിക്രമിനെ കുറിച്ച് സംസാരിക്കുകയാണ് മാല പാര്‍വതി.
ചിയാന്‍ വിക്രം ഒരു ഈഗോയുമില്ലാത്ത വ്യക്തിയാണെന്നും കൈന്‍ഡ് എന്ന വാക്കിനൊക്കെ എത്രയോ മുകളിലാണ് അദ്ദേഹമെന്നും മാല പാര്‍വതി പറയുന്നു. സാധാരണയായി സിനിമമേഖലയില്‍ ഒരു ഹൈരാര്‍ക്കിയുണ്ടെന്നും എന്നാല്‍ വിക്രമിന് എല്ലാവരും ഒരുപോലെയാണെന്നും ഒരു പോലെ എല്ലാവരെയും പരിഗണിക്കുമെന്നും മാല പാര്‍വതി പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘പ്രത്യേകിച്ച് ഒരു ജഡ്ജ്‌മെന്റുമില്ലാതെയാണ് ഞാന്‍ സിനിമയിലേക്ക് പോയത്. ഒരു ബ്യൂട്ടിഫുള്‍ സോളാണ് വിക്രം സാര്‍. കൈന്‍ഡ് എന്നൊക്കെ പറഞ്ഞാല്‍ ആ വാക്കിന്റെയൊക്കെ എത്രയോ മുകളിലാണ് അദ്ദേഹം. അത്രയും ഒരു എമ്പതിയും സ്‌നേഹവുമുള്ള മനുഷ്യനാണ് അദ്ദേഹം. അത് ഇന്ന ആളോട് എന്നൊന്നും ഇല്ല. സിനിമയില്‍ സാധരണഗതിയില്‍ ഒരു ഹൈറാര്‍ക്കിയുണ്ട്, മറ്റുള്ളവരോട് സംസാരിക്കുന്നതിലൊക്കെ. പക്ഷേ ഇദ്ദേഹം അങ്ങനെയേ അല്ല. എവിടെ ഇരുന്നാലും അവിടെയുള്ള കൊച്ച് കുട്ടി മുതല്‍ സംവിധായകര്‍ വരെയുള്ളവര്‍ക്ക് അദ്ദേഹം കൊടുക്കുന്ന ഒരു പ്രാധാന്യവും സ്‌നേഹവുമുണ്ട്. ഒരു ഈഗോയും ഇല്ല,’ മാല പാര്‍വതി പറയുന്നു.
Content Highlight: Mala parvathy about Chiyan Vikram