| Wednesday, 16th February 2022, 3:50 pm

ബ്ലാസ്റ്റ്, ബൂം; വമ്പന്‍ പടം; നാട്ടുകാര്‍ എന്നെ തെറി പറയാതിരുന്നാല്‍ മതി; ഭീഷ്മ പര്‍വത്തിലെ മോളിയെപ്പറ്റി മാലാ പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിഗ് ബിക്ക് ശേഷം അമല്‍ നീരദ്-മമ്മൂട്ടി ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ഭീഷ്മ പര്‍വം. മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമക്ക് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രക്ഷകര്‍.

ഭീഷ്മപര്‍വത്തെക്കുറിച്ചും ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് നടി മാലാ പാര്‍വതി.

നെഗറ്റീവ് ഷേഡുള്ള ഒരു ‘കൊനിഷ്ട്’ കഥാപാത്രത്തെയാണ് താന്‍ സിനിമയില്‍ അവതരിപ്പിക്കുന്നതെന്നും ആളുകള്‍ തല്ലാതിരുന്നാല്‍ മതിയായിരുന്നു എന്നുമാണ് നടി പറയുന്നത്.

ഭീഷ്മ പര്‍വം എങ്ങനെയുള്ള ഒരു പടമായിരിക്കും എന്നുള്ള അവതാരകന്റെ ചോദ്യത്തിനും രസകരമായ മറുപടിയാണ് താരം നല്‍കിയത്.

”ഭീഷ്മപര്‍വത്തില്‍ എന്റേത് അടിപൊളി കഥാപാത്രമാണ്. നെഗറ്റീവാണ്, എന്നാല്‍ കുറച്ച് തമാശയൊക്കെ ഉണ്ട്. മോളി എന്നാണ് കഥാപാത്രത്തിന്റെ പേര്. മഹാ കൊനിഷ്ട്.

എന്റെ കഥാപാത്രം ചിത്രത്തില്‍ മുഴുനീളമായിട്ടുണ്ട്. നാട്ടുകാര്‍ എന്നെ തെറി പറയാതിരുന്നാല്‍ മതി.

ഭീഷ്മ പര്‍വം ഒരു ബ്ലാസ്റ്റ്, ബൂം, ഹ്യൂജ് പടമാണ്. വമ്പന്‍ പടമാണ്. ഞാന്‍ ഇങ്ങനെ ഒരു സിനിമ ചെയ്തിട്ടില്ല. കൊച്ചി, കുമ്പളങ്ങി സ്ലാങ്ങാണ് എന്റെ കഥാപാത്രം സംസാരിക്കുന്നത്,” മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.

മൈക്കിള്‍ എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന്റെ പേര്. മൈക്കിളും പുരാണകഥാപാത്രമായ ഭീഷ്മരും എന്താണ് ബന്ധം എന്നത് സംബന്ധിച്ച് സിനിമ പ്രഖ്യാപിച്ചത് മുതല്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നതാണ്.

ചിത്രത്തെ പറ്റി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പഴയകാല ഡോണ്‍ ആയിട്ടാണ് മമ്മൂട്ടിയെത്തുന്നത്. ഡോണായിരുന്ന നായകന്‍ ചില കാരണങ്ങളാല്‍ തന്റെ ഗ്യാംങ്സ്റ്റര്‍ ജീവിതം അവസാനിപ്പിച്ച് ബിസിനസുകാരനാവുകയും, തുടര്‍ന്ന് വരുന്ന സംഭവവികാസങ്ങള്‍ കാരണം വീണ്ടും ഭൂതകാലത്തിലേക്ക് പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.


Content Highlight: Mala Parvathy about BheeshmaParvam

We use cookies to give you the best possible experience. Learn more