| Monday, 25th May 2020, 12:13 pm

അമ്പലത്തിന്റെ മുന്നില്‍ പള്ളി കണ്ടാല്‍ അസ്വസ്ഥരാകുന്നവര്‍; മിന്നല്‍ മുരളിയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മാലാ പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ടൊവിനോ തോമസ് നായകനാവുന്ന മിന്നല്‍ മുരളിയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നടി മാല പാര്‍വതിയും.

അമ്പലത്തിന്റെ മുന്നില്‍ പള്ളി കണ്ടാല്‍ അസ്വസ്ഥരാകുന്ന മനസ്സുളള സാമൂഹ്യ വിരുദ്ധര്‍.ഇവര്‍ ഇത് ചെയ്തിരിക്കുന്നത് ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തോടൊ, അവരുടെ അണിയറ പ്രവര്‍ത്തകരോടൊ അല്ല. കേരളത്തോടാണ് എന്നാണ് മാലാ പാര്‍വതി പ്രതികരിച്ചത്.

സിനിമാ തിയേറ്ററുകള്‍ എന്ന് തുറക്കുമെന്നറിയാതെ പ്രതിസന്ധിയിലാണ്. ഒരു സിനിമ നിര്‍മ്മിക്കുന്നതിന്റെ പിന്നിലെ അദ്ധ്വാനം വളരെ വലുതാണ്. പെട്ടിക്കകത്ത് വെറുതെ ഇരിക്കുന്ന കാശ് കൊണ്ടല്ല, സിനിമ നിര്‍മ്മിക്കുന്നത്. സിനിമയോട് ആത്മാര്‍ത്ഥതയുള്ള, നല്ല നിര്‍മ്മാതാക്കള്‍ തന്നെയാണ് മലയാള സിനിമയെ ഈ നിലയില്‍ നിലനിര്‍ത്തുന്നത്. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ഈ ചിത്രവും വ്യത്യസ്തമല്ല.’ എന്നും അവര്‍ പറഞ്ഞു.

‘രണ്ട് കൊല്ലത്തെ പ്ലാനിംഗുണ്ട് ഈ ടൊവീനോ ചിത്രത്തിന് പിറകില്‍. കലാസംവിധായകരുടെ ഏറെ കാലത്തെ, കഠിനാദ്ധ്യാനത്തിന്റെ ഫലമാണ്, തകര്‍ക്കപ്പെട്ട പള്ളിയുടെ സെറ്റ്. മഴയും വെയിലും വക വയ്ക്കാതെ അവര്‍ കെട്ടിപൊക്കിയത്. ആ സിനിമയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരുടെയും സ്വപ്നം ആ പള്ളിയില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോഴാണ് ലോക്ക് ഡൗണ്‍ വന്നത്. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യേണ്ട ഇടത്തോടൊപ്പം, ഇവരുടെ സ്വപ്നവും തല്ലി പൊട്ടിച്ചിരിക്കുകയാണ് ചില സാമൂഹ്യ വിരുദ്ധര്‍. അമ്പലത്തിന്റെ മുന്നില്‍ പള്ളി കണ്ടാല്‍ അസ്വസ്ഥരാകുന്ന മനസ്സുളള സാമൂഹ്യ വിരുദ്ധര്‍ .ഇവര്‍ ഇത് ചെയ്തിരിക്കുന്നത് ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തോടൊ, അവരുടെ അണിയറ പ്രവര്‍ത്തകരോടൊ അല്ല. കേരളത്തോടാണ്. മുസ്ലീം പള്ളിയും, ക്രിസ്ത്യന്‍ പള്ളിയും, അമ്പലവും എല്ലാം കാരുണ്യവാനായ ദൈവത്തിന്റെ ആലയങ്ങളാണെന്ന് ബോദ്ധ്യമുള്ള കേരളത്തോട്. നടപടിയുണ്ടാവണം. ഇത് ചെയ്തവരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി കൊടുപ്പിക്കണം. അവരെ കൊണ്ട് പണിയിച്ച് കൊടുക്കാനും കൂടെ പറയണമെന്നുണ്ട്. പക്ഷേ ഇവര്‍ക്ക് പണിതുണ്ടാക്കാന്‍ അറിയില്ലല്ലോ, തകര്‍ക്കാനല്ലേ അറിയു ! എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു,” മാല പാര്‍വ്വതി കുറിക്കുന്നു.

കഴിഞ്ഞ ദിവസമാണ് കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്.

സെറ്റ് പൊളിച്ചതായി അഖില ഹിന്ദു പരിക്ഷത്ത് ഹരി പാലോട് ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാ നിര്‍മാണം നിര്‍ത്തിവച്ചതിനാല്‍ പകുതിമാത്രമായി നിര്‍മാണം അവസാനിപ്പിക്കേണ്ടിവന്നു. 45 ലക്ഷം രൂപയോളം സെറ്റിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഇതിനോടകം ചിലവാക്കിയിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

സെറ്റ് നിര്‍മ്മാണത്തിനായി അമ്പലകമ്മറ്റിയുടെയും ഇറിഗേഷന്‍ വിഭാഗത്തിന്റെയും അനുമതി വാങ്ങിച്ച ശേഷമാണ് സെറ്റ് നിര്‍മ്മാണം ആരംഭിച്ചത്.

ഗോദയ്ക്കു ശേഷം ബേസില്‍ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മിന്നല്‍ മുരളിയുടെ ആദ്യ ഘട്ട ചിത്രീകരണം വയനാട്ടില്‍ പൂര്‍ത്തിയായിരുന്നു. വയനാട് ഷെഡ്യൂളിന് ശേഷം കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്നതിനിടെയാണ് കൊവിഡ് ഭീഷണി ഉയര്‍ന്നത്.

കാലടി മണപ്പുറത്ത് ഇത്തരത്തില്‍ ഒരു സെറ്റ് ഉണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടം ഉണ്ടാക്കിയെന്നും അതിനാലാണ് പൊളിച്ചതെന്നുമാണ് ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ വിശദീകരണം.

മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം,

എല്ലാവരും അറിഞ്ഞു കാണുമല്ലോ അല്ലേ? ‘മിന്നല്‍ മുരളി’ എന്ന സിനിമയ്ക്ക് വേണ്ടി നിര്‍മ്മിച്ച പള്ളിയുടെ സെറ്റ്, അമ്പലത്തിന്റെ മുമ്പിലായത് കൊണ്ട്, അത് തല്ലി തകര്‍ക്കപ്പെട്ടു.. കാലടിയിലാണ് സംഭവം.’ ഗോദയ്ക്ക് ശേഷം Basil Joseph സംവിധാനം ചെയ്യുന സിനിമയാണ് ‘മിന്നല്‍ മുരളി’.. ആ സിനിമയുടെ ക്ലൈമാക്‌സ് പോര്‍ഷന്‍ ഷൂട്ട് ചെയ്യാന്‍ നിര്‍മ്മിച്ച പള്ളിയാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടത്. ലോക്ക് ഡൗണ്‍ ആയതിനാലാണ് ഷൂട്ടിംഗ് നടക്കാതിരുന്നത്.ഗവണ്‍മെന്റിന്റെ ഉത്തരവിന് കാത്തിരിക്കുമ്പോഴാണ് ചിലര്‍ ഈ അതിക്രമം കാട്ടിയത്.സിനിമ വ്യവസായം തന്നെ പ്രശ്‌നത്തിലാണ്. സിനിമാ തിയേറ്ററുകള്‍ എന്ന് തുറക്കുമെന്നറിയാതെ പ്രതിസന്ധിയിലാണ്..ഒരു സിനിമ നിര്‍മ്മിക്കുന്നതിന്റെ പിന്നിലെ അദ്ധ്യാനം വളരെ വലുതാണ്. പെട്ടിക്കകത്ത് വെറുതെ ഇരിക്കുന്ന കാശ് കൊണ്ടല്ല, സിനിമ നിര്‍മ്മിക്കുന്നത്. സിനിമയോട് ആത്മാര്‍ത്ഥതയുള്ള, നല്ല നിര്‍മ്മാതാക്കള്‍ തന്നെയാണ് മലയാള സിനിമയെ ഈ നിലയില്‍ നിലനിര്‍ത്തുന്നത്. Sophia Paul നിര്‍മ്മിക്കുന്ന ഈ ചിത്രവും വ്യത്യസ്ഥമല്ല. രണ്ട് കൊല്ലത്തെ പ്ലാനിംഗുണ്ട് ഈ ടൊവീനോ ചിത്രത്തിന്. കലാസംവിധായകരുടെ ഏറെ കാലത്തെ, കഠിനാദ്ധ്യാനത്തിന്റെ ഫലമാണ്, തകര്‍ക്കപ്പെട്ട പള്ളിയുടെ സെറ്റ്. മഴയും വെയിലും വക വയ്ക്കാതെ അവര്‍ കെട്ടിപൊക്കിയത്. ആ സിനിമയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരുടെയും സ്വപ്നം ആ പള്ളിയില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോഴാണ്
ലോക്ക് ഡൗണ്‍ വന്നത്. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യേണ്ട ഇടത്തോടൊപ്പം, ഇവരുടെ സ്വപ്നവും തല്ലി പൊട്ടിച്ചിരിക്കുകയാണ് ചില സാമൂഹ്യ വിരുദ്ധര്‍.അമ്പലത്തിന്റെ മുന്നില്‍ പള്ളി കണ്ടാല്‍ അസ്വസ്ഥരാകുന്ന മനസ്സുളള സാമൂഹ്യ വിരുദ്ധര്‍.ഇവര്‍ ഇത് ചെയ്തിരിക്കുന്നത് മിന്നല്‍ മുരളി എന്ന ചിത്രത്തോടൊ, അവരുടെ അണിയറ പ്രവര്‍ത്തകരോടൊ അല്ല. കേരളത്തോടാണ്.
മുസ്ലീം പള്ളിയും, ക്രിസ്ത്യന്‍ പള്ളിയും, അമ്പലവും എല്ലാം കാരുണ്യവാനായ ദൈവത്തിന്റെ ആലയങ്ങളാണെന്ന് ബോദ്ധ്യമുള്ള കേരളത്തോട്.നടപടിയുണ്ടാവണം. ഇത് ചെയ്തവരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി കൊടുപ്പിക്കണം. അവരെ കൊണ്ട് പണിയിച്ച് കൊടുക്കാനും കൂടെ പറയണമെന്നുണ്ട്. പക്ഷേ ഇവര്‍ക്ക് പണിതുണ്ടാക്കാന്‍ അറിയില്ലല്ലോ.. തകര്‍ക്കാനല്ലേ അറിയു ! എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more