ഇതാണ് ഇനി 'പുനപരിശോധന' ഹര്‍ജി; താഴ്മണ്‍ കുടുംബം നട ഇറങ്ങേണ്ടി വരും
FB Notification
ഇതാണ് ഇനി 'പുനപരിശോധന' ഹര്‍ജി; താഴ്മണ്‍ കുടുംബം നട ഇറങ്ങേണ്ടി വരും
അഭിജിത്ത് പുളിയക്കടി
Wednesday, 24th October 2018, 8:59 am

“ചക്കിന് വച്ചത് കൊക്കിന് കൊള്ളുന്ന ” അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഏതോ വിവരദോഷിക്ക് തോന്നിയ വെളിപാടാണ് ശബരിമലവിഷയത്തിലെ സുപ്രീംകോടതിവിധിയെ എതിര്‍ക്കുക എന്നുള്ളത്. ഇതിന്റെ പേരില്‍ കുറച്ചുപേരെ തെരുവിലും കിട്ടി, കുറച്ചെണ്ണത്തിനെ മലയിലും കിട്ടി എന്നത് വാസ്തവമാണ്.

എന്നാല്‍, ഈ സമരാഭാസത്തിനിടയില്‍ പലരുമറിയാതെ മറ്റുപലതും സംഭവിച്ചു. ഇതില്‍ പ്രധാനം, ഇത്രയുംനാളും തന്ത്രിമാര്‍ നല്‍കിയിരുന്ന നാണയ തുട്ടുകളാല്‍ നിശബ്ദരായിരുന്ന മലയരയന്‍മാര്‍ സ്വയം ചിന്തിച്ചു തുടങ്ങി എന്നുള്ളതാണ്. തങ്ങള്‍ക്ക് ഈ നാണയതുട്ടുകള്‍ക്ക് മാത്രമേ അര്‍ഹതയുള്ളോ എന്നവര്‍ സ്വയം ചോദിച്ചുതുടങ്ങി. കാരണം, ഒരു നൂറ്റാണ്ടു മുന്‍പ് വരെ തങ്ങളുടെ പിതാമഹന്‍മാര്‍ പ്രതിഷ്ഠിച്ച് പൂജചെയ്തിരുന്ന അയ്യപ്പവിഗ്രഹത്തില്‍, ഇന്ന് പൂണൂലിട്ടവര്‍ തങ്ങളെ അന്യരാക്കിക്കൊണ്ട് പൂജചെയ്ത് കോടികള്‍ സമ്പാദിക്കുന്നു.

ഈ സത്യം മനസിലാക്കിയ തങ്ങളുടെ പൈത്യകം മറക്കാത്ത മലയരയന്‍മാര്‍, ഇന്ന് ഈ ബഹളത്തിനിടയില്‍, അയ്യപ്പക്ഷേത്രത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്ന് രേഖകള്‍ സഹിതം വെളിപ്പെടുത്തിയിരിക്കുകയാണ്.

ശബരിമലയില്‍ യുവതികളെ തടയാന്‍ പോയവര്‍ക്കും, തെരുവില്‍ ഉറഞ്ഞുതുള്ളിയവര്‍ക്കും തങ്ങള്‍ക്ക് പറ്റിയ അമളി ഇപ്പോഴാണ് ബോധ്യമായത്.
മലയരന്‍മാര്‍, ശബരിമല ക്ഷേത്രത്തിന്റെ തുടക്കം മുതല്‍ അവിടെ പൂജചെയ്തിരുന്ന തന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്.

ശബരിമലയിലെ ആദ്യത്തെ തന്ത്രി – “കരിമല അരയന്‍ “. ഇങ്ങനെ, ആദ്യത്തെ മൂന്നു തലമുറയിലെ തന്ത്രിമാരും മലയരയന്‍മാരായിരുന്നു.
പിന്നെങ്ങിനെ അയ്യപ്പക്ഷേത്രവും, താന്ത്രിക അവകാശവും മലയരയന്‍മാര്‍ക്ക് ശബരിമലയില്‍ നഷ്ടമായി?

 

അതാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 1902 -ല്‍ പന്തളംരാജാവ് ബലപ്രയോഗത്തിലൂടെ മലയരന്‍മാരുടെ ശബരിമലയിലെ അവകാശം പിടിച്ചെടുത്ത് താഴമണ്‍തന്ത്രി കുടുംബത്തിന് നല്‍കുകയായിരുന്നു. ശബരിമലയില്‍ ഓരോ വര്‍ഷംതോറും വര്‍ദ്ധിച്ചു വരുന്ന വരുമാനമായിരുന്നു രാജാവിനെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത്.

എന്നിട്ടും, രാജാവ് മലയരയര്‍മാര്‍ക്ക് മണ്ഡലകാലത്ത് വിളക്ക് തെളിയിക്കാനും, അയ്യപ്പനെ കാട്ടുതേന്‍കൊണ്ട് അഭിഷേകം ചെയ്യാനും അനുവദിച്ചിരുന്നു. കഴിഞ്ഞ 20 – വര്‍ഷം മുന്‍പുവരെ അവര്‍ക്ക് ഈ അവകാശമുണ്ടായിരുന്നു. അവസാനം, തന്ത്രപൂര്‍വ്വം തന്ത്രികുടുംബം ഈ അവകാശം കൂടി കവര്‍ന്നെടുക്കുകയായിരുന്നു. എന്നാല്‍, ഇതിനിടയിലും ശബരിമലയില്‍ കുമിഞ്ഞുകൂടുന്ന കണക്കില്ലാത്ത സമ്പത്തിന്റെ ചെറിയൊരു ഭാഗംനല്‍കി മലയരന്‍മാരെ നിശബ്ദമാക്കുകയായിരുന്നു രാജാവും തന്ത്രിമാരും ചെയ്തിരുന്നത്.

ഇപ്പോള്‍, “വിനാശകാലേ വിപരീതബുദ്ധി” എന്നു പറഞ്ഞതുപോലെ, ശബരിമലയിലെ ഈ ബഹളം അവരുടെ കണ്ണുതുറപ്പിച്ചിരിക്കുന്നു. ശബരിമല ക്ഷേത്രം തങ്ങള്‍ക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മലയരയന്‍മാര്‍.

തങ്ങളെ വഞ്ചിച്ച് ക്ഷേത്രം തട്ടിയെടുത്ത് വരുമാനമുണ്ടാക്കി പ്രബലരായി മാറിയ രാജാവും തന്ത്രികുടുംബവുമല്ല അയ്യപ്പന്റെ പിതൃസ്ഥാനീയര്‍ – മറിച്ച് തങ്ങളുടെ പിതാമഹന്‍മാരായിരുന്ന മലയര തന്ത്രിമാരാണെന്ന് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോഴത്തെ പുതുതലമുറ.

ഇതിനായി അവര്‍ ആവശ്യപ്പെടുന്നത് – ശബരിമലക്ഷേത്രത്തെ കുറിച്ചുള്ള ചരിത്രരേഖകളിലെ ആദ്യത്തെ മൂന്നു തലമുറ തന്ത്രിമാരെ കുറിച്ച് അന്വേഷിക്കണമെന്നും, പതിനെട്ടാം പടിയിലെ കമഴ്ത്തിയിട്ടിരിക്കുന്ന ആദ്യപടിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ” കരിമല അരയന്‍ സമര്‍പ്പിതം” എന്ന ലിഖിതം പുരാവസ്തു ഗവേഷണകേന്ദ്രം പരിശോധിക്കണമെന്നുമാണ്.

600 – കൊല്ലം പഴക്കമുള്ള ബാബറി മസ്ജിദിനെ കുറിച്ച് സുപ്രീം കോടതിയില്‍ കേസുനടക്കുമ്പോള്‍, കേവലം 116 കൊല്ലത്തിന് മുന്‍പുള്ള ചരിത്രാന്വേഷണം കോടതിക്ക് പ്രയാസകരമല്ല.

ഇതാണ് ഇനി “പുനപരിശോധനാ ഹര്‍ജി ” യായി സുപ്രീംകോടതിയിലെത്താന്‍ പോകുന്നത്. വരേണ്യവര്‍ഗ്ഗം, തങ്ങള്‍ക്ക് പറ്റിയ അബദ്ധം ഇപ്പോഴാണ് തിരിച്ചറിയുന്നത്. മര്യാദക്ക് ഭരണഘടനാ ബഞ്ചിന്റെ കോടതിവിധിക്കനുസരിച്ച് ശബരിമലയിലെ കാര്യങ്ങള്‍ നീക്കിയിരുന്നെങ്കില്‍, ഇപ്പോള്‍ ഇങ്ങനെയൊരു കുരുക്ക് വീഴുമായിരുന്നില്ല.

ഇതിനിടയില്‍ ആര്‍ക്കോ വെളിപാടുണ്ടായതുപോലെ, അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചാര്യവും പൊക്കിപിടിച്ചു കൊണ്ടുവന്നതാണ് പൊല്ലാപ്പായത്. ഇപ്പോള്‍, യുവതീപ്രവേശനത്തിന്റെ കാര്യത്തില്‍ 30 – ലേറെ പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്.

എന്നാല്‍, ഇനി വരാന്‍ പോകുന്നതാണ് യഥാര്‍ത്ഥ പുനപരിശോധനാ ഹര്‍ജി. അതായത് – ഇപ്പോഴത്തെ രാജാവും തന്ത്രിമാരുമാണോ, അതോ മലയരന്‍മാരാണോ ശബരിമല ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ എന്നു പരിശോധിക്കുന്ന പുനപരിശോധനാ ഹര്‍ജി.

ഇതില്‍ സത്യം സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടാല്‍, താഴമണ്‍ തന്ത്രിമാര്‍ക്ക് താഴോട്ടിറങ്ങാം. അയ്യപ്പന്റെ യഥാര്‍ത്ഥ പിതൃസ്ഥാനീയരായ മലയരയ തന്ത്രിമാര്‍ ശബരിമല വാഴും. അതോടെ ശബരിമലയിലെ ചതിയില്‍ വളര്‍ന്ന സവര്‍ണ്ണ കാലത്തിന് ചിതയൊരുങ്ങും. ഇന്ന് അട്ടഹസിച്ച് അറമാദിക്കുന്നവര്‍ അന്ന് കുനിഞ്ഞ ശിരസുമായി നടന്നുനീങ്ങുന്നതു കാണാം.

എതായാലും നല്ല പരിസമാപ്തിയിലേയ്ക്കാണ് കാര്യങ്ങള്‍ നീണ്ടുന്നത്. ഇനി, യുവതികള്‍ പതിനെട്ടാംപടി കയറുന്നതല്ല ബ്രാഹ്മണ്യത്തെ പിടിച്ചുലയ്ക്കുന്നത് – മലയരന്‍മാര്‍ ശബരിമല ഭരിക്കുന്നതാണ് ! ഏതായാലും, ഉര്‍വ്വശീശാപം ഉപകാരമായി ഭവിക്കാന്‍ പോവുകയാണ്.