കോഴിക്കോട്: വേഗം മരിച്ച് അടുത്ത ജന്മത്തില്‍ തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണമെന്നാണ് ആഗ്രഹമെന്ന ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ ഐക്യ മല അരയ മഹാസഭ. അയ്യപ്പനെ കെട്ടിപ്പിടിച്ച് തഴുകുവാന്‍ തന്ത്രി കുടുംബത്തിലല്ല, മല അരയ കുടുംബത്തില്‍ പിറക്കുകയാണ് സുരേഷ് ഗോപി ചെയ്യേണ്ടതെന്ന് മല അരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ. സജീവ് പറഞ്ഞു.
18 മലകളുടെ അധിപരായിരുന്ന മല അരയരാണ് ശബരിമല അമ്പലം സ്ഥാപിച്ചതും പമ്പ അടക്കമുള്ള പ്രദേശങ്ങളിലെ വികസിതനാഗരികത നിര്‍മിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇനി തങ്ങളുടെ സമുദായത്തില്‍ ജനിച്ചില്ലെങ്കിലും നിത്യപൂജയുള്ള ഏതെങ്കിലുംക്ഷേത്രത്തില്‍ തുടര്‍ച്ചയായി 10 വര്‍ഷം പൂജ നടത്തിയ ഏതൊരാള്‍ക്കും ശബരിമല മേല്‍ശാന്തിയാകാന്‍ യോഗ്യതയുണ്ടെന്ന് സുപ്രീം കോടതി വിധിയുമുണ്ടെന്നും പി.കെ. സജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മിപ്പിച്ചു.
‘അയ്യനെ തഴുകാന്‍ തന്ത്രി കുടുംബത്തില്‍ ജനിക്കണമെന്ന് പറഞ്ഞ വേദിയും സുരേഷ് ഗോപിക്ക് മാറിപ്പോയി. ജാതി വ്യവസ്ഥിതിക്കെതിരെ നിരന്തര പോരാട്ടങ്ങള്‍ നടത്തിയ നവോത്ഥാന നായകനായ പണ്ഡിറ്റ് കറുപ്പന്റെ വേദി തന്നെ ഇതിനായി ഉപയോഗിച്ചല്ലോ, കഷ്ടം തന്നെ,’ പി.കെ. സജീവ് പറഞ്ഞു.
പി.കെ. സജീവിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം
അയ്യപ്പനെ കെട്ടിപ്പിടിച്ച് തഴുകുവാന്‍ വേണ്ടിസുരേഷ് ഗോപി തന്ത്രി കുടുംബത്തിലല്ല ജനിക്കേണ്ടത്. മല അരയ കുടുംബത്തില്‍ പിറക്കുകയാണു വേണ്ടത്. മല അരയ കുടുംബത്തില്‍ പിറക്കാന്‍ ഞങ്ങള്‍ അങ്ങയെ ക്ഷണിക്കുകയാണ്.
കാരണം 18 മലകളുടെ അധിപരായിരുന്ന മല അരയരാണ് ശബരിമല അമ്പലം സ്ഥാപിച്ചതും പമ്പ അടക്കമുള്ള പ്രദേശങ്ങളിലെ വികസിതനാഗരികത നിര്‍മിച്ചതും.
ശബരിമല അമ്പലത്തിലെ ആദ്യ പൂജാരിയും സ്വാമിക്ക് ഇഷ്ടമായ പഞ്ചലങ്കാര പൂജാവിധികളും തേനഭിഷേകവും നിശ്ചയിച്ചതും 18 പടികളില്‍ ആദ്യപടി ഇട്ടതും കരിമലയുടെ അധിപനായിരുന്ന കരിമല അരയനായിരുന്നു.