തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസവും ശബരിമല വിഷയമായതിനെ തുടര്‍ന്ന് പ്രതികരണവുമായി ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചരിത്രകാരനുമായ പി.കെ സജീവ്. അയ്യപ്പകോപമെന്ന് പറയാനധികാരം മല അരയര്‍ക്ക് മാത്രമാണെന്നും അയ്യപ്പനും ഭൂതഗണങ്ങളും പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തിയവര്‍ക്കൊപ്പമാണെന്നും പി.കെ സജീവ് പറഞ്ഞു.
രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയ്യപ്പകോപമെന്ന് പറയാനധികാരം മല അരയര്‍ക്ക് മാത്രം. അയ്യപ്പനു വേണ്ടി ജീവിക്കുകയും മരിക്കുകയും അമ്പലം നിര്‍മ്മിക്കുകയും ചെയ്തവരാണവരെന്ന് പി.കെ സജീവ് പറഞ്ഞു. അയ്യപ്പനും ഭൂതഗണങ്ങളും ഒന്നടങ്കം പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തിയവര്‍ക്കൊപ്പം, എന്നാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ പോസ്റ്റ്.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരാണ് വോട്ടെടുപ്പ് ദിവസം ശബരിമല വാദപ്രതിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസം. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ട്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞുയ
രാവിലെ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് സമദൂരം എന്ന മുന്‍ നിലപാട് തിരുത്തിക്കൊണ്ട് സുകുമാരന്‍ നായര്‍ ഈ പ്രസ്താവന നടത്തിയത്.
സുകുമാരന്‍ നായരുടെ പ്രസ്താവനയോട് പ്രതികരിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. അയ്യപ്പനും എല്ലാ ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണുണ്ടാവുകയെന്ന് പിണറായി വിജയന്റെ പ്രതികരണം. ധര്‍മ്മടത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അദ്ദേഹം അങ്ങനെ പറയാനേ സാധ്യതയില്ല. അദ്ദേഹം ഒരു അയ്യപ്പ വിശ്വാസിയാണ്. അയ്യപ്പനും എല്ലാ ദേവഗണങ്ങളും മറ്റു വിശ്വാസികളുടെ ആരാധനാ മൂര്‍ത്തികളും ഈ സര്‍ക്കാരിനൊപ്പമാണ്. കാരണം ഈ സര്‍ക്കാരാണ് ജനങ്ങളെ സംരക്ഷിച്ചത്. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവരുടെ കൂടെയാണ് ഈ പറയുന്ന എല്ലാ ദേവഗണങ്ങളും,’ മുഖ്യമന്ത്രി പറഞ്ഞു.
ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ എല്ലാ ദൈവങ്ങളും എല്‍.ഡി.എഫിന് വോട്ട് ചെയ്യുമായിരുന്നെന്നാണ് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ വിഷയത്തില്‍ പ്രതികരിച്ചത്.
എല്ലാ മത വിശ്വാസികള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തിയ സര്‍ക്കാരാണിതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമാണ് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ കൂട്ടത്തോടെ എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിന് നൂറിലധികം സീറ്റുകള്‍ ലഭിക്കുമെന്നും വീണ്ടും അധികാരത്തില്‍ എത്തുമെന്നും കോടിയേരി പറഞ്ഞു.
സ്വാമി അയ്യപ്പാ എനിക്കും എന്റെ സര്‍ക്കാരിനും തെറ്റുപറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രി പറയേണ്ടതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പ്രതികരിച്ചത്. കോടതി വിധി നടപ്പാക്കാന്‍ എടുത്തുചാടി ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കിയതിന് ക്ഷമിക്കണം എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണം. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി ശബരിമലയെക്കുറിച്ച് പറയുന്നതില്‍ ആത്മാര്‍ത്ഥത ഉണ്ടെന്ന് കരുതാം. അല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതികരണങ്ങള്‍ കാപട്യമാണെന്ന് ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക