ചെന്നൈ: സി.എ.എ വിജ്ഞാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യയുടെ മൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും കമല്‍ ഹസന്‍ പറഞ്ഞു. സി.എ.എ നിയമത്തിനെതിരെ രാഷ്ട്രീയപരമായും നിയമപരമായും പോരാടുമെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കി.
അടിച്ചമര്‍ത്തപ്പെട്ട മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാണ് സി.എ.എ നടപ്പിലാക്കുന്നതെങ്കിൽ സമാനമായ അവസ്ഥയിലൂടെ കടന്നുപോവുന്ന ശ്രീലങ്കന്‍ തമിഴരെ എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഗൗനിക്കുന്നില്ല എന്നും കമല്‍ ചോദ്യമുയര്‍ത്തി.
റമദാന്‍ ദിനത്തിലാണ് ഇന്ത്യയിലെ മുസ്ലിം സഹോദരങ്ങള്‍ക്കിടയിലേക്ക് ഈ വാര്‍ത്താ എത്തിയതെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഒരുപക്ഷേ എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ വന്നാല്‍ ബി.ജെ.പി സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ രൂപത്തിന്റെ മികച്ച ഉദാഹരണമാണിതെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി. കൃത്യമായ ഒരു പരിശോധന നടത്തിയാല്‍ അധികാരത്തിന് വേണ്ടി മോദി സര്‍ക്കാര്‍ നടത്തുന്ന വര്‍ഗീയ നീക്കങ്ങളുടെ തെളിവുകള്‍ ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യന്‍ ഭരണഘടനയോട് നീതിപുലര്‍ത്തിക്കൊണ്ട് സി.എ.എ നിയമത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്ത തമിഴ്നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയാണ് മക്കള്‍ നീതി മയ്യം,’ എന്നും കമല്‍ഹാസന്‍ പറഞ്ഞു.
തിങ്കളാഴ്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് രംഗത്തെത്തിയിരുന്നു.
നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്നും തമിഴ്നാട്ടില്‍ ഈ നിയമം നടപ്പാക്കില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും തന്റെ പാര്‍ട്ടിയുടെ പേരില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വിജയ് പറഞ്ഞു. പൗരത്വ ഭേദഗതിക്ക് സമാനമായ ഒരു നിയമവും സ്വീകാര്യമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Makkal Neethi Mayyam founder and actor Kamal Haasan has criticized the central government over the CAA notification