ചെന്നൈ: കമല്‍ഹാസന് സിനിമയില്‍ മാത്രമെ മുഖ്യമന്ത്രിയാകാന്‍ സാധിക്കൂവെന്ന് പരിഹസിച്ച തമിഴ്‌നാട് മന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ സെല്ലൂര്‍ കെ.രാജുവിന് മറുപടിയുമായി മക്കള്‍ നീതി മയ്യം. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ എ.ഐ.ഡി.എം.കെ ആശങ്കപ്പെടുന്നുവെന്നതിന്റെ തെളിവാന് അധ്യക്ഷന് നേരെ വ്യക്തിപരമായ ആക്രമണവുമായി രാജു രംഗത്തെത്താന്‍ കാരണമെന്ന് മക്കള്‍ നീതി മയ്യം വക്താവ് മുരളി അബ്ബാസ് പറഞ്ഞു.
‘ഞങ്ങള്‍ വലിയ പാരമ്പര്യമുള്ള പാര്‍ട്ടിയല്ല. പക്ഷെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് അഞ്ച് ശതമാനം വോട്ട് ലഭിച്ചിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇനി ഞങ്ങളുടെ ലക്ഷ്യം.’
രാജുവിന് സിനിമയില്‍ പോലും മുഖ്യമന്ത്രിയാകാന്‍ സാധിക്കില്ലെന്നും മുരളി അബ്ബാസ് പറഞ്ഞു.
‘അവര്‍ക്ക് (എ.ഐ.ഡി.എം.കെ) ഞങ്ങളുടെ ആശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളേയും വിമര്‍ശിക്കാന്‍ കഴിയില്ല. അതാണ് കമല്‍ഹാസനെ വ്യക്തിപരമായി ആക്രമിക്കുന്നത്. ഞങ്ങള്‍ അത് കാര്യമാക്കുന്നില്ല. രാജു പറയുന്നത് ഞങ്ങളുടെ നേതാവിന് സിനിമയില്‍ മാത്രമേ മുഖ്യമന്ത്രിയാകാന്‍ കഴിയൂ എന്നാണ്. എന്നാല്‍ രാജുവിന് സിനിമയില്‍ പോലും മുഖ്യമന്ത്രിയാകാന്‍ കഴിയില്ല.’
കമല്‍ഹാസന് സിനിമയില്‍ മാത്രമേ മുഖ്യമന്ത്രിയാകാന്‍ കഴിയൂവെന്നും ജീവിതത്തില്‍ അതിന് സാധിക്കില്ലെന്നുമായിരുന്നു രാജുവിന്റെ പരാമര്‍ശം. കമലിനെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കമല്‍ഹാസന്‍ നല്ലൊരു നടനാണ്. എന്നിരുന്നാലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ ജനം തള്ളിയത് നമ്മള്‍ കണ്ടതാണ്.’
എ.ഐ.എ.ഡി.എം.കെ സ്ഥാപകനേതാവായ എം.ജി.ആറിനെ മാത്രമെ രാഷ്ട്രീയത്തില്‍ തമിഴ് ജനത സ്വീകരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയപ്രവേശന സമയത്ത് കമല്‍ പറഞ്ഞത് താന്‍ ഇനി സിനിമയില്‍ അഭിനയിക്കില്ലെന്നാണ്. എന്നാല്‍ അദ്ദേഹത്തിന് ആ വാഗ്ദാം പാലിക്കാനായില്ല. അദ്ദേഹം ഇപ്പോഴും സിനിമയില്‍ അഭിനയിക്കുന്നു, കൂടാതെ ടി.വി ഷോകളും അവതരിപ്പിക്കുന്നു. തമിഴ് ജനതയുടെ ഹൃദയം കീഴടക്കിയ നടന്‍ എം.ജി.ആര്‍ മാത്രമാണ്. കമലിന് അത് സാധിച്ചിട്ടില്ല, അതുകൊണ്ട് അദ്ദേഹത്തിന് മുഖ്യമന്ത്രിയാവാനും കഴിയില്ല.’