ഹൈദരാബാദ് : ഹൈദരാബാദിലെ മക്ക മസ്ജിദിൽ ഉച്ചഭാഷിണിക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച് അധികൃതർ. സംഭവം വിവാദമായതോടെ ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. വെളളിയാഴ്ചയാണ് മക്ക മസ്ജിദിൻ്റെ പ്രധാന ഗേറ്റിന് സമീപമുള്ള മിനാരങ്ങളിൽ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണിക്കുള്ള വൈദ്യുതി ബന്ധം അധികൃതർ വിച്ഛേദിച്ചത്.
ചാർമിനാർ പൊലീസ് നിർദേശത്തെ തുടർന്നായിരുന്നു നീക്കം. എന്നാൽ പള്ളിയിൽ പ്രാർത്ഥനക്ക് എത്തുന്നവർ സംഭവം എ.ഐ.എം.ഐ.എം നേതാക്കളെ അറിയിച്ചതോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.
വിഷയം വിവാദമായതോടെ ടി.ജി വഖഫ് ബോർഡിൻ്റെയും ജില്ലാ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മസ്ജിദ് സന്ദർശിച്ച് മസ്ജിദ് സൂപ്രണ്ടിനോടും മറ്റ് ജീവനക്കാരോടും വിഷയത്തെ കുറിച്ച് ചോദിച്ച ശേഷം പ്രശ്നം അന്വേഷിക്കാമെന്ന് ഉറപ്പ് നൽകി.
ഇതോടെ പ്രദേശത്ത് അൽപനേരം സംഘർഷാവസ്ഥ ഉണ്ടായി. മസ്‌ജിദിൽ ഇത്തരത്തിലൊരു കാര്യം ചെയ്യുകയാണെങ്കിൽ മറ്റ് സമുദായങ്ങളുടെ ആരാധനാലയങ്ങളിലും ഇതേ നിയമം പ്രയോഗിക്കണമെന്ന് അവർ പറയുകയായിരുന്നു.