മക്കാ മസ്ജിദ് ബോംബ് സ്‌ഫോടനം; വിചാരണ നടന്നുകൊണ്ടിരിക്കെ സുപ്രധാന രേഖകള്‍ കാണാതായെന്ന് റിപ്പോര്‍ട്ട്
National
മക്കാ മസ്ജിദ് ബോംബ് സ്‌ഫോടനം; വിചാരണ നടന്നുകൊണ്ടിരിക്കെ സുപ്രധാന രേഖകള്‍ കാണാതായെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th March 2018, 2:48 pm

ഹൈദരാബാദ്: എന്‍.ഐ.എ സ്‌പെഷ്യല്‍ കോടതിയില്‍ മക്ക മസ്ജിദ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് വിചാരണ നടന്ന് കൊണ്ടിരിക്കെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ കാണാതായെന്ന് റിപ്പോര്‍ട്ട്. സിയാസാദ് ആണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വിട്ടത്.

കേസിലെ നിര്‍ണായക രേഖയായ സ്വാമി അസീമാനന്ദയുടെ കുറ്റസമ്മത മൊഴിയാണ് കാണാതായത്.കേസുമായി ബന്ധപ്പെട്ട വിചാരണയില്‍ സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായ ടി രാജാബാലാജിയുടെ മൊഴി എടുക്കവെ കുറ്റസമ്മത മൊഴി രാജ ആവശ്യപ്പെട്ടപ്പൊഴായിരുന്നു രേഖ കാണാനില്ലെന്ന് മനസ്സിലായത്.

തുടര്‍ന്ന് തന്റെ മൊഴി രേഖപ്പെടുത്തുന്നതിന് രാജാബാലാജി വിസ്സമ്മതം രേഖപ്പെടുത്തി. തുടര്‍ന്ന് കേസ് പരിഗണിച്ച് ജഡ്ജി രണ്ട് മണിക്കൂര്‍ നേരത്തെക്ക് കോടതി നടകപടികള്‍ നിര്‍ത്തിവെക്കുകയും യഥാര്‍ത്ഥ രേഖകള്‍ നല്‍കാത്തതിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

തുടര്‍ന്ന് കുറച്ച് സമയങ്ങള്‍ക്ക് ശേഷം കോടതിയുദ്യോഗസ്ഥര്‍ രേഖകള്‍ കണ്ടെടുക്കുകയും ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കുകയും ചെയ്തു. ഗുജറാത്തില്‍ നിന്ന് കൊണ്ട് വന്ന രേഖയാണ് കാണായതെന്നാണ് റിപ്പോര്‍ട്ട്.

60 സാക്ഷികള്‍ ഉണ്ടായിരുന്ന കേസില്‍ 54 സാക്ഷികള്‍ തങ്ങളുടെ മൊഴി മാറ്റി പറഞ്ഞിരുന്നു. 2007 മെയ് 18 നാണ് മക്ക മസ്ജിദില്‍ സ്ഫോടനം നടന്നത്. പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടിരുന്നു.