|

'മമ്മൂട്ടിയുടെ പേരുകേട്ടാല്‍ ആളുകള്‍ കൂവുന്ന അവസ്ഥയെത്തി, ന്യൂ ഡല്‍ഹി വരുന്നത് അപ്പോഴാണ്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമക്ക് എക്കാലത്തെയും ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. മമ്മൂട്ടിയുടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയിട്ടുണ്ട്.

2021 മേയ് 10ന് ഡെന്നിസ് ജോസഫ് മരണപ്പെട്ടു പോയെങ്കിലും ഇന്നും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാളികള്‍ നെഞ്ചില്‍ ഏറ്റുന്നവയാണ്.

മരിക്കുന്നതിന് മുമ്പ് ഡെന്നിസ് ജോസ്ഫ് സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ തന്റെ സിനിമ. ജീവിതത്തിലെ അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്.

അത്തരത്തില്‍ സിനിമ അനുഭവങ്ങള്‍ക്ക് ഇടയില്‍ മമ്മൂട്ടിയുടെ ന്യൂ ഡല്‍ഹി എന്ന സിനിമ സംഭവിച്ച കഥയും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടി സിനിമകള്‍ തുടര്‍ച്ചയായി പരാജയമായി നില്‍ക്കുന്ന സമയത്താണ് ന്യൂ ഡല്‍ഹി എന്ന ജോഷി ചിത്രത്തിലൂടെ താരം തിരിച്ചുവരുന്നതെന്നും, ന്യൂ ഡല്‍ഹി എന്ന സിനിമ വരുന്നതിന് മുമ്പ് മമ്മൂട്ടി എന്ന നടന്റെ പേര് പറഞ്ഞാല്‍ ആളുകള്‍ തിയേറ്ററില്‍ കൂവുന്ന സാഹചര്യം ഉണ്ടയായിട്ടുണ്ടെന്നും ഡെന്നിസ് ജോസഫ് പറഞ്ഞിട്ടുണ്ട്.

‘മമ്മൂട്ടിയുടെ പേര് പറഞ്ഞാല്‍ ആളുകള്‍ കൂവുന്ന അവസ്ഥ ഉണ്ടായിരുന്നു. മമ്മൂട്ടിയെ വെച്ച് ഒരു സിനിമ എടുക്കാന്‍ ആളുകള്‍ മടിക്കുന്ന സാഹചര്യം ഉണ്ടയായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ജോയി എന്ന നിര്‍മാതാവും ജോഷിയും വളരെ ആത്മാര്‍ത്ഥമായി മമ്മൂട്ടിയെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചത്. മമ്മൂട്ടിയുടെ തോളില്‍ കയ്യിട്ട് നടന്ന പല നിര്‍മാതാക്കളും അദ്ദേഹത്തെ തിരഞ്ഞു നോക്കാത്ത അവസ്ഥയെത്തിയിട്ടുണ്ട്.

അപ്പോഴാണ് ന്യൂ ഡല്‍ഹി എന്ന സിനിമയുടെ ഒരു കഥാവിഷയം വരുന്നത്. ഒരു സിമ്പിള്‍ പ്രതികാര കഥയെ മീഡിയിലേക്ക് കൊണ്ട് വരികയാണ് അതില്‍ ചെയ്തത്. കേരളത്തിലുള്ള ഒരു പത്രാധിപര്‍ ഇത് ചെയ്യില്ല എന്ന് അറിയുന്നത് കൊണ്ടാണ് ന്യൂ ഡല്‍ഹി എന്ന സ്ഥലത്തേക്ക് കഥാപശ്ചാത്തലം മാറ്റിയത്. അങ്ങനെ ആ സിനിമ വലിയ വിജയമായി,’ ഡെന്നിസ് ജോസഫ് പറഞ്ഞത്.

ന്യൂ ഡല്‍ഹി എന്ന സിനിമ റിലീസിന് മുമ്പ് കണ്ട ഏക വ്യക്തി പ്രിയദര്‍ശന്‍ ആണെന്നും പ്രിയദര്‍ശന്‍ സിനിമ കണ്ട ശേഷം മോഹന്‍ലാലിനെ വിളിച്ച് മമ്മൂട്ടി തിരിച്ച് വരാന്‍ പോകുന്നുവെന്ന് പറഞ്ഞതായും ഡെന്നിസ് ജോസഫ് പറഞ്ഞിട്ടുണ്ട്. ആ സിനിമ ടീമിന് വലിയ നേട്ടം ഉണ്ടാകിയ ഒരു ചിത്രമാണെന്നും ഡെന്നിസ് ജോസഫ് അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ പറഞ്ഞിട്ടുണ്ട്.

ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ഡെന്നിസ് ജോസഫ് സീരിസിലെ ഏഴാമത്തെ എപ്പിസോഡിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. 2018 ഡിസംബര്‍ പതിമൂന്നിന് സഫാരി ടിവിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ഈ വിഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്.

Content Highlight: Making story of all time blockbuster Mammootty’s malayalam movie  New delhi

Video Stories