|

എം.ആര്‍.അജിത്ത് കുമാറിനെ ഡി.ജി.പി ആക്കുന്നത് നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാന്‍: കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന എ.ഡി.ജി.പി. അജിത്ത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയത് നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അടവാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. അജിത്ത് കുമാര്‍ എന്നത് ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലുള്ള ഒരു പാലമാണെന്നും അദ്ദേഹം വഴിയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഒരു പാലമായി പ്രവര്‍ത്തിച്ചതുകൊണ്ട് മാത്രമാണ് അജിത്ത് കുമാറിനെ ഡി.ജി.പിയായുള്ള പ്രൊമോഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നും മുരളീധരന്‍ അവകാശപ്പെട്ടു.

‘അജിത്ത് കുമാറിനെതിരെ ഒന്നില്‍ കൂടുതല്‍ കേസുകളില്‍ ആണ് അന്വേഷണം നടക്കുന്നുന്നത്. അതില്‍ ഒന്നാമത്തേത് അനധികൃതമായി സ്വത്ത് സമ്പാദിച്ചതും വീട് നിര്‍മാണവുമാണ്. പിന്നെയുള്ളത് പൂരം കലക്കലാണ്. ഇതെല്ലാം നിലവില്‍ ഉള്ളപ്പോഴാണ് ഡി.ജി.പിയായി പ്രമോട്ട് ചെയ്യാനുള്ള ഈ ലിസ്റ്റ് വരുന്നത്. ഇത് പൂര്‍ണമായും ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നതിനായി സര്‍ക്കാര്‍ എടുത്ത തീരുമാനമാണ്,’ മുരളീധരന്‍ പറഞ്ഞു.

ഇപ്രകാരം ചെയ്താല്‍ മാത്രമെ ആര്‍.എസ്.എസുമായി സി.പി.ഐ.എമ്മിന് ചര്‍ച്ചനടത്താന്‍ സാധിക്കുകയുള്ളുവെന്നും ഈ തീരുമാനം നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനായി പിണറായി വിജയന്‍ എടുത്തതാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥാനക്കയറ്റം ലഭിച്ചാല്‍ അജിത്ത് കുമാറിന് വിജിലന്‍സ് കേസുകളില്‍ നിന്നടക്കം രക്ഷിക്കാനാവുമെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും മുരളീധരന്‍ പറഞ്ഞു. അതുകൊണ്ട് ഇനി കോടതിയില്‍ നിന്ന് മാത്രമെ ഈ വിഷയത്തില്‍ നീതി കിട്ടുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അധ്യക്ഷയായ കമ്മിറ്റിയാണ് എം.ആര്‍. അജിത് കുമാറിനെ ഡി.ജി.പി റാങ്കിലേക്ക് ശുപാര്‍ശ ചെയ്തത്. ഈ ശുപാര്‍ശ സംസ്ഥാന മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.

നിലവിലുള്ള പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജൂലൈ ഒന്നിന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നതോടെ ഉണ്ടാകുന്ന ഒഴിവിലേക്കാണ് അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കുക.

Content highlight: Making M.R Ajith Kumar DGP to please Narendra Modi SAYS K. Muraleedharan

Latest Stories

Video Stories