| Monday, 15th May 2023, 4:23 pm

ഒരു ഷോര്‍ട്ഫിലിം ചെയ്തതൊന്നും സിനിമ ചെയ്യാനുള്ള എക്‌സ്പീരിയന്‍സല്ല; പഠിച്ചിട്ട് വേണം സംവിധാനത്തിലേക്കിറങ്ങാന്‍: സുരേഷ്‌കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ഷോര്‍ട്ഫിലിം ചെയ്തു എന്നുള്ളത് സിനിമ സംവിധാനം ചെയ്യാനുള്ള എക്‌സ്പീരിയന്‍സല്ലെന്ന് നിര്‍മാതാവ് ജി. സുരേഷ് കുമാര്‍. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറച്ചധികം സിനിമകളില്‍ വര്‍ക്ക് ചെയ്ത് സിനിമയെ കുറിച്ച് പഠിച്ചതിന് ശേഷം വേണം സംവിധാനത്തിലേക്കിറങ്ങാനെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സിനിമയെ കുറിച്ച് ഒരു ധാരണയുമില്ലാത്ത ആളുകളാണ് പ്രൊഡ്യൂസര്‍മാരായി വരുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

‘കണ്ടന്റ് നല്ലതാണെങ്കില്‍ ഇവിടെ പടം ഓടുന്നുണ്ട്. പക്ഷെ ചുമ്മാ വന്ന് എന്തെങ്കിലും തട്ടിക്കൂട്ട് പടമെടുത്താല്‍ ആരും സ്വീകരിക്കില്ല. പല സംവിധായകരോടും എന്താണ് അവരുടെ എക്‌സ്പീരിന്‍സ് എന്ന് ചോദിച്ചാല്‍ ഒരു ഷോര്‍ട് ഫിലിം എടുത്തിട്ടുണ്ടെന്നാണ് പറയുക. ഒരു ഷോര്‍ട് ഫിലം ചെയ്തു എന്നത് ഒരു എക്‌സപീരിയന്‍സല്ല. കുറച്ചധികം സിനിമകളില്‍ വര്‍ക്ക് ചെയ്ത് പിന്നെ ഒരു ഷോര്‍ട്ഫിലിമൊക്കെ ചെയ്തിട്ട് വന്നാല്‍ അതിന് ഒരു വിലയുണ്ട്. സിനിമയെ കുറിച്ച് അറിഞ്ഞ്, കാര്യങ്ങള്‍ മനസ്സിലാക്കിയിട്ട് വേണം സിനിമ സംവിധാനം ചെയ്യാനും മറ്റുള്ള കാര്യങ്ങള്‍ ചെയ്യാനും.

നിര്‍മാതാക്കളുടെ കാര്യമെടുത്താല്‍, അവര്‍ എവിടെനിന്നെങ്കിലും പണം കൊണ്ടുവരുന്നവരാണ്. സിനിമയെ കുറിച്ച് ഒരു ധാരണയും വിവരവുമില്ലാത്തവരാണ് വരുന്നത്. സിനിമ കണ്ട് എന്തെങ്കിലും ക്രേസിലായിരിക്കും അവര്‍ വരുന്നത്. ദുബായില്‍ നിന്നും മറ്റും ആളുകള്‍ വന്നിട്ടാണ് മേജര്‍ ഇന്‍വെസ്റ്റ്‌മെന്റും നടത്തുന്നത്.

അവരുടെ വിചാരം ഒ.ടി.ടിയൊക്കെ വന്നത് കൊണ്ട് വലിയ വിലക്ക് വില്‍ക്കാന്‍ പറ്റും വലിയ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നൊക്കെയാണ്. അത് കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുമില്ല. പടങ്ങളുടെ തള്ളിക്കയറ്റം കാരണം അവരും ബാര്‍ഗെയ്ന്‍ ചെയ്ത് തുടങ്ങിയിരിക്കുന്നു. പണ്ട് കിട്ടിക്കൊണ്ടിരുന്ന വിലയൊന്നും ഇപ്പോള്‍ കിട്ടുന്നില്ല. പലരും പടമെടുത്തിട്ട് വില്‍ക്കാന്‍ പറ്റാതെ ഇരിക്കുകയാണ്. അതാണ് ഇപ്പോഴത്തെ അവസ്ഥ,’ സുരേഷ് കുമാര്‍ പറഞ്ഞു.

content highlights: Making a short film is not the experience of making a film; Suresh Kumar

We use cookies to give you the best possible experience. Learn more