| Wednesday, 7th June 2023, 10:11 am

മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവം; കെ.വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഗസ്റ്റ് ലക്ചറര്‍ ആകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥി കെ. വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി 465, 468, 471 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജ രേഖ ചമച്ചെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

കേസില്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പളിന്റെ മൊഴിയെടുത്തിട്ടുണ്ട്. കോളേജിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും രേഖ വ്യാജമായി ഉണ്ടാക്കിയതാണെന്നും പ്രിന്‍സിപ്പള്‍ മൊഴി നല്‍കി. സംഭവം നടന്നത് അട്ടപ്പാടിയില്‍ വെച്ചായതിനാല്‍ കേസ് അഗളി പൊലീസിന് കൈമാറിയേക്കും.

മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി കാസര്‍ഗോഡ്, പാലക്കാട് കോളേജുകളില്‍ ജോലി ചെയ്തതായാണ് വിദ്യക്കെതിരെയുള്ള കേസ്. രണ്ട് വര്‍ഷം മഹാരാജാസില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തതായാണ് രേഖ. കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പളിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയെന്നാണ് കേസ്.

2018-19, 2020-21 കാലയളവുകളില്‍ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി ചെയ്തെന്ന് കാട്ടിയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി രണ്ട് കോളേജുകളില്‍ വിദ്യ ജോലി ചെയ്തിരിക്കുന്നത്.
വ്യാജമായ സീലും എംപ്ലവും പതിപ്പിച്ചുകൊണ്ടാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിരിക്കുന്നത്.

അട്ടപ്പാടി കോളേജിലേക്കുള്ള നിയമനത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിന് എത്തിയപ്പോള്‍ സംശയം തോന്നിയ കോളേജ് അധികൃതരാണ് മഹാരാജാസിലെ പ്രിന്‍സിപ്പളുമായി ബന്ധപ്പെട്ടത്. തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് ഇത്തരത്തില്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്. ശേഷം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Content Highlight: Making a fake certificate in the name of maharajas college: Non-bailable section were charged against k vidhya

We use cookies to give you the best possible experience. Learn more