ആ ചിത്രത്തിൽ ദുൽഖറിന്റെ താടി ഒറിജിനൽ അല്ല, കരുതിയ പോലെ താടി വളർന്നില്ല: രഞ്ജിത്ത് അമ്പാടി
Entertainment
ആ ചിത്രത്തിൽ ദുൽഖറിന്റെ താടി ഒറിജിനൽ അല്ല, കരുതിയ പോലെ താടി വളർന്നില്ല: രഞ്ജിത്ത് അമ്പാടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd November 2024, 8:22 am

ഉണ്ണി. ആറിന്റെ തിരക്കഥയിൽ മാർട്ടിൻ പ്രകാട്ട് അണിയിച്ചൊരുക്കിയ സൂപ്പർ ഹിറ്റ്‌ ചിത്രമാണ് ചാർലി. ദുൽഖർ സൽമാൻ, പാർവതി തിരുവോത്ത്, നെടുമുടി വേണു, ടൊവിനോ തോമസ് തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം യൂത്തിനിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. മികച്ച നടൻ, നടി, സംവിധായകൻ തുടങ്ങിയ മേഖലയിലെല്ലാം സംസ്ഥാന അവാർഡ് നേടിയ ചാർലി തമിഴിലേക്കും മറാത്തിയിലേക്കും റീമേക്ക് ചെയ്തിരുന്നു.

ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ ഗെറ്റപ്പായിരുന്നു ദുൽഖറിന്റേത്. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി താടി നീട്ടി വളർത്തിയെത്തിയ ദുൽഖറിന്റെ ലുക്ക് സിനിമയ്‌ക്ക് ഹൈപ്പും സൃഷ്ടിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ ദുൽഖറിന്റെ താടി ഒറിജിനലല്ലെന്നും ഷൂട്ട്‌ തുടങ്ങുന്ന സമയത്ത് ദുൽഖറിന്റെ താടി വേണ്ട രീതിയിൽ വളർന്നില്ലെന്നും മേക്കപ്പ് മാൻ രഞ്ജിത്ത് അമ്പാടി പറയുന്നു.

ഇൻട്രോ സീൻ വീണ്ടുമെടുക്കണമെന്ന് മാർട്ടിൻ പ്രകാട്ടിന് ആഗ്രഹമുണ്ടായിരുന്നുവെന്നും അപ്പോഴേക്കും ദുൽഖർ കമ്മട്ടിപാടം എന്ന സിനിമയുടെ ഷൂട്ടിന് പോയെന്നും രഞ്ജിത്ത് അമ്പാടി പറഞ്ഞു. ഒടുവിൽ വെപ്പ് താടി വെച്ചാണ് സിനിമയിലെ ഇൻട്രോ സീൻ ഷൂട്ട്‌ ചെയ്തതെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചാർലിയിലെ ആ കഥാപാത്രത്തിന് ശരിക്കും നല്ല താടി വേണം. പക്ഷെ ഞങ്ങൾ ഷൂട്ടൊക്കെ തുടങ്ങുന്ന സമയമായപ്പോഴേക്കും ഉദ്ദേശിച്ച പോലെ താടിയൊന്നും വളർന്നില്ല. കാരണം മാർട്ടിൻ ചേട്ടന് നല്ല ലെങ്ത്ത് വേണമായിരുന്നു.

ഷൂട്ട്‌ തുടങ്ങിയ സമയത്ത് ഞങ്ങൾ ദുൽഖറിന്റെ താടിയിൽ ചെറിയൊരു സാധനം കൂട്ടിച്ചേർത്തു. അങ്ങനെ വലിയ താടിയാക്കുകയാണ് ചെയ്തത്. പിന്നെ അത് ഷൂട്ട്‌ ചെയ്ത് വന്ന് അവസാനമൊക്കെയായപ്പോഴാണ് മാർട്ടിൻ ചേട്ടൻ ചാർലിയുടെ ഇൻട്രോ എടുക്കണമെന്ന് പറഞ്ഞത്.

അത് ധനുഷ് കോടിയിലാണ് ഷൂട്ട്‌ ചെയ്തത്. ഒരു സോങ്ങൊക്കെയുണ്ട്. സത്യത്തിൽ ആ സിനിമയിലെ അവസാന സീനാണ് ഇൻട്രോ സീൻ. അത് കഴിഞ്ഞ് ദുൽഖർ നേരെ പോയത് കമ്മട്ടിപാടത്തിന്റ ലൊക്കേഷനിലേക്കായിരുന്നു.

എന്നാൽ അപ്പോഴാണ് മാർട്ടിൻ ചേട്ടൻ പറയുന്നത്, ഇൻട്രോ സീൻ ഒന്നുകൂടെ എടുക്കണമെന്ന്. അദ്ദേഹത്തിനതിൽ തൃപ്തി കുറവുണ്ടെന്ന് പറഞ്ഞ് റീ ഷൂട്ട്‌ ചെയ്യണമെന്ന് പറഞ്ഞു. പക്ഷെ പിന്നെ റീ ഷൂട്ട്‌ ചെയ്യണമെങ്കിൽ താടി വേണം. അങ്ങനെ ആ ഇൻട്രോ സീനിൽ കാണുന്ന താടി മുഴുവൻ ഞങ്ങൾ വെച്ചു. അതാണ് ഇപ്പോൾ പ്രേക്ഷകർ കാണുന്നത്,’രഞ്ജിത്ത് അമ്പാടി പറയുന്നു.

Content Highlight: Makeup Man Ranjith Ambadi About Dulqure’s Look In Charlie Movie