| Monday, 6th November 2023, 3:51 pm

ലാൽ സാറിന്റെ ലുക്കിൽ ലിജോ ചേട്ടന് നിർബന്ധമുണ്ടായിരുന്നു, എന്ത് വേണമെങ്കിലും പരീക്ഷിക്കാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിലുള്ളത്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ അപ്ഡേറ്റുകൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിന്റെ വ്യത്യസ്തമായ ഗെറ്റപ്പാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. മോഹൻലാലിന്റെ ചിത്രത്തിലെ ലുക്കിലേക്ക് എത്തിയതിനെക്കുറിച്ച് വിവരിക്കുകയാണ് ചിത്രത്തിന്റെ മേക്കപ്പ് ആർടിസ്റ്റ് റോണക്സ് സേവ്യർ.

‘വാലിബന്റെ പ്രത്യേകത ആ സിനിമയിൽ ഒരു കാലഘട്ടം പറയുന്നില്ല എന്നതാണ്. സമയമോ സ്ഥലമോ ഭാഷയോ ഒന്നും പറയുന്നില്ല. ഏതോ ഒരു സ്ഥലത്ത് ഏതോ കാലം നടന്ന കഥയാണ് വാലിബനിൽ പറയുന്നത്. അതുകൊണ്ട് തന്നെ നല്ല സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇപ്പോഴത്തെ കാലഘട്ടവുമായി ബന്ധമില്ലാത്ത ഏത് ലുക്ക്‌ വേണമെങ്കിലും നമുക്ക് ചെയ്യാം.

ഒരു ലുക്ക്‌ ചെയ്യുമ്പോൾ അതിന്റെ ഏറ്റവും എക്സ്ട്രീം പിടിച്ചോളാനുള്ള ഫ്രീഡം ലിജോ ചേട്ടൻ തന്നിരുന്നു. എത്രത്തോളം ആ ലുക്കിലേക്ക് ആളെ കൊണ്ടുവരാൻ പറ്റുമോ അത്രയും ചെയ്യാനാണ് എന്നോട് പറഞ്ഞത്. ഒരുപാട് റഫറൻസുകളെല്ലാം ഞാൻ കാണിച്ചു കൊടുക്കും. ഓക്കെ ആണെങ്കിൽ അതുമായിട്ട് മുന്നോട്ട് പോവും. എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അതും ലിജോ ചേട്ടൻ പറയും.

കാലഘട്ടം പറയാത്തത് കൊണ്ട് തന്നെ എന്ത് വേണമെങ്കിലും പരീക്ഷിച്ച് നോക്കാമായിരുന്നു. ലിജോ ചേട്ടൻ പ്രത്യേകം പറഞ്ഞത് ലാൽ സാറിന്റെ സ്കെച്ചിന്റെ കാര്യം മാത്രമായിരുന്നു. ലാൽ സാറിന്റെ ലുക്കിന്റെ കാര്യത്തിൽ അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ലാൽ സാറിന്റെ സ്കെച്ചിന്റെ ഒരു ചെറിയ കാർട്ടൂൺ വരച്ചിരുന്നു.

അതിൽ പിന്നെ താടിയും മീശയുമെല്ലാം ലാൽ സാറിന്റെ ലുക്കിലേക്ക്‌ സെറ്റ് ചെയ്യുകയായിരുന്നു. പിന്നീട് ലുക്ക്‌ ടെസ്റ്റും കോസ്റ്റ്യൂം ട്രയലുമെല്ലാം നടത്തിയാണ് ലാലേട്ടന്റെ ആ ലുക്കിലേക്ക് എത്തുന്നത്,’റോണക്സ് സേവ്യർ പറയുന്നു.

മലൈക്കോട്ടൈ വാലിബൻ അടുത്ത വർഷം ആദ്യം പ്രേക്ഷകർക്ക്‌ മുന്നിൽ എത്തുമെന്നാണ് കരുതുന്നത്. ബിഗ് ബജറ്റ് ആയി ഒരുങ്ങുന്ന ചിത്രം വിവിധ ഭാഷകളിലായി പ്രേക്ഷകർക്ക് മുന്നിലെത്തും.

Content Highlight: Makeup Artist Ronex Xaviour Talk About Malaikotai Valiban

We use cookies to give you the best possible experience. Learn more