റോജിൻ തോമസ് ഒരുക്കിയ ഹോം എന്ന ചിത്രത്തിലെ പ്രകടനം നടൻ ഇന്ദ്രൻസിന് വലിയ സ്വീകാര്യത നേടികൊടുത്തിരുന്നു. സിനിമയിലെ അഭിനയത്തിലൂടെ ദേശീയ അവാർഡിൽ മികച്ച നടനുള്ള പ്രേത്യേക ജൂറി പരാമർശം ഇന്ദ്രൻസ് നേടിയിരുന്നു.
സിനിമയിലെ ഇന്ദ്രൻസിന്റെ ഗെറ്റപ്പും വലിയ ശ്രദ്ധ നേടിയിരുന്നു. ഇതുവരെ കാണാത്ത തരത്തിലായിരുന്നു ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രമായി താരം പ്രത്യക്ഷപ്പെട്ടത്.
ഇന്ദ്രൻസിനെ വ്യത്യസ്തമായ ലുക്കിലേക്ക് മാറ്റിയത് മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് സേവ്യർ ആയിരുന്നു. കഥാപാത്രത്തിന് ആ ഗെറ്റപ്പ് പരീക്ഷിക്കുകയെന്നത് തന്റെ ഐഡിയ ആയിരുന്നെന്നും ലുക്കിലേക്ക് എത്താൻ ഇന്ദ്രൻസ് ചേട്ടൻ മുടി വടിച്ചിരുന്നെന്നും പറയുകയാണ് റോണക്സ്. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു റോണക്സ് സേവ്യർ.
‘ഹോം സിനിമയിൽ ഇന്ദ്രൻസ് ചേട്ടന് ചെയ്തു കൊടുത്ത ഗെറ്റപ്പ് കണ്ട് എന്നെ ഒരുപാട് പേര് വിളിച്ചിരുന്നു. സംവിധായകൻ റോജിൻ ഇപ്പോഴും അത് പറയും. റോജിൻ ഇന്ദ്രൻസ് ചേട്ടന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ഓർമ വന്നത് എന്റെ അപ്പച്ചനെയായിരുന്നു. എനിക്കത് പെട്ടെന്ന് കണക്റ്റ് ചെയ്യാൻ പറ്റി.
എന്റെ അപ്പച്ചന്റെ ക്യാരക്ടറും ഏകദേശം അങ്ങനെയാണ്. അപ്പച്ചന് അങ്ങനെ ഫോൺ ഉപയോഗിക്കാൻ ഒന്നും അറിയില്ല. ലുക്കും അങ്ങനെയൊക്കെ തന്നെയാണ്. അതുകൊണ്ട് തന്നെ ഞാൻ ആ ലുക്ക് വെച്ചിട്ടാണ് ഇന്ദ്രൻസ് ചേട്ടനെയും പ്ലാൻ ചെയ്തത്.
റോജിനോട് ഞാൻ അത് പറഞ്ഞപ്പോൾ അവർ കഥാപാത്രത്തിന് കഷണ്ടിയൊന്നും വിചാരിച്ചിട്ടില്ലായെന്ന് പറഞ്ഞു. അവർ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലായിരുന്നു. കഷണ്ടിക്ക് വേണ്ടി മുടി വടിച്ചിട്ട് പിന്നെ അത് വർക്ക് ആയില്ലെങ്കിൽ ശരിയാവില്ലല്ലോ എന്നായിരുന്നു അവരുടെ ചോദ്യം. പക്ഷെ അങ്ങനെ ചെയ്താൽ അത് നന്നാവും എന്ന് ഞാൻ പറഞ്ഞു. എനിക്കത് നിർബന്ധമായിരുന്നു. റോജിന് എന്നിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു. അവസാനം റോജിൻ പറഞ്ഞു നിന്റെ മനസിലുള്ള ഐഡിയ പോലെ ചെയ്തോയെന്ന്.
അങ്ങനെ ഞാൻ ഇന്ദ്രൻസേട്ടനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ ചേട്ടന് അത് ഓക്കേ ആയിരുന്നു. കുഴപ്പമില്ല ഞാൻ വടിക്കാൻ തയ്യാറാണെന്ന് ഇന്ദ്രൻസ് ചേട്ടൻ പറഞ്ഞു. ചേട്ടൻ സിനിമയ്ക്ക് വേണ്ടി മുടി വടിച്ചു. ഞങ്ങൾ പിന്നെ അതിൽ വിഗ്ഗ് എല്ലാം സെറ്റ് ചെയ്തു.
ഇന്ദ്രൻസ് ചേട്ടന്റെ ലുക്ക് കണ്ടപ്പോൾ റോജിൻ എന്നോട് ചോദിച്ചത്, നീ എന്റെ അപ്പച്ചനെ കണ്ടിട്ടുണ്ടോയെന്നാണ്. ഞാൻ കണ്ടില്ല എന്ന് പറഞ്ഞപ്പോൾ റോജിൻ അവന്റെ അപ്പച്ചനെ കാണിച്ചു തന്നു. ഞാൻ നോക്കുമ്പോൾ സെയിം ഇന്ദ്രൻസ് ചേട്ടനെ പോലെ തന്നെയൊരാൾ. റോജിൻ ചോദിച്ചു നീ എന്റെ അപ്പച്ചനെയാണോ റഫറൻസാക്കിയതെന്ന്.
ഞാൻ പറഞ്ഞു അല്ല എന്റെ അപ്പച്ചനെയാണെന്ന്. വർക്കിനെ നമ്മൾ ഇഷ്ടപ്പെട്ടാൽ നമുക്ക് അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും. ഇതെല്ലാം ഒരുപാട് ഇഷ്ടത്തോടെ ചെയ്യുന്ന ആളാണ് ഞാൻ. പിന്നീട് ആ സിനിമയിലെ ഇന്ദ്രൻസ് ചേട്ടന്റെ ഗെറ്റപ്പ് കണ്ട് ഒരുപാട്പേര് വിളിച്ചു,’റോണക്സ് സേവ്യർ പറയുന്നു.
Content Highlight: Makeup Artist Ronex Xavier Talk About Look Of Indrance In Home Film