മേക്കപ്പ് ഫീല്‍ഡില്‍ ഒരുപാട് നാളത്തെ അനുഭവസമ്പത്തുള്ള മേക്കപ്പ് തെറാപ്പിസ്റ്റാണ് അനില ജോസഫ്. താന്‍ ആദ്യമായി മേക്കപ്പ് ചെയ്ത സിനിമാ താരം പാര്‍വതിയാണെന്ന് പറയുകയാണ് അനില.
പാര്‍വതിയുടെ മുഖത്ത് മേക്കപ്പ് ഇട്ടപ്പോള്‍ നല്ല മാറ്റമുണ്ടായെന്നും പിന്നീട് പാര്‍വതിയുടെയും ജയറാമിന്റെയും വിവാഹത്തിന് മേക്കപ്പ് ഇടാന്‍ തന്നെ വിളിച്ചുവെന്നും അനില പറഞ്ഞു.
ഗുരുവായൂര്‍ വെച്ചുള്ള വിവാഹം കാണാന്‍ നിറയെ ആളുകളായിരുന്നുവെന്നും മരത്തിന്റെ മുകളില്‍ വരെ കല്യാണം കാണാന്‍ കയറി നിന്നവരുണ്ടെന്നും അനില ജോസഫ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ആദ്യമായിട്ട് ഞാന്‍ മേക്കപ്പ് ചെയ്തത് പാര്‍വതിക്കാണ്. പാര്‍വതിയുടെ മുഖത്ത് ചെയ്ത് കഴിഞ്ഞപ്പോള്‍ നല്ലൊരു ചേഞ്ച് ഉണ്ടായിരുന്നു. ഇന്നത്തെ കാലത്തെ പോലെ അല്ല പണ്ട്. ഇന്ന് ഇഷ്ടം പോലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്. കൂടാതെ ഡോക്ടറുടെ അടുത്ത് പോയിട്ടാണ് പലരും സ്‌കിന്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്യുന്നത്. പണ്ട് എല്ലാം നാച്ചുറലായിരുന്നു.
പിന്നെ ഞാനും പാര്‍വതിയും വളരെ ക്ലോസായി. അവളുടെ വിവാഹം ഗുരുവായൂര്‍ വെച്ചായിരുന്നു. എന്റെ ആദ്യത്തെ സെലിബ്രിറ്റി മേക്കപ്പിന് അന്ന് തുടക്കമായി. അവരുടെ കല്യാണം കാണാനായിട്ട് മരത്തിന്റെ മുകളില്‍ വരെ ആളുകള്‍ കയറിയിരുന്നു.
നയന്‍താരയേയും ഞാന്‍ മേക്കപ്പ് ചെയ്തിട്ടുണ്ട്. അന്ന് സൂര്യ ടി.വിയിലെ അവതാരകയായിരുന്നു. പക്ഷെ ഞാനും നയന്‍താരയും കൂടുതല്‍ അടുത്തു. കാരണം അവര്‍ ക്രിസ്ത്യനാണ്. കൂടാതെ തിരുവല്ലക്കാരിയാണ്. പിന്നെ നയന്‍താര സിനിമയില്‍ വലിയ തിരക്കുള്ള നടിയായി. നല്ല ഭംഗിയുള്ള വെണ്ണ പോലെയുള്ള മോളായിരുന്നു,” അനില ജോസഫ് പറഞ്ഞു.
content highlight: makeup artist anila joseph about paravathi