|

എന്‍.എഫ്.ടി ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാവാനൊരുങ്ങി കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ദുല്‍ഖര്‍ ചിത്രമാണ് ‘കുറുപ്പ്’. സുകുമാരക്കുറുപ്പിന്റെ ജീവിതം വരച്ചു കാട്ടുന്ന ‘കുറുപ്പ്’ പ്രഖ്യാപിച്ചതു മുതല്‍ സിനിമാലോകത്തെ സജീവ ചര്‍ച്ചയാണ്. എന്നാലിപ്പോള്‍ സിനിമയുടെ പ്രൊമോഷനായി പുതിയ വഴിയുമായെത്തിയിരിക്കുകയാണ് ചിത്രത്തിന്റ അണിയറ പ്രവര്‍ത്തകര്‍.

എന്‍.എഫ്.ടി (നോണ്‍ ഫംഗിബിള്‍ ടോക്കണ്‍സ്) ഉപയോഗിച്ചാണ് സിനിമയുടെ പ്രൊമോഷന്‍ ഒരുക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് എന്‍.എഫ്.ടി ഉപയോഗിച്ച് സിനിമയുടെ പ്രൊമോഷന്‍ ഒരുക്കുന്നത്.

ബ്ലോക്ക് ചെയിന്‍ എന്നറിയപ്പെടുന്ന ഒരു ഡിജിറ്റല്‍ ലെഡ്ജറില്‍ സൂക്ഷിക്കുന്ന ഡാറ്റയാണ് എന്‍.എഫ്.ടി. ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഒരു ഡിജിറ്റല്‍ മൂല്യമുള്ള കലാവസ്തു ഉടമസ്ഥന്റെ മാത്രമായിരിക്കും. അതിനാല്‍ തന്നെ കൈമാറ്റം ചെയ്യാന്‍ പാടില്ലാത്തതുമാണ്.

ഫോട്ടോ, വീഡിയോ, ഓഡിയോ തുടങ്ങി വിവിധ തരം ഡിജിറ്റല്‍ ഫയലുകളെ എന്‍.എഫ്. ടോക്കണുകള്‍ ആക്കിമാറ്റാന്‍ സാധിക്കും.

ഈ രീതിയില്‍ ബ്ലോക്ക് ചെയിനില്‍ സൂക്ഷിക്കുന്ന കലാസൃഷ്ടി എന്‍.എഫ്.ടോക്കണുകള്‍ വഴി ഉടമസ്ഥാവകാശം സുരക്ഷിതമായിരിക്കുകയും മറ്റാര്‍ക്കും തന്നെ കലാസൃഷ്ടിയില്‍ ഉടമസ്ഥാവകാശം ഉണ്ടായിരിക്കുകയുമില്ല.

ക്രിപ്‌റ്റോകറന്‍സി മൂല്യമുള്ള എന്‍.ഫ്.ടി ബിറ്റ്‌കോയിന്‍ പോലെ പകരം വെയ്ക്കാനോ ട്രേഡ് ചെയ്യാനോ സാധിക്കില്ല.

ചിത്രത്തിന്റെ തിയേറ്ററിക്കല്‍ റിലീസിനൊപ്പം തന്നെ എന്‍.ഫ്.ടി ഫോര്‍മാറ്റിലും ചിത്രം പുറത്തു വരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

എം.പി.4 ഫോര്‍മാറ്റിലുള്ള പാട്ടുകളും, ദുല്‍ഖറും സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനും ഒപ്പിട്ട ഡിജിറ്റല്‍ ആര്‍ട് വര്‍ക്കുകളും പോസ്റ്ററുകളും, ഈ പോസ്റ്ററുകളുടെ ജിഫ് (gif) ഫോര്‍മാറ്റ് വേര്‍ഷനുകളും എന്‍.എഫ്.ടിയില്‍ ഒരുങ്ങുന്നുണ്ട്.

കേരളമൊന്നാകെ ചര്‍ച്ച ചെയ്ത കുപ്രസിദ്ധനായ സുകുമാരക്കുറുപ്പായാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. ഇന്ദ്രജിത്ത്, ശോഭിത, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും നിര്‍മിക്കുന്ന ചിത്രം നവംബറില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ എന്‍.എഫ്.ടി ഫോര്‍മാറ്റും പുറത്തിറങ്ങുമെന്നും അവര്‍ അറിയിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടി റീമ കല്ലിങ്കല്‍ എന്‍.എഫ്.ടി ഫോര്‍മാറ്റില്‍ ‘ദി ഇന്‍സര്‍ജന്റ് ബ്ലൂം’ എന്ന പുതിയ പ്രൊജക്ടുമായി എത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Makers of Dulquer Salman’s Kurup to release a series of NFTs as part of promotion in October end

Latest Stories