| Friday, 24th February 2023, 5:31 pm

'മഞ്ജു വലിയ ആര്‍ട്ടിസ്റ്റൊന്നും ആയിട്ടില്ല, നാളെ ചിലപ്പോള്‍ ആകുമായിരിക്കും'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രശസ്ത മേക്കപ്പ് തെറാപ്പിസ്റ്റ് അനില ജോസഫ് നടി മഞ്ജു വാര്യര്‍ക്കൊപ്പമുള്ള തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ്. മഞ്ജു വാര്യര്‍ വലിയ താരമായി മാറുന്നതിന് മുമ്പ് താന്‍ അവരെ മേക്കപ്പ് ചെയ്തിട്ടുണ്ടെന്നും മഞ്ജുവിന്റെ കല്യാണത്തിന് താന്‍ തന്നെ മേക്കപ്പ് ചെയ്യുമെന്ന് പറഞ്ഞിരുന്നു എന്നും അനില പറഞ്ഞു.

മേക്കപ്പ് ചെയ്യാനും ഷോപ്പിങ്ങിന് പോകാനുമൊന്നും താല്‍പര്യമില്ലാത്ത വ്യക്തിയാണ് മഞ്ജുവെന്നും മേക്കപ്പ് ചെയ്ത് കഴിഞ്ഞാലും പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാറില്ലെന്നും അനില പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു നടിയായിരുന്നു മഞ്ജു. ആ സമയത്തൊക്കെ വളരെ ചുരുക്കം സിനിമ മാത്രമേ മഞ്ജു ചെയ്തിട്ടുണ്ടായിരുന്നുള്ളു. കിരീടം ഉണ്ണിയുടെ ഭാര്യയാണ് എന്നെ വിളിച്ചിട്ട് മഞ്ജുവിനെ ഒരുക്കുന്ന കാര്യം ആദ്യം പറയുന്നത്. ഒരു മാഗസിന് വേണ്ടിയായിരുന്നു അത്. പുള്ളിക്കാരി വലിയ ആര്‍ട്ടിസ്റ്റൊന്നുമായിട്ടില്ല നാളെ ചിലപ്പോള്‍ അങ്ങനെ ആകുമായിരിക്കും പറ്റുമെങ്കില്‍ വന്ന് ഒരുക്കാന്‍ അവര്‍ എന്നോട് പറഞ്ഞു.

മഞ്ജുവിനെ ഒരുക്കിയപ്പോള്‍ എനിക്ക് തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു. മഞ്ജുവിന് അങ്ങനെ വലിയ താല്‍പര്യമൊന്നും മേക്കപ്പിനോടില്ല, ഷോപ്പിങ്ങിനോടുമില്ല. നമ്മള്‍ എന്താണോ ചെയ്ത് കൊടുക്കുന്നത് അത് മതിയായിരുന്നു പുള്ളിക്കാരിക്ക്. മഞ്ജു വളരെ സിന്‍സിയറായിട്ടുള്ള വ്യക്തിയാണ്.

കല്യാണത്തിന് മഞ്ജുവിനെ ഒരുക്കുന്നത് ഞാനായിരിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ കല്യാണം ആരെയും അറിയിച്ചില്ലല്ലോ. എന്നാല്‍ റിസപ്ക്ഷന് മഞ്ജുവിനെ ഒരുക്കിയത് ഞാന്‍ തന്നെയായിരുന്നു. എന്നെ പെട്ടെന്നൊരു ദിവസം വിളിച്ച് പറയുകയായിരുന്നു റിസപ്ക്ഷന്റെ കാര്യം.

മഞ്ജുവിനെ ഒരുക്കുന്നതില്‍ എനിക്ക് വലിയ സന്തോഷമായിരുന്നു. പക്ഷെ മഞ്ജു സിനിമയില്‍ നിന്നും പോവുകയാണെന്ന് ഓര്‍ത്തപ്പോള്‍ സങ്കടം തോന്നി. എന്തിനാണ് ആ സങ്കടമെന്ന് ഇന്നും എനിക്കറില്ല. എനിക്ക് ഇതുവരെ ആരുടെയും കല്യാണത്തിന് ഇങ്ങനെ സങ്കടം ഒന്നും തോന്നിയിട്ടില്ല,’ അനില ജോസഫ്.

content highlight: make up therapist anila joseph about manju warrier

We use cookies to give you the best possible experience. Learn more