Advertisement
Entertainment
ആദ്യം പോയി ശ്രീലതയ്ക്ക് മേക്കപ്പിടൂ, എന്നിട്ടാകാം തനിക്കെന്ന് നസീര്‍ പറഞ്ഞു; പ്രേം നസീറിനോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പി.വി ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 01, 03:35 am
Tuesday, 1st June 2021, 9:05 am

കൊച്ചി: തന്റെ അമ്പത് വര്‍ഷക്കാലത്തെ ചമയ ജീവിതത്തിനിടയില്‍ പ്രേം നസീറിനെപ്പോലെയും ജയഭാരതിയെപ്പോലെയും മേക്കപ്പില്‍ ഇത്രയേറെ ശ്രദ്ധിക്കുന്ന കലാകാരന്മാര്‍ വേറെയുണ്ടായിട്ടില്ലെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പി.വി ശങ്കര്‍. കാന്‍ചാനല്‍ മീഡിയയിലാണ് അദ്ദേഹം തന്റെ അനുഭവം വെളിപ്പെടുത്തിയത്.

രാജകീയ മുഖമെന്നൊക്കെ കേട്ടിട്ടേയുള്ളു. അതാദ്യമായി കാണുന്നത് നസീര്‍ സാറിലാണെന്നും പി.വി ശങ്കര്‍ പറയുന്നു. കണ്ണും മൂക്കും ചുണ്ടും പുരികവുമെല്ലാം രാജകീയപ്രൗഢി നിറഞ്ഞതായിരുന്നുവെന്നും കാലം കാത്തുനിന്നില്ല എന്ന ചിത്രത്തിലാണ് താന്‍ അദ്ദേഹത്തെ ആദ്യമായി മേക്കപ്പ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മേക്കപ്പ് ചെയ്യാനായി സാറിന്റെ അടുക്കെലെത്തുമ്പോള്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു, ഇതെന്റെ ഇന്റിപെന്റന്‍ഡ് ചിത്രമാണെന്ന്. ഉടനെ അദ്ദേഹം നിര്‍മ്മാതാവ് ടി.കെ.ബിയെ വിളിപ്പിച്ചു. ശങ്കര്‍ ആദ്യമായി ചെയ്യുന്ന പടമല്ലേ? ഒരു കാര്യം ചെയ്യാം, നായികയായി ഇവിടെ ആരാണുള്ളത്? ശ്രീലത ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ആദ്യം അവരെ മേക്കപ്പ് ഇടാന്‍ പറഞ്ഞു. തുടക്കം ഒരു അഭിനേത്രിയില്‍ നിന്നുമാകട്ടേയെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവാം. ശ്രീലതയുടെ മേക്കപ്പ് കഴിഞ്ഞപ്പോള്‍ ഇനി എനിക്കിട്ടോളൂ എന്ന് പറഞ്ഞ് നസീര്‍ സാര്‍ കണ്ണാടിക്കുമുന്നില്‍ വന്നിരുന്നു,’ ശങ്കര്‍ പറയുന്നു.

മേക്കപ്പ് ഇടുന്ന സമയത്ത് അദ്ദേഹം അഭിപ്രായമൊന്നും പറയാറില്ലെന്നും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കണ്ണാടിയില്‍ നോക്കി സൂക്ഷ്മമായി നിരീക്ഷിക്കുമായിരുന്നുവെന്നും ശങ്കര്‍ പറഞ്ഞു.

കണ്ണാടിയില്‍ നോക്കി തൃപ്തനായാല്‍ ഓക്കെ പറയും. ഓക്കെ പറഞ്ഞില്ലെങ്കില്‍ എന്തോ തൃപ്തികേട് ഉണ്ടായിട്ടുണ്ടെന്നുവേണം കരുതാന്‍. അങ്ങനെയൊരനുഭവം അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്ത 110 ചിത്രങ്ങളില്‍നിന്നും ഉണ്ടായിട്ടില്ലെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 50 വര്‍ഷമായി മേക്ക്പ്പ് രംഗത്ത് സജീവമായ ആളാണ് പി.വി ശങ്കര്‍. ഇതിനോടകം 530 ലേറെ സിനിമകളില്‍ അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്.

മുതിര്‍ന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ കെ.വി. ഭാസ്‌കരന്റെയും കെ.വി. കുമാറിന്റെയും അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. ശങ്കര്‍ ആദ്യമായി അസിസ്റ്റ് ചെയ്ത ചിത്രം 1971 പുറത്തിറങ്ങിയ ‘അനുഭവങ്ങള്‍ പാളിച്ച’കളായിരുന്നു. സ്വതന്ത്ര മേക്കപ്പ് മാനായി മാറിയത് ‘കാലം കാത്തുനിന്നില്ല’ എന്ന എ.ബി. രാജ ചിത്രത്തിലൂടെയും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Make Up Artist Pv Shankar Shares Experience With Prem Nazir