| Monday, 27th March 2023, 3:56 pm

റൊണാൾഡോയുടെ കൂടെ നിന്ന് എല്ലാം പഠിച്ചെടുക്കാൻ നോക്ക്; അൽ നസർ താരത്തിന് രസകരമായ ഉപദേശം

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗിലേക്ക് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോയെത്തിയതോടെ അൽ നസറിന്റെ ഓഹരി മൂല്യവും ബ്രാൻഡ് മൂല്യവും വൻ തോതിൽ കുതിച്ചുയർന്നിരുന്നു. കൂടാതെ ലോക റെക്കോർഡ്‌ തുകയായ പ്രതിവർഷം 225 മില്യൺ യൂറോ നൽകിയാണ് അൽ നസർ റൊണാൾഡോയെ തങ്ങളുടെ ക്യാമ്പിലേക്കെത്തിച്ചിരുന്നത്.

ശേഷം സൗദി മണ്ണിൽ മത്സരിക്കാനിറങ്ങിയ ആദ്യ കളിയിൽ തന്നെ മെസിയുടെ പി.എസ്. ജിക്കെതിരെ രണ്ട് ഗോളുകൾ സ്കോർ ചെയ്ത് റൊണാൾഡോ വരവറിയിച്ചിരുന്നു.

ഇപ്പോൾ റൊണാൾഡോയുടെ കൂടെ കളിക്കാൻ അവസരം ലഭിച്ചു എന്നറിഞ്ഞപ്പോൾ തനിക്ക് ലഭിച്ച ഉപദേശങ്ങളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അൽ നസർ മുന്നേറ്റ നിര താരമായ അബ്ദുൽ റഹ്‌മാൻ ഗരീബ്.

മുൻ അൽ ഹിലാൽ മധ്യനിര താരമായിരുന്ന തരീഖ് എൽ തയ്യിബ് നൽകിയ ഉപദേശങ്ങളെക്കുറിച്ചാണ് അബ്ദുൽ റഹ്‌മാൻ ഗരീബ് തുറന്ന് പറഞ്ഞിരിക്കുന്നത്.

റൊണാൾഡോക്കൊപ്പം അൽ നസറിൽ കളിക്കുന്ന താരം റൊണോയുമായി ചേർന്ന് രണ്ട് ഗോളുകൾ അൽ നസറിനായി സ്കോർ ചെയ്തിട്ടുണ്ട്.
“നിനക്ക് വലിയ രീതിയിലുള്ള പൊട്ടൻഷ്യലുണ്ട്. കഴിവതും റൊണാൾഡോക്ക് ഒപ്പം നിന്ന് തന്നെ കളിക്കാനായി ശ്രമിക്കുക. സൗദി ദേശീയ ടീമിലേക്ക് ഇടം പിടിക്കാനായി തിരക്ക്കൂട്ടേണ്ട കാര്യമില്ല.

റൊണാൾഡോയെപ്പോലെയുള്ള മികച്ച പ്ലെയറിൽ നിന്നും കഴിവതും കാര്യങ്ങൾ പടിച്ചെടുക്കുക,’ എൽ തയ്യിബ്, അബ്ദുൽ റഹ്‌മാൻ ഗരീബിനോട് പറഞ്ഞതായി ഗോൾ അറബിക് റിപ്പോർട്ട് ചെയ്തു.

സൗദി ദേശീയ ടീമിനായി 14 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗരീബിന് എന്നാൽ ഖത്തർ ലോകകപ്പിനുള്ള സൗദി ടീമിലേക്ക് ഇടം പിടിക്കാൻ സാധിച്ചിരുന്നില്ല.

ദേശീയ ടീമിൽ അവസരം കിട്ടിയില്ലെങ്കിലും അൽ നസറിന്റെ ആരാധകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് അബ്ദുൽ റഹ്‌മാൻ ഗരീബ്.

അതേസമയം യൂറോ ക്വാളിഫയർ മത്സരത്തിൽ ഇരട്ട ഗോൾ സ്വന്തമാക്കിയതോടെ അവസാനം കളിച്ച 13 മത്സരങ്ങളിൽ നിന്നും തന്റെ ഗോൾ നേട്ടം 12 ആക്കി മാറ്റാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു.

ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുന്ന സമയത്തെ ഗോൾ വരൾച്ചയുടെ പേരിൽ തന്നെ പരിഹസിച്ചവരുടെ വായടപ്പിക്കാൻ റൊണാൾഡോക്ക് സാധിച്ചു.

നിലവിൽ യൂറോ ക്വാളിഫയർ മത്സരങ്ങളിൽ ഗ്രൂപ്പ്‌ ജെയിൽ രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ് പോർച്ചുഗൽ.

ജൂൺ 18ന് ബോസ്നിയക്കെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.

Content Highlights: Make the most of playing next to Cristiano Ronaldo Tarik El Taib give advise in Abdulrahman Ghareeb

We use cookies to give you the best possible experience. Learn more