| Thursday, 13th June 2019, 9:13 am

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക വരണം; ആവശ്യമുന്നയിച്ച് യുപിയിലെ നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: യുപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കയെ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ റായ്ബറേലിയില്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി അവലേകന യോഗത്തിലാണ് നേതാക്കള്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനവും പരാജയകാരണവും സംഘാടനത്തിലെ അപാകതകള്‍ കാരണമാണെന്ന് നേതാക്കള്‍ ആരോപിച്ചു. ഭാവിയില്‍ തെരഞ്ഞെടുപ്പുകളെ പാര്‍ട്ടി ഒറ്റയ്ക്ക് നേരിടണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു.

യോഗത്തില്‍, അടുത്ത ഉപതെരഞ്ഞെടുപ്പുകളുലേക്കും നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ പ്രിയങ്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതിരോധം തീര്‍ത്തുകൊണ്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധി എത്തണമെന്നും ആവശ്യപ്പെട്ടു. വരും തെരഞ്ഞെടുപ്പില്‍ സഖ്യ സഹായങ്ങളില്ലാതെ പാര്‍ട്ടി ഒറ്റയ്ക്ക മത്സരിക്കണമെന്ന ആവശ്യവും നേതാക്കള്‍ മുന്നോട്ടുവച്ചു’, കോണ്‍ഗ്രസ് നേതാവും മുന്‍ വരാണസി എം.പിയുമായ രാജേഷ് മിശ്ര പറഞ്ഞു.

മണ്ഡലങ്ങളിലെ ഏകോപനമില്ലായ്മയാണ് പരാജയത്തിലേക്ക് നയിച്ചത്. യുപിയില്‍ ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കഠിനവും ശക്തവുമായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. പ്രിയങ്ക ഗാന്ധി വീടുകള്‍ കയറിയുള്ള പ്രചരണം തുടങ്ങിയാല്‍ തീര്‍ച്ചയായും കോണ്‍ഗ്രസിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍നിന്ന് നയിക്കാന്‍ പ്രിയങ്ക വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടത് സത്യമാണ്. ബി.ജെ.പി തെരഞ്ഞെടുപ്പ് ധ്രുവീകരണം നടത്തിയതുകൊണ്ടാണ് കോണ്‍ഗ്രസിന് പരാജയം രുചിക്കേണ്ടിവന്നത്’ ഫത്തേപുരില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് രാകേഷ് സച്ചിന്‍ അഭിപ്രായപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന്റെ ഉത്തരവാദിത്വമേറ്റെടുത്താണ് പ്രിയങ്ക എത്തിയതെങ്കിലും 2022 ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസായിരിക്കണമെന്ന അജണ്ടയോടെയാണ് രാഹുല്‍ പ്രിയങ്കയെ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ലോക്‌സഭാ പ്രചാരണ സമയത്തുതന്നെ പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന ആവശ്യമുയര്‍ന്നിരുന്നു.

രാഹുലിന്റെ അമേത്തിയിലെ തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ടും നേതാക്കള്‍ പ്രിയങ്കയ്ക്ക് കൈമാറി. സ്മൃതി ഇറാനിയോട് 55,000 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പരാജയപ്പെട്ടത്.

12 നിയമസഭാമണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. മണ്ഡലം തിരിച്ചുള്ള പ്രവര്‍ത്തന ചുമതലയുടെ പട്ടിക നേതൃത്വം ഉടന്‍തന്നെ പുറത്തിറക്കും. മിക്ക നേതാക്കള്‍ക്കും തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഒറ്റയ്ക്ക് നേരിടണമെന്ന അഭിപ്രായമാണുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങും അഭിപ്രായപ്പെട്ടു. 2022ലെ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി അതിന്റെ എല്ലാ ശക്തിയുമുപയോഗിച്ച് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more