| Saturday, 19th December 2020, 8:36 am

'ഇനിയുമൊരു പരീക്ഷണത്തിന് സമയമില്ല'; കെ.സുധാകരനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആസ്ഥാനത്ത് കൂറ്റന്‍ ഫ്‌ളക്സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന് പിന്നാലെ നേതൃത്വത്തിനെതിരെയുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ഫ്‌ളക്‌സുകള്‍.

കെ.പി.സി.സി ആസ്ഥാനത്ത് കെ.സുധാകരനെ കോണ്‍ഗ്രസിന്റെ അധ്യക്ഷനാക്കണമെന്ന് ആശ്യപ്പെട്ടാണ് ഫ്‌ളക്‌സുകള്‍ ഉയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു എന്നീ സംഘടനകളുടെ പേരിലാണ് കൂറ്റന്‍ ഫ്‌ളക്‌സ് ഉയര്‍ന്നിരിക്കുന്നത്.

”ഇനിയുമൊരു പരീക്ഷണത്തിന് സമയമില്ല, കെ.സുധാകരനെ വിളിക്കൂ,കോണ്‍ഗ്രസിനെ രക്ഷിക്കൂ,” എന്നെഴുതിയ ഫ്‌ളക്‌സാണ് കെ.പി.സി.സി ആസ്ഥാനത്ത് ഉയര്‍ന്നിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിന് ഊര്‍ജം പകരാന്‍ ഊര്‍ജ്ജസ്വലതയുള്ള നേതാവ് കെ.സുധാകരനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കണമെന്ന് ഫ്‌ളക്‌സില്‍ എഴുതിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും ചിഹ്നവും ഫ്‌ളക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച യു.ഡി.എഫ് നേതൃ യോഗം ചേരാനിരിക്കുന്നതിനിടെയാണ് കെ.സുധാകരനെ പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫ്‌ളക്‌സ് ഉയര്‍ന്നത് എന്നത് നിര്‍ണായകമാണ്.

കഴിഞ്ഞ ദിവസം താനായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പ് ഫലം ഇതാകില്ലായിരുന്നുവെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞിരുന്നു.
എല്‍.ഡി.എഫ് ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. യു.ഡി.എഫിന് സംഘടനാ ദൗര്‍ബല്യമുണ്ട്.

കേരളത്തില്‍ അനുകൂല സാഹചര്യമുണ്ടായിട്ടും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ലെന്നുമായിരുന്നു സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സംസ്ഥാനത്തിന്റെ ഭരണത്തിലുണ്ടായ പോരായ്മകളെ ജനസമക്ഷം എത്തിക്കുന്നതില്‍ പരിമിതിയുണ്ടായി. ജംബോ കമ്മിറ്റികളും ഗുണം ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം കണ്ണൂരില്‍ യു.ഡി.എഫിന് കോര്‍പറേഷനും നഷ്ടപ്പെട്ട ചില പഞ്ചായത്തുകളും തിരിച്ച് പിടിക്കാനായി. സി.പി.ഐ.എം വര്‍ഗീയ പാര്‍ട്ടികളുമായി സന്ധിചേര്‍ന്നാണ് പ്രവര്‍ത്തിച്ചതെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.

മുഴുപ്പിലങ്ങാട് എസ്.ഡി.പി.ഐയുമായി തുറന്ന സഖ്യത്തിലാണ് മത്സരിച്ചതെന്നും സുധാകരന്‍ പറഞ്ഞു. വര്‍ഗീയ കക്ഷികളുമായി ചേര്‍ന്നാണ് എല്‍.ഡി.എഫ് വോട്ട് വര്‍ദ്ധിപ്പിച്ചതെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ മുന്നേറ്റമാണ് ഇടതുപക്ഷം നടത്തിയിരിക്കുന്നത്. അതേസമയം കണ്ണൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Make K Sudhakaran KPCC president- Disputes in Congress

We use cookies to give you the best possible experience. Learn more