| Friday, 15th January 2016, 7:51 am

'മേയ്ക്ക് ഇന്‍ ഇന്ത്യ' ലോഗോ രൂപ കല്‍പ്പന ചെയ്തത് വിദേശത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട “മേയ്ക്ക് ഇന്‍ ഇന്ത്യ” പദ്ധതിയുടെ ലോഗോ രൂപകല്‍പന ചെയ്തത് വിദേശത്തെന്ന് വിവരാവകാശ രേഖ. അമേരിക്കയിലെ ഓറിഗണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരസ്യ ഏജന്‍സി വെയ്ഡന്‍ പ്ലസ് കെന്നഡിയാണ് ഈ ലോഗോ നിര്‍മ്മിച്ചിരിക്കുന്നത്. മധ്യപ്രദേശ് സ്വദേശിയായ ശേഖര്‍ഖൗറിനാണ് വിവരാവകാശ നിയമപ്രകാരം വാണിജ്യ വ്യവസായ മന്ത്രാലയത്തിന് സമര്‍പ്പിച്ച ചോദ്യത്തിന് മറുപടി ലഭിച്ചത്.

വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇന്ത്യയില്‍ നിര്‍മ്മിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ഈ പദ്ധതിയുടെ പ്രചരണ പരിപാടികള്‍ സര്‍ക്കാര്‍ നടത്തിയിരുന്നത്. നേരത്തെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് വേണ്ടി ഇന്ത്യയില്‍ നിന്നു തന്നെ ലോഗോ ഡിസൈനുകള്‍ ക്ഷണിച്ചുകൊണ്ടുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയകളും വെബ്‌സൈറ്റുകളും വഴി സര്‍ക്കാര്‍ നടത്തിയിരുന്നു.

ലോഗോ വില്‍പ്പനയ്ക്ക് ടെന്‍ഡര്‍ വിളിച്ചിട്ടില്ല. 2014-15 വര്‍ഷത്തില്‍ ക്രിയേറ്റീവ് ഏജന്‍സിയ്ക്ക് വേണ്ടി ടെഡര്‍ വിളിച്ചിരുന്നു ഇതുവഴിയാണ് വെയ്ഡന്‍ പ്ലസ് കെന്നഡി ഇന്ത്യ ലിമിറ്റഡിനെ തെരഞ്ഞെടുക്കുന്നത്. ലോഗോ രൂപകല്‍പ്പനയ്ക്ക് ചെലവെത്രയാണെന്ന ചോദ്യത്തിന് രൂപകല്‍പ്പനയ്ക്ക് മാത്രമായി പ്രത്യേകം പണം നല്‍കിയിട്ടില്ലെന്നായിരുന്നു മറുപടി. പദ്ധതിയുടെ പരസ്യത്തിനും പ്രചരണത്തിനുമായി 11 കോടിരൂപ നല്‍കിയിട്ടുണ്ട്.

നേരത്തെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലോഗോ കോപ്പിയടിച്ചതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

We use cookies to give you the best possible experience. Learn more