| Tuesday, 15th October 2024, 7:18 am

മോദിയുടെ മേക്ക് ഇൻ ഇന്ത്യ എന്നത് ഫേക്ക് ഇൻ ഇന്ത്യ ആയി മാറി: ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇൻ ഇന്ത്യ ഫേക്ക് ഇൻ ഇന്ത്യ ആയി മാറിയെന്ന വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവായ ജയറാം രമേശ്.

‘പ്രധാനമന്ത്രി മോദി 2014ൽ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ആരംഭിച്ചത് ഏറെ കൊട്ടിഘോഷിച്ചാണ്. അതിലേറെ കൊട്ടിഘോഷിച്ച് അദ്ദേഹം നാല് പ്രധാന ലക്ഷ്യങ്ങൾ വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പത്ത് വർഷത്തിന് ശേഷം, യാഥാർത്ഥ്യം മറ്റൊരു കഥയാണ് പറയുന്നത്,’ ജയറാം രമേഷ് തന്റെ എക്‌സിൽ പോസ്റ്റ് ചെയ്തു.

ഒക്‌ടോബർ 14 ന് നടത്തിയ പ്രസ്താവനയിൽ, 2014 ലെ പരിപാടിയുടെ സമാരംഭ വേളയിൽ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കാനായിട്ടില്ലെന്ന് രമേശ് അവകാശപ്പെട്ടു, മോശം ഫലങ്ങൾക്കായുള്ള സർക്കാരിൻ്റെ സാമ്പത്തിക നയങ്ങളെ അദ്ദേഹം വിമർശിച്ചു.

വ്യാവസായിക വളർച്ച പ്രതിവർഷം 12-14 ശതമാനമായി ഉയർത്തും, 2022 ഓടെ 100 ദശലക്ഷം വ്യാവസായിക തൊഴിലവസരങ്ങൾ സൃഷ്ടിക്കും, 2022ഓടെ (പിന്നീട് 2025 വരെ നീട്ടി) ജി.ഡി.പിയിൽ ഉൽപ്പാദന മേഖലയുടെ വിഹിതം 25 ശതമാനമായി ഉയർത്തും, ചൈനയെ മറികടന്ന് ഇന്ത്യയെ ‘ലോകത്തിൻ്റെ പുതിയ ഫാക്ടറി’ ആയി ഉയർത്തുക. തുടങ്ങിയ നാല് പ്രധാന കാര്യങ്ങളായിരുന്നു മോദി ഉന്നയിച്ചത്.

എന്നാൽ ഇവയൊന്നും യാഥാർഥ്യമായില്ലെന്ന് മാത്രമല്ല, 2014 മുതൽ, ഇന്ത്യയുടെ ഉത്പാദന വളർച്ചാ നിരക്ക് ശരാശരി 5.2 ശതമാനം മാത്രമാണ്. അതുപോലെ നിർമാണ ജോലികളുടെ എണ്ണം കുറയുകയാണുണ്ടായത്. 2017ൽ 51.3 ദശലക്ഷത്തിൽ നിന്ന് 2022-23ൽ 35.65 ദശലക്ഷമായി കുറഞ്ഞു.

ഇന്ത്യയുടെ മൊത്ത വർദ്ധിത മൂല്യത്തിൽ (ജി.എ.വി) ഈ മേഖലയുടെ വിഹിതം 2011–12ലെ 18.1 ശതമാനത്തിൽ നിന്ന് 2022–23ൽ 14.3 ശതമാനമായി കുറഞ്ഞു. ഒപ്പം ചൈനയെ മറികടന്നില്ലെന്ന് മാത്രമല്ല, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുപകരം, ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി വർദ്ധിച്ചു, ഇറക്കുമതി വിഹിതം 2014 ൽ 11 ശതമാനത്തിൽ നിന്ന് സമീപ വർഷങ്ങളിൽ 15 ശതമാനമായി ഉയരുകയും ചെയ്തു.

കഴിഞ്ഞ ദശകത്തിൽ മോദി സർക്കാർ സാമ്പത്തിക അസ്ഥിരത വളർത്തിയെടുത്തുവെന്നും നോട്ട് നിരോധനം അതിനുള്ള ഒരു പ്രധാന ഉദാഹരണമാണെന്നും രമേശ് കുറ്റപ്പെടുത്തി. മോദിയോട് അടുത്ത് നിൽക്കുന്ന ഏതാനും വൻകിട വ്യവസായ സ്ഥാപനങ്ങൾ മാത്രം അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാർ ആരംഭിച്ച മേക്ക് ഇൻ ഇന്ത്യ, ഉത്പാദന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യത്തിനകത്ത് ഉത്പന്നങ്ങളുടെ വികസനം, നിർമാണം , എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടിരുന്നു.

അനുകൂലമായ നിക്ഷേപ അന്തരീക്ഷം വളർത്തുക, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുക , വിദേശ മൂലധനത്തിന് പുതിയ മേഖലകൾ തുറക്കുക എന്നിവയായിരുന്നു ഈ സംരംഭത്തിൻ്റെ ലക്ഷ്യം.

Content Highlight: ‘Make in India’ has become ‘Fake in India’, says Congress

Latest Stories

We use cookies to give you the best possible experience. Learn more