| Thursday, 27th November 2014, 10:16 am

കുട്ടികളുമായുള്ള അടുപ്പം നിലനിര്‍ത്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ന് കുട്ടികള്‍ മുതര്‍ന്നവരേക്കാള്‍ തിരക്കിലാണ്. സ്‌കൂള്‍, ട്യൂഷന്‍, നൃത്ത പഠനം, സംഗീത പഠനം, സ്‌പോര്‍ട്സ്‌ തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കളുമായി അടുത്തിടപഴകാനോ അവരുമായി സമയം ചിലവഴിക്കാനോ കഴിയുന്നില്ല.

സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രകള്‍, സുഹൃത്തുക്കളുടെ പിറന്നാള്‍ പാര്‍ട്ടികള്‍ തുടങ്ങിയവയും കൂടിയാകുമ്പോള്‍ അവരുടെ ജീവിതം മുഴുവന്‍ തിരക്കിലാവുന്നു. എന്നാല്‍ ഒരിക്കലും നിങ്ങള്‍ കുട്ടികളില്‍ നിന്ന് അകലുകയോ അവരുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വരാന്‍ അനുവദിക്കുകയോ ചെയ്യരുത്.

ഇതാ ഇത്തരം തിരക്കുകള്‍ക്കിടയിലും അവരുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ ചില വഴികള്‍

ആഴ്ചയില്‍ ഒരു തവണയെങ്കിലും കുട്ടികളെ പുറത്തുകൊണ്ടു പോവുക. എപ്പോഴും ഒരേസ്ഥലങ്ങളില്‍ കൊണ്ടുപോകാതെ വ്യത്യസ്തമായ സ്ഥലങ്ങളില്‍ വേണം അവരെ കൊണ്ടുപോകാന്‍. പാര്‍ക്കുകള്‍, പുതിയ മാളുകള്‍, ബീച്ചുകള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അവരെ കൊണ്ടുപോകാം. അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക്  അവരെ കൊണ്ടുപോവുകയും ചെയ്യാം. പോകുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യാം.

നിങ്ങളുടെ കുട്ടികളുടെ താല്‍പര്യം ഏത് മേഖലയിലാണെന്നറിഞ്ഞ് അതില്‍ അവരെ പ്രോത്സാഹിപ്പിക്കുക. അത് പെയിന്റിങ്, സൈക്ലിങ്, ശേഖരണം, സ്‌പോര്‍ട്സ്‌ എന്തായാലും അതില്‍ അവരെ പ്രോത്സാപിപ്പിക്കുക. അതില്‍ നിന്ന് അവരെ വിലക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

നിങ്ങളുടെ കുട്ടികളുടെ പഠനം കളികളിലൂടെ മനോഹരമാക്കാന്‍ ശ്രമിക്കുക. അവരുടെ വിശേഷങ്ങള്‍ ചോദിക്കുന്നതിനും അവ താല്‍പര്യത്തോടെ കേള്‍ക്കുന്നതിനും സമയം കണ്ടെത്തുക. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കുടുംബത്തോടൊപ്പം പുറത്ത് പോകുന്നത് കുട്ടികള്‍ക്ക് വളരെ സന്തോഷമുള്ള കാര്യമാണ്.

കുട്ടികളെ നിങ്ങളോടൊപ്പം അടുക്കളയിലേക്ക് കൊണ്ടുപോവുക. അവര്‍ക്ക് ചെറിയ ചെറിയ ജോലികള്‍ നല്‍കുകയും അത് ചെയ്യാന്‍ അവരെ അനുവദിക്കുകയും ചെയ്യുക. അടുക്കള കുറച്ച് സമയം അവരുടെ ഇഷ്ടങ്ങള്‍ക്കായി വിട്ടുകൊടുക്കുക. അവര്‍ക്ക് എന്തെങ്കിലും തെറ്റുപറ്റിയാല്‍ ശിക്ഷിക്കുകയോ വഴക്ക് പറയുകയോ ചെയ്യാതെ അവരെ അത് പറഞ്ഞ് മനസിലാക്കികൊടുക്കുക.

അവരുടെ കളികളിലും പഠനങ്ങളിലും നിങ്ങളും പങ്കാളികളാവുക.

Latest Stories

We use cookies to give you the best possible experience. Learn more