മേക്കപ്പ് സാധനങ്ങളൊക്കെ ധാരാളമായി കരുതിയിരുന്നു, അതൊന്നും അവര്‍ സിനിമാ സെറ്റുകളില്‍ ഉപയോഗിച്ച് കണ്ടിട്ടില്ല; ജയഭാരതിയെപ്പറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് പി.വി ശങ്കര്‍
Entertainment
മേക്കപ്പ് സാധനങ്ങളൊക്കെ ധാരാളമായി കരുതിയിരുന്നു, അതൊന്നും അവര്‍ സിനിമാ സെറ്റുകളില്‍ ഉപയോഗിച്ച് കണ്ടിട്ടില്ല; ജയഭാരതിയെപ്പറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് പി.വി ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st June 2021, 3:27 pm

കൊച്ചി: കഴിഞ്ഞ അമ്പത് വര്‍ഷമായി മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന നിലയില്‍ മലയാള സിനിമയില്‍ സജീവമാണ് പി.വി ശങ്കര്‍. നിത്യഹരിത നായകന്‍ പ്രേം നസീറുള്‍പ്പെടെയുള്ളവര്‍ക്ക് അദ്ദേഹം മേക്കപ്പ് ചെയ്തിട്ടുണ്ട്.

അത്തരത്തിലൊരു മേക്കപ്പ് അനുഭവത്തെപ്പറ്റി പറയുകയാണ് ശങ്കര്‍ ഇപ്പോള്‍. കാന്‍ ചാനല്‍ മീഡിയയിലാണ് അദ്ദേഹത്തിന്റ വെളിപ്പെടുത്തല്‍. പ്രേം നസീറിനെപ്പോലെ മേക്കപ്പില്‍ ഒരുപാട് ശ്രദ്ധിച്ചിരുന്നയാളാണ് നടി ജയഭാരതി എന്നാണ് പി.വി ശങ്കര്‍ പറയുന്നത്.

‘നസീര്‍സാറിനെപ്പോലെ മേക്കപ്പില്‍ ശ്രദ്ധിച്ചിരുന്ന മറ്റൊരു ആര്‍ട്ടിസ്റ്റ് ജയഭാരതിയാണ്. കാലം കാത്തുനിന്നില്ല എന്ന ചിത്രത്തിലൂടെയാണ് അവരെയും ആദ്യമായി മേക്കപ്പ് ഇടുന്നത്. ഒരുപാട് സവിശേഷതകളുള്ള അഭിനേത്രിയാണ്. അതുകൊണ്ട് മേക്കപ്പിലൊക്കെ അവര്‍ പ്രത്യേകം ശ്രദ്ധവെയ്ക്കും,’ പി.വി ശങ്കര്‍ പറഞ്ഞു.

ജയഭാരതിയ്ക്ക് പേഴ്സണല്‍ മേക്കപ്പ്മാനുണ്ടായിരുന്നുവെങ്കിലും തന്നെക്കൊണ്ട് മാത്രമേ മേക്കപ്പ് ചെയ്യിപ്പിക്കുമായിരുന്നുള്ളൂവെന്നും ശങ്കര്‍ പറയുന്നു.

‘മേക്കപ്പ് സാധനങ്ങളൊക്കെ അവര്‍ ധാരാളമായി കരുതിയിരുന്നു. പക്ഷേ അതൊക്കെ സിനിമാസെറ്റുകളില്‍ ഉപയോഗിക്കുന്നതായി കണ്ടിട്ടില്ല. ജയഭാരതിയോടൊപ്പവും 50 ചിത്രങ്ങളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്,’ ശങ്കര്‍ പറഞ്ഞു.

നസീറുമൊത്തുള്ള മേക്കപ്പ് അനുഭവങ്ങളും ശങ്കര്‍ പങ്കുവെച്ചിരുന്നു. രാജകീയ മുഖമെന്നൊക്കെ കേട്ടിട്ടേയുള്ളു. അതാദ്യമായി കാണുന്നത് നസീര്‍ സാറിലാണെന്നും ശങ്കര്‍ പറഞ്ഞിരുന്നു. കണ്ണും മൂക്കും ചുണ്ടും പുരികവുമെല്ലാം രാജകീയപ്രൗഢി നിറഞ്ഞതായിരുന്നുവെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ 50 വര്‍ഷമായി മേക്കപ്പ് രംഗത്ത് സജീവമായ ആളാണ് പി.വി ശങ്കര്‍. ഇതിനോടകം 530 ലേറെ സിനിമകളില്‍ അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്.

മുതിര്‍ന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ കെ.വി. ഭാസ്‌കരന്റെയും കെ.വി. കുമാറിന്റെയും അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. ശങ്കര്‍ ആദ്യമായി അസിസ്റ്റ് ചെയ്ത ചിത്രം 1971 പുറത്തിറങ്ങിയ ‘അനുഭവങ്ങള്‍ പാളിച്ച’കളായിരുന്നു. സ്വതന്ത്ര മേക്കപ്പ് മാനായി മാറിയത് ‘കാലം കാത്തുനിന്നില്ല’ എന്ന എ.ബി. രാജ ചിത്രത്തിലൂടെയും.