പത്തനംതിട്ട: മകരവിളക്ക് മനുഷ്യസൃഷ്ടിയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഇത്തവണ അത് തെളിയിച്ചത് പമ്പ മേല്‍ശാന്തി എന്‍. പരമേശ്വന്‍ നമ്പൂതിരിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വരും വര്‍ഷങ്ങളിലും ഇത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെയ്യുന്ന കാര്യം പുറത്തു പറയാത്ത വിദുരനീതിയാണ് ഇവിടെ നടപ്പിലാക്കുന്നത്. ശബരിമല തന്ത്രിയുമായി ആലോചിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മുന്‍കാലങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് ദിവ്യജ്യോതി തെളിച്ചിരുന്നത്. -പ്രയാര്‍ പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ മകരവിളക്ക് നാളില്‍ പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിയിക്കുന്നതിന് പമ്പ മേല്‍ശാന്തിമാരെ നിയോഗിക്കുമെന്നും പാലാ ഏഴാച്ചേരി കാവിന്‍ പുറം ഉമാമഹേശ്വരി ക്ഷേത്രത്തില്‍ നടന്നു വന്ന അയ്യപ്പഭാഗവതയജ്ഞ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മകരവിളക്ക് മനുഷ്യസൃഷ്ടിയാണെങ്കിലും ആകാശത്ത് തെളിയുന്ന നക്ഷത്രത്തിന്റെ “സ്വിച്ച്” സാക്ഷാല്‍ പരബ്രഹ്മത്തിന്റെ കൈവശമാണെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്ക് ദിവ്യാത്ഭുതമല്ലെന്നും മനുഷ്യസൃഷ്ടിയാണെന്നും ഒരുപാട് കാലമായി നിരവധി പേര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്.