കൊച്ചി: ഒടിയനെക്കുറിച്ച് കേള്‍ക്കുന്ന നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി പറഞ്ഞ് നടി മഞ്ജു വാര്യര്‍. ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
കാര്‍മേഘങ്ങള്‍ തേങ്കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലയിടങ്ങളില്‍ നിന്നായി അറിഞ്ഞു. ഒരു പാട് പേര്‍ അഭിനന്ദിച്ചു. വിമര്‍ശനങ്ങളുമുണ്ട്.
രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാന്‍ ദിവസം ചെല്ലുന്തോറും ആള്‍ത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി.
ഇനിയും ഒടിയന്‍ കാണാത്തവര്‍, കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെയെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.
സമീപകാലത്ത് ഒരു മലയാള സിനിമ നേരിട്ട ഏറ്റവും വലിയ വിമര്‍ശനങ്ങള്‍ക്കായിരുന്നു മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ വിധേയമായത്.
ഒരു വിഭാഗം സിനിമയ്ക്ക് നല്ല പ്രതികരണം നല്‍കുമ്പോഴും വ്യാപകമായ രീതിയില്‍ ഒടിയനെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. തന്റെ സിനിമ മനഃപൂര്‍വമായ ഡീ ഗ്രേഡിംഗിന് വിധേയമാക്കുകയാണെന്ന് പറഞ്ഞ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും രംഗത്തെത്തിയിരുന്നു.
തനിക്കെതിരേ നടക്കുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഒടിയനെതിരായി മാറിയ നെഗറ്റീവ് പബ്ലിസിറ്റി എന്നാണ് ശ്രീകുമാര്‍ മോനോന്റെ വാദം. മോഹന്‍ലാല്‍ ഫാന്‍സിന്റെയോ, നിഷ്പക്ഷരായ പ്രേക്ഷകരുടെയോ എതിര്‍പ്പല്ല, ഈ നെഗറ്റീവ് പബ്ലിസിറ്റിയുടെ പിന്നിലെന്നും മറ്റു ചിലര്‍ നടത്തുന്ന ബോധപൂര്‍വമായ കളികളാണ് ഇതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.
മഞ്ജുവിനൊപ്പം നിന്നതിന്റെ പേരിലാണ് തനിക്കെതിരേ ഇപ്പോള്‍ ആക്രമണം നടക്കുന്നതെന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ വാദം.
തിരിച്ചുവരവില്‍ മഞ്ജുവിന് സിനിമയില്‍ മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത ഒരാളെന്ന നിലയില്‍ ഇപ്പോള്‍ വ്യക്തിപരമായി തന്നെ തനിക്കെതിരെയും സിനിമയ്ക്കെതിരേയും നടക്കുന്ന ആക്ഷേപങ്ങളില്‍ മഞ്ജു വാര്യര്‍ തന്നെ പിന്തുണച്ച് രംഗത്തു വരേണ്ടതാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.
മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഒടിയനെക്കുറിച്ച് കേള്‍ക്കുന്ന നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം. കാര്‍മേഘങ്ങള്‍ തേങ്കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലയിടങ്ങളില്‍ നിന്നായി അറിഞ്ഞു. ഒരു പാട് പേര്‍ അഭിനന്ദിച്ചു. വിമര്‍ശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാന്‍ ദിവസം ചെല്ലുന്തോറും ആള്‍ത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും ഒടിയന്‍ കാണാത്തവര്‍, കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!