| Thursday, 9th May 2024, 4:18 pm

പെരുമാനി ഒരു യഥാര്‍ത്ഥ ഗ്രാമത്തിന്റെ കഥയോ? മറുപടിയുമായി സംവിധായകന്‍ മജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘അപ്പന്‍’ എന്ന പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന് ശേഷം മജു സവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പെരുമാനി’. പെരുമാനി എന്ന പേര് സൂചിപ്പിക്കുന്ന പോലെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥയാണ് ചിത്രത്തില്‍ പറയുന്നത്. വിനയ് ഫോര്‍ട്ട്, സണ്ണി വെയ്ന്‍, ലുക്മാന്‍, നവാസ് വള്ളിക്കുന്ന്, ദീപ തോമസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം മെയ് 10ന് റിലീസിനൊരുങ്ങുകയാണ്.

പെരുമാനി ശരിക്കുമുള്ള ഒരു ഗ്രാമമാണെന്നും ഒരുപാട് പേരുടെ റഫറന്‍സും മാനറിസങ്ങളും സിനിമയില്‍ സഹായകമായിട്ടുണ്ടെന്നും പറയുകയാണ് സംവിധായകന്‍ മജു. പെരുമാനിയുടെ വിശേഷങ്ങളുടെ ഭാഗമായി ക്യൂ സ്റ്റുഡിയോയുടെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മജു.

‘പെരുമാനി ശരിക്കുമുള്ള ഒരു ഗ്രാമമാണ്. എന്റെ ഉമ്മയുടെ നാടാണത്. അവിടെ പോയാല്‍ എപ്പോഴും ആളുകളെല്ലാം ഒരു പ്രത്യേകതരമായാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. എനിക്ക് വളരെ ഇഷ്ടപ്പെട്ട നാടുക്കൂടെയാണത്. ഇപ്പോഴും ഗ്രാമത്തിന്റെ ഭംഗിയും കാര്യങ്ങളുമെല്ലാം കൊണ്ട് നടക്കുന്ന നാട്.

പെരുമാനിയില്‍ നിന്ന് കഥാപാത്രങ്ങളെ ഒന്നും എടുത്തിട്ടില്ല. എങ്കിലും ചില റഫറന്‍സ്സുകള്‍ കിട്ടിയിട്ടുണ്ട്. പിന്നെ എന്റെ നാട്ടില്‍ നിന്നും ഒരുപാട് പേരുടെ റഫറന്‍സും മാനറിസങ്ങളും സിനിമയില്‍ സഹായകമായിട്ടുണ്ട്,’ മജു പറഞ്ഞു.

എല്ലാവര്‍ക്കും ഒരുപോലെ കാണാവുന്ന സിനിമയാവും പെരുമാനിയെന്നും സിനിമയുടെ വിജയത്തില്‍ വിശ്വാസമുണ്ടന്നും മജു അഭിമുഖത്തില്‍ കൂട്ടിചേര്‍ത്തു.

‘ഞാന്‍ എല്ലാതരം പ്രേക്ഷകരെയും പിക് ചെയ്തു കാണിച്ചു കൊടുത്തപ്പോള്‍ എല്ലാവര്‍ക്കും പോസിറ്റീവായ പ്രതികരണമാണ് തന്നത്. ആ ഒരു പ്രതീക്ഷയാണ് എനിക്ക് ഉള്ളത്. പിന്നെ ഇതൊരു പരീക്ഷണ സിനിമയാണ്. ഒരു വലിയ സ്റ്റാര്‍ കാസ്റ്റോ സ്റ്റാര്‍ ഡയറക്ടറൊ ഉള്ള സിനിമയല്ലിത്.

എനിക്ക് ആദ്യത്തെ ഒന്നു രണ്ടു ദിവസ്സം പ്രേക്ഷകര്‍ കണ്ട് ഇഷ്ടപ്പെട്ടാല്‍ ഒരു ലോങ് റണ്‍ പോവാന്‍ പറ്റും. പക്ഷെ ആദ്യത്തിലേക്ക് ആളുകള്‍ എത്തുക എന്നത് മാത്രമാണ് എന്റെ കണ്‍സെണ്‍. അതു കഴിഞ്ഞ് എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്ന് നൂറു ശതമാനം വിശ്വാസമുണ്ട്,’ മജു പറഞ്ഞു.


Content Highlight: Maju Talks About Perumani Movie

We use cookies to give you the best possible experience. Learn more