മതപരിവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യയിലെ ഭൂരിപക്ഷം ന്യൂനപക്ഷമാകും: അലഹബാദ് ഹൈക്കോടതി
India
മതപരിവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യയിലെ ഭൂരിപക്ഷം ന്യൂനപക്ഷമാകും: അലഹബാദ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd July 2024, 12:04 pm

അലഹാബാദ്: സഭകളിൽ നടക്കുന്ന മതപരിവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഒരു ദിവസം ന്യൂനപക്ഷമാകുമെന്ന് അലഹബാദ് ഹൈക്കോടതി. പൗരന്മാരെ മതം മാറ്റുന്ന സമ്മേളനങ്ങൾ ഉടൻ തന്നെ അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബെഞ്ച് പറഞ്ഞു.

‘മതപരിവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യത്തെ ഭൂരിപക്ഷം ഒരുദിവസം ന്യൂനപക്ഷമായി മാറും. മതപരിവർത്തനങ്ങൾ നടക്കുന്നിടങ്ങൾ ഇല്ലാതാകണം. പൗരന്മാരുടെ മതപരിവർത്തനം നടക്കുന്നതും അവസാനിപ്പിക്കണം ,’ അഗർവാൾ പറഞ്ഞു.

2021 ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മത പരിവർത്തന നിരോധന നിയമത്തിലെ സെക്ഷൻ 3 /5 (1 ) പ്രകാരമുള്ള കൈലാഷ് എന്ന വ്യക്തിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു കോടതി.

ഭരണഘടനയുടെ അനുച്ഛേദം 25 മതപരിവർത്തനത്തിനല്ല മറിച്ച് സ്വതന്ത്രമായ തൊഴിൽ, ആചാരം, മതം പ്രചരിപ്പിക്കൽ, എന്നിവ മാത്രമാണെന്നും കോടതി കൂട്ടിച്ചേർത്തു.

മതപരിവർത്തനത്തിനല്ല മതപ്രചാരണത്തിനാണ് ഭരണഘടനാ വ്യവസ്ഥ ചെയ്യുന്നതെന്നും കോടതി പറഞ്ഞു.

‘ആർട്ടിക്കിൾ 25 പ്രകാരം പ്രചരണം എന്നത് ഒരു മതത്തെ പ്രോത്സാഹിപ്പിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത് അല്ലാതെ ഒരു വ്യക്തിയെ ഒരു വിശ്വാസത്തിൽ നിന്ന് മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യുന്നതല്ല,’ ബെഞ്ച് പറഞ്ഞു.

പട്ടികജാതി, പട്ടികവർഗക്കാർ, സാമ്പത്തികമായി ദരിദ്രമായ പശ്ചാത്തലത്തിൽ നിന്നുള്ളവർ എന്നിവരെ നിയമവിരുദ്ധമായി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് ഉത്തർപ്രദേശിലുടനീളം വ്യാപകമായ വേഗത്തിലാണ് നടക്കുന്നതെന്നും കോടതി പറഞ്ഞു.

കോടതി പ്രഥമ ദൃഷ്ട്യാ പ്രതി ജാമ്യത്തിന് അർഹനല്ലെന്ന് നിരീക്ഷിക്കുകയും കൈലാഷിന്റെ ജാമ്യാപേക്ഷ റദ്ദാക്കുകയും ചെയ്തു.

ഈ കോടതി, പ്രഥമദൃഷ്ട്യാ, അപേക്ഷകന് ജാമ്യത്തിന് അർഹനല്ലെന്ന് കണ്ടെത്തി. അതിനാൽ, മേൽപ്പറഞ്ഞ കേസിലെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന അപേക്ഷകൻ്റെ ജാമ്യാപേക്ഷ ഇതിനാൽ നിരസിക്കുന്നു ,” കോടതി ഉത്തരവിട്ടു.

അഭിഭാഷകൻ സാകേത് ജയ്സ്വാളാണ് പ്രതിക്ക് വേണ്ടി ഹാജരായത്.

സംസ്ഥാനത്തെ പ്രതിനിധീകരിച്ച് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ പി കെ ഗിരിയും അഡീഷണൽ സർക്കാർ അഭിഭാഷകൻ സുനിൽകുമാറും കോടതിയിൽ ഹാജരായി.

 

Content Highlight: Majority will become minority if conversions at religious gatherings not stopped: Allahabad HC