കേരളത്തിലെ ഭൂരിഭാഗം മാധ്യമങ്ങളും ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ച് വലതുപക്ഷത്തിന്റെ ചമ്മട്ടിയായി അധഃപതിച്ചു: എം.വി. ഗോവിന്ദന്‍
Kerala News
കേരളത്തിലെ ഭൂരിഭാഗം മാധ്യമങ്ങളും ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ച് വലതുപക്ഷത്തിന്റെ ചമ്മട്ടിയായി അധഃപതിച്ചു: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th January 2025, 3:26 pm

തിരുവനന്തപുരം: വലതു പക്ഷത്തിന്റെ തെറ്റുകളും കുറ്റങ്ങളും പൊതുജനസമക്ഷത്തില്‍ നിന്ന് മറച്ചുവെക്കാന്‍ കാട്ടുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രമം അപലപനീയമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഇടതുപക്ഷ വിരുദ്ധ തിമിരം ബാധിച്ച് വലതുപക്ഷത്തിന്റെ ചമ്മട്ടിയായി അധഃപതിച്ചിരിക്കുന്നുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളാണ് ഇതിന് ഉദാഹരണമെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. വയനാട് ഡി.സി.സി ട്രഷറുടെയും മകന്റെയും മരണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചാണ് സി.പി.ഐ.എമ്മിന്റെ പ്രതികരണം.

കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികള്‍ വാങ്ങിയെന്ന വന്‍ അഴിമതിയാണ് ട്രഷറുടെ മരണത്തിന് പിന്നാലെ പുറത്തുവന്നതെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനത്തിന്, മുന്‍ ഡി.സി.സി പ്രസിഡന്റും ഇപ്പോള്‍ എം.എല്‍.എയുമായ ഐ.സി. ബാലകൃഷ്ണന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വാങ്ങി നല്‍കിയ തുക തിരികെ നല്‍കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിജയന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് നല്‍കിയ കത്തും പണം നല്‍കിയ ഉദ്യോഗാര്‍ത്ഥിയുടെ പിതാവുമായി വിജയന്‍ ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പും പുറത്തുവന്നതായും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

നിയമനത്തിന് ഐ.സി. ബാലകൃഷ്ണന്‍ 17 പേരുടെ പട്ടിക നല്‍കിയെന്നും റാങ്ക് ലിസ്റ്റില്‍ ഏറെ താഴെയുള്ളവരും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തതുമായ പേരുകളാണ് നല്‍കിയതെന്നും ബാങ്ക് ചെയര്‍മാനായിരുന്ന ഡോ. സണ്ണി ജോര്‍ജ് വെളിപ്പെടുത്തിയത് അടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതായും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

കരുവന്നൂര്‍ ബാങ്ക് വിഷയം വന്നപ്പോള്‍ സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസ് നേതൃത്വത്തിനും മാധ്യമങ്ങള്‍ക്കും ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും എം.വി. ഗോവിന്ദന്‍ ചോദിച്ചു. കരുവന്നൂരില്‍ ആരോപണവിധേയര്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ കെ.പി.സി.സി നേതൃത്വം എന്ത് നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.

പെരിയ കൊലക്കേസ് വാര്‍ത്തയില്‍ കണ്ണീര്‍മഴയും കണ്ണീര്‍പ്പുഴയും ഒരേസമയം ഒഴുക്കിയ മാധ്യമങ്ങള്‍, ബത്തേരിയിലെ കോണ്‍ഗ്രസ് കുടുംബത്തിലെ കണ്ണീര്‍ കണ്ടെത്തിയില്ലെന്നും സി.പി.ഐ.എം വിമര്‍ശിച്ചു. ‘ഇവര്‍ കൊന്നതാണ്’ എന്ന തലക്കെട്ടില്‍ പെരിയ കേസ് വാര്‍ത്ത നല്‍കിയ മലയാള മനോരമയില്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാവിന്റെ ആത്മഹത്യാവാര്‍ത്ത ചരമക്കോളത്തില്‍പ്പോലും ഇടം പിടിച്ചില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒന്നാം പ്രതിയായ സൊഹ്‌റാബുദീന്‍ ഏറ്റുമുട്ടല്‍ കൊലക്കേസ് പരിഗണിച്ച സി.ബി.ഐ കോടതി ജഡ്ജി ബ്രിജ് ഭൂഷണ്‍ ലോയ സംശയകരമായ സാഹചര്യത്തില്‍ നാഗ്പുരില്‍ മരിച്ചപ്പോള്‍, അതിനുപിന്നില്‍ പ്രവര്‍ത്തിച്ച സംഘപരിവാറിനെതിരെ വിരല്‍ ചൂണ്ടിയുള്ള സ്വന്തം ലേഖകന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍പോലും മനോരമ ധൈര്യം കിട്ടിയില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്രം ഭരിക്കുന്നവരെ വണങ്ങാന്‍ മാത്രമല്ല, മുട്ടിലിഴയാനും മടിയില്ലാത്ത പത്രമാണ് തങ്ങളുടേതെന്ന് പലവട്ടം മനോരമ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.പി. ദിവ്യ വിഷയത്തിലും ഇതേ സമീപനമായിരുന്നുവെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. സിറിയയില്‍ ബാഷര്‍ അല്‍ അസദും ബംഗ്ലാദേശില്‍ ഷേയ്ക്ക് ഹസീനയും രാജ്യം വിട്ടോടിയതിനേക്കാള്‍ പ്രാധാന്യമാണ് സി.പി.ഐ.എം വിരുദ്ധവാര്‍ത്തകള്‍ക്ക് നല്‍കിയതെന്നും സി.പി.ഐ.എം പറഞ്ഞു.

മാതൃഭൂമിയാകട്ടെ വയനാട് വാര്‍ത്ത അവസാന പേജിന്റെ മൂലയില്‍ രണ്ട് കോളത്തിലൊതുക്കി എന്ന് മാത്രമല്ല, മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള സി.പി.ഐ.എം പ്രസ്താവനയാണ് വാര്‍ത്തയായി നല്‍കിയതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

മനുഷ്യാവകാശത്തെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും ഇടക്കിടക്ക് സി.പി.ഐ.എമ്മിന് ക്ലാസെടുക്കുന്ന ജമാ അത്തെ ഇസ്‌ലാമിയുടെ ദിനപത്രം ഈ വാര്‍ത്ത നല്‍കിയതേ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള കൗമുദിയാകട്ടെ ഐ.സി. ബാലകൃഷ്ണന്റെ പ്രസ്താവന സിംഗിള്‍ കോളത്തില്‍ നല്‍കി തങ്ങള്‍ക്ക് ഈ വാര്‍ത്ത അറിയാമെന്നും സ്വന്തം നിലയില്‍ നല്‍കാന്‍ താത്പര്യമില്ലെന്നും വ്യക്തമാക്കിയതായും സി.പി.ഐ.എം പറഞ്ഞു.

പെരിയ കേസ് ലീഡ് വാര്‍ത്തയായി നല്‍കിയ മാധ്യമങ്ങള്‍ എന്തുകൊണ്ട് വയനാട്ടില്‍ കോണ്‍ഗ്രസിന്റെ അഴിമതിയുടെ ഫലമായി രണ്ട് ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത കണ്ടില്ലെന്ന് നടിക്കുകയും അപ്രധാനമായി നൽകുകയും ചെയ്തതെന്നും സി.പി.ഐ.എം ചോദിച്ചു. ഇത് കോണ്‍ഗ്രസിന്റെ പക്ഷം പിടിക്കലല്ലാതെ മറ്റെന്താണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

‘യഥാര്‍ത്ഥ വസ്തുതകളും വിവരങ്ങളും ജനങ്ങളില്‍ എത്തിക്കുകയെന്ന മാധ്യമധര്‍മമാണ് കേരളത്തിലെ ഭൂരിപക്ഷം മുഖ്യധാരാ മാധ്യമങ്ങളും മറക്കുന്നത്. ഇത് ബോധപൂര്‍വമാണ്. മാധ്യമ മുതലാളിമാരുടെ കോര്‍പറേറ്റ് മൂലധന താത്പര്യത്തിനെതിരെ നിലകൊള്ളുന്ന ഇടതുപക്ഷത്തെ എന്ത് വിലകൊടുത്തും ദുര്‍ബലമാക്കുകയും തകര്‍ക്കുകയും ചെയ്യുക എന്നത് ഇവരുടെ അജണ്ടയാണ്,’ സി.പി.ഐ.എം പ്രതികരിച്ചു.

ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരോട്ടമുള്ള സി.പി.ഐ.എമ്മിനെയോ ഇടതുപക്ഷത്തെയോ തളര്‍ത്താനോ ദുര്‍ബലമാക്കാനോ കഴിയില്ലെന്നും. യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങള്‍ മനസിലാക്കുക തന്നെ ചെയ്യുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Content Highglight: Majority of the media in Kerala has suffered from anti-leftist cataracts and has degenerated into a supporters of the right wing: M.V. Govindan