| Tuesday, 28th January 2020, 11:36 am

പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റക്കാരാണ് ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നതെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്നവരില്‍ ഭൂരിഭാഗവും പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറിയവരാണെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ.

” പൗരത്വ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗിലും പാര്‍ക് സര്‍ക്കസിലും പ്രതിഷേധിക്കുന്നവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റക്കാരാണ്. അവര്‍ സ്ത്രീകളേയും കുട്ടികളേയും പടച്ചട്ടയായി ഉപയോഗിക്കുകയാണ്. അവര്‍ക്ക് ഇന്ത്യയെ വിഭജിച്ച് അസാമിനെ തകര്‍ക്കുകയാണ് വേണ്ടതെന്ന് വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. ഈ രാജ്യത്തെ ജനങ്ങള്‍ രാജ്യത്തെ വിഭജിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമോ?”, സിന്‍ഹ ചോദിച്ചു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയും സിന്‍ഹ വിമര്‍ശനം ഉന്നയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

” ഭരണഘടനാപ്രകാരം രൂപീകരിച്ച സര്‍ക്കാറാണ് മമത ബാനര്‍ജിയുടേത്. ഭരണം ഏറ്റെടുക്കുന്നതിന് മുന്‍പ് അവര്‍ സത്യപ്രതിജ്ഞ എടുത്തിട്ടുണ്ട്.

ഇപ്പോള്‍ പൗരത്വഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കുന്നതിലൂടെ അവര്‍ ആ പ്രതിജ്ഞ ലംഘിക്കുകയും ഭരണഘടനയെ നിന്ദിക്കുകയും ചെയ്തിരിക്കുകയാണ്. കേന്ദ്രം പാസാക്കിയ നിയമത്തെ സംസ്ഥാനത്തിന് വെല്ലുവിളിക്കാന്‍ കഴിയില്ല” , സിന്‍ഹ പറഞ്ഞു.

പ്രമേയത്തെ പിന്തുണച്ച കോണ്‍ഗ്രസിനെയും സി.പി.ഐ.എമ്മിനെയും സിന്‍ഹ വിമര്‍ശിച്ചു.

” സി.പി.ഐ.എമ്മിനെയും കോണ്‍ഗ്രസ്സിനെയും കൂട്ടുപിടിച്ച് മമത ചെയ്ത ഈ പ്രവര്‍ത്തി നാണംകെട്ടതാണ്. അവര്‍ അഭയാര്‍ത്ഥി വിരുദ്ധരാണെന്ന് ഇപ്പോള്‍ വ്യക്തമാണ്. മൂന്ന് പാര്‍ട്ടിക്കാര്‍ക്കാരുടെ ആവശ്യം ഹിന്ദു അഭയാര്‍ത്ഥികളെ പുറത്താക്കി അനധികൃത മു സ്‌ലിം കുടിയേറ്റക്കാരെ ഇവിടെ നിര്‍ത്തുകയാണ്.” സിന്‍ഹ ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേഗദതി നിയമത്തിനെതിരെ പശ്ചിമബംഗാളില്‍ ജനുവരി 27ന് പ്രമേയം പാസാക്കിയിരുന്നു. പ്രത്യേക നിയമസഭായോഗം വിളിച്ചായിരുന്നു പ്രമേയം പാസാക്കിയത്. പൗരത്വ ഭേഗദതിക്കെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് പശ്ചിമബംഗാള്‍. കേരളം, പഞ്ചാബ്, രാജാസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more