| Tuesday, 12th November 2024, 2:31 pm

ഇസ്രഈലിനുമേല്‍ ഭാഗിക ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യു.എസിലെ ജൂതവംശജര്‍; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസിലെ ഭൂരിഭാഗം വരുന്ന ജൂത വംശജരും ഇസ്രഈലിനുമേല്‍ അമേരിക്ക ഭാഗികമായെങ്കിലും ആയുധ നിരോധനം നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നതായി സര്‍വെ റിപ്പോര്‍ട്ട്. 62%ത്തോളം അമേരിക്കയിലെ ജൂത വോട്ടര്‍മാര്‍ അടിയന്തര വെടിനിര്‍ത്തലിനുള്ള യു.എസിന്റെ നിര്‍ദേശം നെതന്യാഹു അംഗീകരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്.

വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നത് വരെ ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി ഭാഗികമായെങ്കിലും അമേരിക്ക നിര്‍ത്തിവെക്കണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജെ സ്ട്രീറ്റ് നാഷണല്‍ ജൂത വോട്ടര്‍ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സര്‍വെയില്‍ പങ്കെടുത്ത 62% പേരും യു.എസ് ഇസ്രഈലിന് ആയുധങ്ങള്‍ കൊടുക്കുന്നത് നിയന്ത്രിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആന്റി ബാലിസ്റ്റിക് മിസൈലുകളും അയണ്‍ ഡോമുകളും കൈമാറാമെങ്കിലും ഗസയില്‍ നാശം വിതക്കുന്ന ബോംബുകള്‍, നെതന്യാഹു അടിയന്തര വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നത് വരെ നല്‍കാന്‍ പാടില്ലെന്നാണ് പറയുന്നത്.

ഗസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് 71%ജൂതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 29% പേരാണ് ഈ അഭിപ്രായത്തെ എതിര്‍ത്ത് വോട്ട് ചെയ്തിരിക്കുന്നത്.

വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായി ആക്രമണം നടത്തുന്ന ജൂതന്മാരെ സഹായിക്കുന്ന ഇസ്രഈലിലെ വലതുപക്ഷ നേതാക്കളായ ബെന്‍ ഗ്വിറിനെതിരെ സ്‌മോട്രിച്ചിനെതിരേയും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്ന് 66%പേര്‍ ആവശ്യപ്പെട്ടു.

ഗസയില്‍ മാനുഷിക സഹായങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായുള്ള ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഓര്‍ഗനൈസേഷനായ അനര്‍വയ്ക്ക് (UNRWA) ഫണ്ട് നല്‍കുന്നത് യു.എസ് പുനരാരംഭിക്കണമെന്ന് 60%പേര്‍ ആവശ്യപ്പെടുന്നു. ഹമാസിനെ സപ്പോര്‍ട്ട് ചെയ്യുന്നവരെ ഇനി അനര്‍വ ഉദ്യോഗസ്ഥരായി നിയമിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

ഫലസതീന്‍ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനെ സര്‍വെയില്‍ പങ്കെടുത്ത 72% പേരും അനുകൂലിക്കുന്നുണ്ട്. ഇവരെല്ലാവരും തന്നെ ചര്‍ച്ചയിലൂടെ ഇസ്രഈലിന് അറബ് രാഷ്ട്രങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആഗ്രഹിക്കുന്നു.

നെതന്യാഹുവിനുള്ള ജനസമിതിയും അമേരിക്കന്‍ ജൂതര്‍ക്കിടയില്‍ കുറഞ്ഞതായാണ് സര്‍വെ കാണിക്കുന്നത്. സര്‍വെയില്‍ പങ്കെടുത്ത 63% പേരും നെതന്യാഹുവിന്റെ പ്രവര്‍ത്തികളോട് വിയോജിക്കുന്നവരാണ്.

Content Highlight: Majority of Jewish in US wish to partial arms embargo on Israel

Latest Stories

We use cookies to give you the best possible experience. Learn more