വാഷിംഗ്ടണ്‍: ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും പട്ടാളഭരണത്തെയും ഏകാധിപത്യത്തെയും അനുകൂലിക്കുന്നതായി സര്‍വ്വേ ഫലം. ഇന്ത്യക്കാരായ 53 ശതമാനം ആളുകള്‍ പട്ടാളഭരണത്തെ അനുകൂലിക്കുന്നതായി പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേ ഫലമാണ് പറയുന്നത്.
ലോകത്തിലെ പ്രധാന രാജ്യങ്ങളിലെ ഭരണനിര്‍വ്വഹണം സംബന്ധിച്ച് പഠനം നടത്തുന്ന സ്ഥാപനമാണ് പ്യു റിസര്‍ച്ച്. 38 രാജ്യങ്ങളിലാണ് പ്യൂ റിസര്‍ച്ച് സര്‍വ്വേ നടത്തിയത്. ഇതില്‍ പകുതിയിലധികം രാജ്യങ്ങളും ജനാധിപത്യ സംവിധാനത്തെയാണ് പിന്തുണയ്ക്കുന്നത്.
ഇന്ത്യയിലെ അഞ്ചില്‍ നാലുഭാഗം ജനങ്ങളും ജനാധിപത്യത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും 53 ശതമാനം ആളുകള്‍ പട്ടാളഭരണവും 55 ശതമാനം പേര്‍ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഏകാധിപത്യത്തെയും പിന്തുണക്കുന്നവരാണെന്നാണ് സര്‍വ്വേ പറയുന്നത്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.9 ശതമാനമായി വര്‍ധിച്ച 2012 മുതല്‍ 85 ശതമാനം പേര്‍ സര്‍ക്കാരില്‍ കൂടുതലായി വിശ്വാസമര്‍പ്പിച്ചിരുന്നതായി സര്‍വ്വേ പറയുന്നു. കഴിഞ്ഞ ഏഴു ദശാബ്ദങ്ങളായി ശക്തമായ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയിലെ ജനങ്ങളില്‍ 55 ശതമാനം പേര്‍ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഏകാധിപത്യത്തെ പിന്തുണയ്ക്കുന്നവരാണ് ഇതില്‍ 27 ശതമാനം പേര്‍ ശക്തനായ ഒരു നേതാവ് വേണമെന്ന് ആഗ്രഹിക്കുന്നവരുമാണ്.
മികച്ച ഭരണാധികാരിക്ക് പാര്‍ലമെന്റിന്റെയോ കോടതിയുടെയോ ഇടപെടലുകള്‍ ഇല്ലാതെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെന്നും മികച്ച ഭരണം നടപ്പിലാക്കാന്‍ കഴിയുമെന്നും വിശ്വസിക്കുന്നവരാണ് 26 ശതമാനത്തോളം ആളുകളും.
ഏഷ്യാ-പസഫിക് മേഖലയില്‍ ടെക്നോക്രസിയെ (യന്ത്രവിദ്യാവിദഗ്ദ്ധര്‍ നടത്തുന്ന ഭരണം) പിന്തുണക്കുന്ന മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയിലെ 65 ശതമാനം പേരാണ് ഇന്ത്യയില്‍ ടെക്നോക്രസിയെ പിന്തുണയ്ക്കുന്നത്. വിയറ്റ്‌നാമില്‍ ഇത് 67 ശതമാനവും ഫിലിപ്പൈന്‍സില്‍ 62 ശതമാനവുമാണ്.