World News
കാനഡയില്‍ പഠനാവശ്യത്തിനെത്തുന്ന ഭൂരിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്നു: റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 17, 02:58 am
Friday, 17th January 2025, 8:28 am

ഒട്ടാവ: കാനഡയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്നതായി റിപ്പോര്‍ട്ട്. കാനഡയിലേക്ക് സ്റ്റുഡന്റ് വിസയിലെത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഏകദേശം 50,000ത്തിലധികം പേര്‍ സര്‍വകലാശാലകളിലും സ്‌കൂളുകളിലും ഹാജരാവുന്നില്ലെന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പലരും അതിര്‍ത്തിയിലൂടെ അനധികൃത കുടിയേറ്റം നടത്തുന്നതായും അതില്‍ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണെന്നുമുള്ള വിവരം പുറത്തുവന്നത്.

ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് കാനഡയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ക്ലാസുകളില്‍ ഹാജരാവത്ത ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഇന്ത്യക്കാരാണെന്ന് കണ്ടെത്തിയത്.

ഇതില്‍ കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ കാലയളവില്‍ കാനഡയിലെത്തിയ 49,676 വിദ്യാര്‍ത്ഥികളും പഠനം ഒഴിവാക്കിയതായും ഇതില്‍ 19,582 പേരും ഇന്ത്യക്കാരാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഴുവന്‍ വിദ്യാര്‍ത്ഥികളില്‍ 5.4 ശതമാനം വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഹാജരാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്റ്റഡി പെര്‍മിറ്റ് അനുസരിക്കാത്ത 6.9 ശതമാനം വിദ്യാര്‍ത്ഥികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റഡി പെര്‍മിറ്റിനനുസരിച്ചുള്ള നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് കംപ്ലയിന്‍സ് റെജിമിന് കീഴിലുള്ള പഠനം.

344 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. ഏഷ്യന്‍ രാജ്യങ്ങളായ ഫിലിപ്പീന്‍സില്‍ നിന്നുള്ള 688, ചൈനക്കാരായ 4279 വിദ്യാര്‍ത്ഥികളും കോളേജുകളില്‍ ഹാജരാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങളായ ബുറുണ്ടി, റുവാണ്ട, ചാഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും കോളേജുകളും യൂണിവേഴ്‌സിറ്റികളിലും ചേരാതെ മാനദണ്ഡം ലംഘിക്കുകയും അമേരിക്കയിലേക്ക് കടക്കുകയും ചെയ്തതായി പറയുന്നു.

അതേസമയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ അനധികൃത കുടിയേറ്റം നടത്തുന്നതിന് കാനഡയിലെ ചില കോളേജുകളും ഇന്ത്യയിലെ ചില കള്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നും ആരോപണങ്ങള്‍ ഉയരുന്നിരുന്നു.

ചില ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയിലേക്ക് കടക്കാനും യു.എസിലേക്ക് കടക്കാനും സ്റ്റഡി പെര്‍മിറ്റ് ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നിയമനിര്‍വഹണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.

Content Highlight: Majority of Indian students who come to study in Canada immigrate to US illegally: Report