| Friday, 3rd February 2017, 4:37 pm

രണ്ടാഴ്ച കൊണ്ട് ട്രംപിനെ മടുത്തെന്ന് അമേരിക്കന്‍ ജനത: ഒബാമ തിരിച്ചു വരണമെന്ന് സര്‍വ്വേ ഫലങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


വാഷിംഗ്ടണ്‍: അധികാരത്തിലേറി രണ്ടാഴ്ചക്കകം തന്നെ ട്രംപിന്റെ ഭരണം മടുത്തെന്ന് അമേരിക്കന്‍ ജനത. പബ്ലിക്ക് പോളിസി പോളിംഗ് നടത്തിയ സര്‍വ്വേയിലാണ് ഭൂരിഭാഗം ജനതയും ട്രംപിനെതിരായി അഭിപ്രായം രേഖപ്പെടുത്തിയത്. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ അധികാരത്തില്‍ തിരിച്ചെത്തണമെന്ന അഭിപ്രായക്കാരായിരുന്നു സര്‍വ്വേയില്‍ പങ്കെടുത്തവരിലധികവും. ട്രംപിനെ ഇംപീച്ച്‌മെന്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.


Also read ‘കോടതിയെയും വെറുതെ വിടാതെ ട്രംപ്’: കുടിയേറ്റക്കാര്‍ക്കെതിരായ വിലക്ക് നീക്കിയത് വിഡ്ഡിത്തം


സര്‍വ്വേ ഫലങ്ങള്‍ അനുസരിച്ച് 52 ശതമാനം ആളുകളാണ് ഒബാമയുടെ നേതൃത്വത്തിലുള്ള ഭരണം തിരിച്ച് വരണമെന്ന് അഭിപ്രായപ്പെട്ടത്. 43ശതമാനം പേര്‍ ട്രംപ് തുടരണമെന്ന അഭിപ്രായവും രേഖപ്പെടുത്തി. “സാധരണഗതിയില്‍ അധികാരത്തിലെത്തുന്ന പ്രസിഡന്റ് ആദ്യ കാലങ്ങളളില്‍ ജനപ്രിയരായിരിക്കും ഭരണത്തിന്റെ ആദ്യ ദിനങ്ങള്‍ ജനങ്ങള്‍ ആസ്വദിക്കുകയുമാണ് പതിവ്. എന്നാല്‍ ട്രംപിന്റെ ദിനങ്ങള്‍ അങ്ങിനെയല്ല കാണുന്നതെന്ന്” പബ്ലിക്ക് പോളിസി പോളിംഗ് പ്രസിഡന്റ് ഡീന്‍ ഡെബ്‌നാനന്‍ പറഞ്ഞു.

ട്രംപ് പുതിയ ചരിത്രമാണ് കുറിക്കുന്നത്. വളരെയധികം ജനങ്ങളും അദ്ദേഹത്തെ പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പകുതിയിലേറെ പേരും ഒബാമ തിരിച്ചു വരണമെന്ന അഭിപ്രായക്കാരും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 40ശതമാനം ജനങ്ങളും ട്രംപിനെ പുറത്താക്കണമെന്ന അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ അതില്‍ 35 ശതമാനം പേര്‍ ഒരാഴ്ചകകം പുറത്താക്കണമെന്ന അഭിപ്രായക്കാരായിരുന്നു

സര്‍വ്വേയില്‍ പങ്കെടുത്ത 48 ശതമാനം ജനങ്ങളാണ് ഇംപീച്ച്‌മെന്റിനെ എതിര്‍ത്തത്. പ്രസിഡന്റിന്റെ കുടിയേറ്റ വിരുദ്ധ പരാമര്‍ശങ്ങളാണ് ജനങ്ങള്‍ക്കിടയില്‍ ഇത്ര പെട്ടെന്ന് ട്രംപിനോടുള്ള എതിര്‍പ്പിന് കാരണമായതെന്നാണ് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്. 49ശതമാനം ആള്‍ക്കാരും ഈ ഉത്തരവിനെ എതിര്‍ക്കുന്നവരാണ്. 52ശതമാനം ആള്‍ക്കാര്‍ മുസ്‌ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയും അഭിപ്രായം രേപ്പെടുത്തി. 48 ശതമാനം പേര്‍ സിറിയന്‍ ഉപരോധത്തെ എതിര്‍ത്തപ്പോള്‍ 43 ശതമാനം ആള്‍ക്കാര്‍ ഇതിനെ അനുകൂലിച്ചു. ജനുവരി 30, 31 തീയ്യതികളിലായി 725 വോട്ടേഴ്‌സിനെയാണ് സര്‍വ്വേക്കായി തെരഞ്ഞെടുത്തിരുന്നത്.

We use cookies to give you the best possible experience. Learn more