ഗസയിലെ ഇസ്രഈലിന്റെ അതിക്രമത്തില്‍ അമേരിക്കയില്‍ നിന്നുള്ള പിന്തുണ കുറയുന്നു; സര്‍വേ ഫലം
World News
ഗസയിലെ ഇസ്രഈലിന്റെ അതിക്രമത്തില്‍ അമേരിക്കയില്‍ നിന്നുള്ള പിന്തുണ കുറയുന്നു; സര്‍വേ ഫലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th March 2024, 9:00 am

വാഷിങ്ടണ്‍: ഫലസ്തീനികള്‍ക്കെതിരെ ഉള്ള ഇസ്രഈലിന്റെ അതിക്രമത്തില്‍ യു.എസില്‍ നിന്നുള്ള പിന്തുണ കുറഞ്ഞു. യു.എസ് ആസ്ഥാനമായുള്ള പോള്‍സ്റ്റര്‍ ഗാലപ്പാണ് ഈ കാര്യം പുറത്തുവിട്ടത്.

നവംബറില്‍ നടന്ന സര്‍വേയില്‍ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമത്തില്‍ പിന്തുണച്ചത് 50 ശതമാനം ആളുകളായിരുന്നു. 45 ശതമാനം ആളുകള്‍ മാത്രമായിരുന്നു സര്‍വേ എതിര്‍പ്പ് അറിയിച്ചിരുന്നത്.

എന്നാല്‍ മാര്‍ച്ചില്‍ നടത്തിയ സര്‍വേയില്‍ വലിയ മാറ്റമാണുണ്ടായത്. ഇസ്രഈലിന്റെ അതിക്രമത്തില്‍ പിന്തുണക്കുന്നവര്‍ 50 ശതമാനത്തില്‍ നിന്ന് 36 ശതമാനമായാണ് കുറഞ്ഞത്. അതേസമയം അമേരിക്കക്കാരില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചവരുടെ എണ്ണം 55 ശതമാനമായി വര്‍ധിച്ചു.

അമേരിക്കയിലെ മൂന്ന് പ്രധാന പാര്‍ട്ടി ഗ്രൂപ്പുകള്‍ ഇപ്പോള്‍ ഫലസ്തീനികള്‍ക്കെതിരെ ഉള്ള ഇസ്രഈലിന്റെ അതിക്രമത്തെ പിന്തുണയ്ക്കുന്നില്ല. ഡെമോക്രാറ്റുകള്‍ക്കിടയില്‍ ഗസയിലെ ഭരണകൂടത്തിന്റെ ശത്രുതക്കുള്ള പിന്തുണ 18 ശതമാനമാണ് കുറഞ്ഞത്.

ഫലസ്തീനികള്‍ക്കെതിരെ ഉള്ള ഇസ്രഈലിന്റെ യുദ്ധം അവസാനിപ്പിക്കാനായുള്ള വെടിനിര്‍ത്തലിന് അന്താരാഷ്ട്ര ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടും ഗസയില്‍ ഇസ്രഈല്‍ ബോംബാക്രമണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് സര്‍വേ ഫലം പുറത്തുവരുന്നത്.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം റമദാന്‍ മാസത്തില്‍ ഗസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തില്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ നടത്തിയ വോട്ടെടുപ്പില്‍ നിന്ന് യു.എസ് വിട്ടുനിന്നിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 76 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസയിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 32,490 ആയി ഉയര്‍ന്നിട്ടുണ്ട്.

Content Highlight: Majority Of Americans Oppose Military Action Israel Has Taken In Gaza, Poll