| Monday, 15th May 2017, 11:35 am

യുവാവിനെ ജീപ്പിനു മുമ്പില്‍ കെട്ടിയിട്ട സൈനികന് ക്ലീന്‍ ചിറ്റ്; ലഭിച്ചത് അഭിനന്ദനം; മനശക്തി അപാരമെന്നും സൈന്യത്തിന്റെ അന്വേഷണ സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കശ്മീര്‍: ജമ്മു കശ്മീരില്‍ യുവാവിനെ ജീപ്പിനു മുമ്പില്‍ കെട്ടിയിട്ട സൈനികന് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ സംഘം. സൈന്യം രൂപീകരിച്ച അന്വേഷണ സംഘമാണ് ഉദ്യോഗസ്ഥന് ക്ലീന്‍ ചിറ്റ് നല്‍കിയത്.

കശ്മീരിലെ കല്ലേറിനെ പ്രതിരോധിക്കാനെന്ന പേരില്‍ യുവാവിനെ ജീപ്പിനു മുമ്പില്‍ കെട്ടിയിട്ടു യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജമ്മു കശ്മീര്‍ പൊലീസ് ആരോപണ വിധേയനായ 53 രാഷ്ട്രീയ റൈഫിള്‍സിലെ മേജറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഏപ്രില്‍ 15നാണ് സൈന്യം അന്വേഷണ സംഘത്തിനു രൂപം കൊടുത്തത്.

മേജറിനെതിരെ യാതൊരു നടപടിയും വേണ്ടെന്നാണ് അന്വേഷണ സംഘം അറിയിച്ചതെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.


Must Read: ഗാസി ബാബ ദര്‍ഗയുടെ സ്ഥാനത്ത് അമ്പലം പണിയാന്‍ വി.എച്ച്.പിക്ക് യോഗി ആദിത്യനാഥിന്റെ അനുമതി 


“കോര്‍ട്ട് മാര്‍ഷലിന്റെ ചോദ്യമേ ഉദിക്കുന്നില്ല. ആ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിപോലും ശുപാര്‍ശ ചെയ്തിട്ടില്ല.” റിപ്പോര്‍ട്ടില്‍ പറയുന്നു.

നടപടിയില്ലെന്നു മാത്രമല്ല സംഭവത്തിനു പിന്നിലെ ഉദ്യോഗസ്ഥനെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഭിനന്ദിക്കുകയും ചെയ്‌തെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

“മനശക്തിക്കും ഉദ്യോഗസ്ഥരുടെ ജീവന്‍ രക്ഷിച്ചതും അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ചെയ്തത്.” സൈനിക വൃത്തങ്ങള്‍ പറയുന്നു.


Also Read: ബാഹുബലി വേണ്ടെന്ന് വച്ചതില്‍ മോഹന്‍ലാലും; ലാലേട്ടന് നഷ്ടമായ വേഷമേതാണെന്നതാണ് യഥാര്‍ത്ഥ ട്വിസ്റ്റ് 


സൈന്യത്തില്‍ ലക്ഷ്യം നേടുകയെന്നതിനാണ് കൂടുതല്‍ പ്രാധാന്യമെന്നും അതിന് ഉദ്യോഗസ്ഥന്മാര്‍ വ്യത്യസ്തമായ രീതികള്‍ സ്വീകരിച്ചാലും കുഴപ്പമില്ല എന്നാണ് അന്വേഷണ സംഘം സ്വീകരിച്ച നിലപാട്.

ഉദ്യോഗസ്ഥന് റാങ്ക് ഉയര്‍ത്തി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

ഏപ്രില്‍ 9ന് ബുദ്ഗാമിലായിരുന്നു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ഫാറൂഖ് അഹമ്മദ് എന്ന യുവാവിനെയാണ് മനുഷ്യകവചമാക്കി ഉപയോഗിച്ചത്.

We use cookies to give you the best possible experience. Learn more