'മേജറിന്റെ ജീവിതത്തെ കുറിച്ചാണ് ഈ സിനിമ, മരണത്തെ കുറിച്ചല്ല'; സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓര്‍മ്മദിവസത്തില്‍ പുതിയ വീഡിയോയുമായി 'മേജര്‍'ടീം
indian cinema
'മേജറിന്റെ ജീവിതത്തെ കുറിച്ചാണ് ഈ സിനിമ, മരണത്തെ കുറിച്ചല്ല'; സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓര്‍മ്മദിവസത്തില്‍ പുതിയ വീഡിയോയുമായി 'മേജര്‍'ടീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th November 2020, 11:04 am

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ഉണ്ണികൃഷ്ണന്റെ ജീവിത കഥ അണിയറയില്‍ ഒരുങ്ങുകയാണ്. മേജര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അദിവി ശേഷ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കും. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മേജര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്.

മേജര്‍ ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

‘മേജര്‍ ബിഗിനിംഗ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയില്‍, സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ച തന്റെ യാത്രയെക്കുറിച്ച് വികാരാധീനനായി അദിവി ശേഷ് അനുസ്മരിക്കുന്നുണ്ട്.

നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത്. സിനിമയില്‍ ഒപ്പിട്ടത് മുതല്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങള്‍ അദിവി വിശദീകരിച്ചു.

‘മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ നവംബര്‍ 27 ന് രക്തസാക്ഷിത്വം വരിച്ചു, അതിനാല്‍ അദ്ദേഹത്തിന്റെ ജീവിതം ആഘോഷിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഞങ്ങള്‍ ഇന്ന് ഈ വീഡിയോ പുറത്തിറക്കുന്നത്. ഈ സിനിമ സംസാരിക്കുന്നത് അദ്ദേഹം ജീവിച്ച രീതിയെക്കുറിച്ചാണ്, അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചല്ല’ എന്നും അദിവി പറഞ്ഞു.

2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണന്‍ വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.

‘ഗൂഡാചാരി’ ഫെയിം ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം 2021 ലോകവ്യാപകമായി സമ്മര്‍ റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Major ‘team with new video on Sandeep Unnikrishnan’s Memorial Day