| Friday, 2nd August 2024, 9:32 am

ബെയ്‌ലി പാലത്തിന്റെ നിര്‍മാണത്തിന് നെടുംതൂണായത് മദ്രാസ് സാപ്പേഴ്‌സിലെ മേജര്‍ സീത ഷെൽക്കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ ദുരന്തമായിരുന്നു. ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം തന്നെ പൂര്‍ണമായി ഒലിച്ചുപോകുകയായിരുന്നു. ഗ്രാമത്തിലേക്കുള്ള ഏക മാര്‍ഗമായ പാലം തകര്‍ന്നത് മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി.

എന്നാല്‍ ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് ഇന്ത്യന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ബെയ്‌ലി പാലം നിർമിക്കുകയുണ്ടായി. ഈ നിര്‍മാണത്തിന്റെ നെടുംതൂണായത് വനിതാ ഉദ്യോഗസ്ഥയായ മേജര്‍ സീത ഷെൽക്കെയാണ്. ‘ദുരന്തമുഖത്ത് സ്ത്രീകള്‍ക്ക് എന്ത് കാര്യം’ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ബെയ്‌ലി പാലത്തിന്റെ എഞ്ചിനീയര്‍ കൂടിയായ സീത ഷെൽക്കെ നല്‍കിയത്.

നിരവധി ആളുകളാണ് മേജറിന് അഭിനന്ദനം അറിയിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതുമായ ചിത്രങ്ങള്‍ പങ്കുവെച്ചാണ് സോഷ്യല്‍ മീഡിയയിലെ പിന്തുണ.

ബെംഗളൂരുവില്‍ നിന്നുള്ള സൈന്യത്തിന്റെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥയാണ് ഈ മഹാരാഷ്ട്രക്കാരി. രാജ്യത്തുടനീളമായി സൈന്യത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുന്നവരാണ് എം.ഇ.ജി. മദ്രാസ് സാപ്പേര്‍സ് എന്നും ഇവര്‍ അറിയപ്പെടുന്നു.

മദ്രാസ് സാപ്പേഴ്‌സിലെ ഏക വനിതാ ഉദ്യോഗസ്ഥ കൂടിയാണ് സീത ഷെൽക്കെ. മേജർ സീത അശോക് ഷെൽക്കെ എന്നാണ് ഉദ്യോഗസ്ഥയുടെ പൂർണമായ പേര്.

അഭിഭാഷകനായ അശോക് ബിഖാജി ഷെല്‍ക്കെയുടെ നാല് മക്കളില്‍ ഒരാളാണ് സീത ഷെല്‍ക്കെ. അഹമ്മദ് നഗറിലെ ലോണിയിലെ പ്രവാര റൂറൽ എഞ്ചിനീയറിങ് കോളേജില്‍ നിന്നാണ് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിൽ സീത ഷെൽക്കെ ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് 2012ലാണ് സീത അശോക് ഷെൽക്കെ സൈന്യത്തിന്റെ ഭാഗമായത്.

സീത ഉൾപ്പെടെ കര്‍ണാടക-കേരള സബ് ഏരിയാ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ വിനോദ് ടി. മാത്യുവിന്റെ നേതൃത്വത്തിലുള്ള 70 അംഗസംഘമാണ് ബെംഗളൂരുവില്‍നിന്ന് ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തിനെത്തിയത്.

നിലവില്‍ എം.ഇ.ജിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച മുണ്ടക്കൈയിലെ പാലം പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കാണ് വഹിക്കുക. ഇന്നലെയാണ് ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. സൈന്യത്തിന്റെ വാഹനം തന്നെ ഓടിച്ച് പാലത്തിന്റെ ബലവും ഉറപ്പുവരുത്തിയിരുന്നു.

തുടര്‍ന്നുള്ള സൈന്യത്തിന്റെ സന്തോഷ പ്രകടനവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ മുണ്ടക്കൈയില്‍ പാലം നിര്‍മിക്കുന്നത് വരെ ബെയ്‌ലി പാലം തിരിച്ചെടുക്കില്ലെന്നും സൈന്യം ഇന്നലെ ഉറപ്പ് നല്‍കുകയും ചെയ്തു.

ഇന്നത്തെ രക്ഷാപ്രവര്‍ത്തനത്തിനായി ബെയ്‌ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലന്‍സുകളും എത്തിക്കും. കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. 40 ടീമുകള്‍ ആറ് സോണുകളിലായാണ് തിരച്ചില്‍ നടത്തുക.

Content Highlight: Major Sita Shelke led the construction of Bailey Bridge

We use cookies to give you the best possible experience. Learn more