മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജറി’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജി.എം.ബി എന്റെര്‍ടെയ്ന്‍മെന്റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയിരിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിന് പുറമെ സന്ദീപിന്റെ ബാല്യവും അദ്ദേഹം പട്ടാളക്കാരനായതിന്റെ കാരണവും പ്രണയവുമൊക്കെയാണ് ട്രെയ്‌ലറില്‍ കാണിച്ചിരിക്കുന്നത്.
നടന്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ പുറത്തുവിട്ടത്. മേജര്‍ ട്രെയ്‌ലര്‍ പുറത്തുവിടുന്നതില്‍ അഭിമാനിക്കുന്നുവെന്നും ചിത്രത്തിന്റെ എല്ലാ അംഗങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നതായും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ജൂണ്‍ മൂന്നിന് ചിത്രം റിലീസ് ചെയ്യും.
ശശി കിരണ്‍ ടിക്കയാണ് ചിത്രത്തിന്റെ സംവിധാനം. ടോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
നേരത്തെ സന്ദീപ് ഉണ്ണികൃഷ്ണന്റെ 45ാം പിറന്നാളിനോടനുബന്ധിച്ച് ടീം മേജര്‍ പുറത്തിറക്കിയ ട്രിബ്യൂട്ട് വീഡിയോ വൈറലായിരുന്നു. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതത്തിലെ ചിത്രങ്ങളും സിനിമയ്ക്കായി പുനരാവിഷ്‌കരിച്ച ചിത്രങ്ങളും ചേര്‍ത്താണ് സ്പെഷ്യല്‍ ട്രിബ്യൂട്ട് വീഡിയോ ഒരുക്കിയിരിക്കുന്നത്.
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നല്‍കി ആദരിച്ചിരുന്നു.
ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘ഗൂഡാചാരി’ ഫെയിം ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം 2022 ലോകവ്യാപകമായി റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് ഭീഷണി രൂക്ഷമായതോടെ റിലീസ് മാറ്റുകയായിരുന്നു.
Content highlight: Major Sandeep Unnikrishnan’s biopic ‘Major’ Trailer released