Advertisement
Film News
വെടിയൊച്ചകളാല്‍ അടയാളപ്പെടുത്തിയ ധീരതയുടെ കഥ; മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ജൂണില്‍ തിയേറ്ററുകളിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 27, 07:45 am
Wednesday, 27th April 2022, 1:15 pm

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജര്‍’ തിയേറ്ററുകളിലേക്ക്. അദിവി ശേഷ് നായകനായെത്തുന്ന ചിത്രം 2022 ജൂണ്‍ 3ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ശശി കിരണ്‍ ടിക്കയാണ് ചിത്രത്തിന്റെ സംവിധാനം. ടോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

നേരത്തെ സന്ദീപ് ഉണ്ണികൃഷ്ണന്റെ 45ാം പിറന്നാളിനോടനുബന്ധിച്ച് ടിം മേജര്‍ പുറത്തിറക്കിയ ട്രബ്യൂട്ട് വീഡിയോ വൈറലായിരുന്നു. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതത്തിലെ ചിത്രങ്ങളും സിനിമയ്ക്കായി പുനരാവിഷ്‌കരിച്ച ചിത്രങ്ങളും ചേര്‍ത്താണ് സ്‌പെഷ്യല്‍ ട്രിബ്യൂട്ട് വീഡിയോ ഒരുക്കിയിരിക്കുന്നത്.

2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നല്‍കി ആദരിച്ചിരുന്നു.

ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘ഗൂഡാചാരി’ ഫെയിം ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം 2022 ലോകവ്യാപകമായി റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് ഭീഷണി രൂക്ഷമായതോടെ റിലീസ് മാറ്റുകയായിരുന്നു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

 

Content Highlight: Major Sandeep Unnikrishnan’s biopic Major to release in June