സജീവമായ അന്തര്‍ധാരയുള്ളതിനാല്‍ ഈ കൂറുമാറ്റങ്ങളിലൊന്നും അത്ഭുതപ്പെടാനില്ല
Discourse
സജീവമായ അന്തര്‍ധാരയുള്ളതിനാല്‍ ഈ കൂറുമാറ്റങ്ങളിലൊന്നും അത്ഭുതപ്പെടാനില്ല
കെ. സുനില്‍ കുമാര്‍
Saturday, 13th February 2021, 12:48 pm

ബി.ജെ.പി അംഗമായിരുന്നില്ലെങ്കിലും തീവ്ര ഹിന്ദുത്വവാദി ആയ മുന്‍ സൈനികനും നടനുമായ മേജര്‍ രവി കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹം സി.പി.ഐ.എമ്മിന്റെ നേതാവായ പി. രാജീവിന് വേണ്ടിയും തെരഞ്ഞെടുപ്പില്‍ രംഗത്ത് വന്നിരുന്നു.

ബി.ജെ.പിക്ക് വേണ്ടിയും രവി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്. ശബരിമല ആചാര സംരക്ഷണ നിയമമാണ് ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രധാന തുറുപ്പ് ചീട്ട്. സംഘപരിവാര്‍ കേരളത്തില്‍ പ്രചരിപ്പിച്ച വിഭജന രാഷ്ട്രീയത്തിന്റെയും വര്‍ഗീയതയുടെയും തീവ്ര ദേശീയ വാദത്തിന്റെയും പ്രചാരകനായിരുന്നു രവി. ഇതിനെ തള്ളിപ്പറഞ്ഞിട്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേരുന്നത് എന്നതിന് ഒരു സൂചനയുമില്ല.

ബി.ജെ.പിയിലേക്ക് ഈഴവരെയും പുലയരെയും റിക്രൂട്ട് ചെയ്യാന്‍ രൂപീകരിച്ച ബി.ഡി.ജെ.എസ് പിളര്‍ന്നുണ്ടായ ബി.ജെ.എസ് എന്ന പാര്‍ട്ടിയും യു.ഡി.എഫിന്റെ ഭാഗമാകും. ബി.ഡി.ജെ.എസിന്റെ ഭാഗമായിരുന്നപ്പോള്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും ഒപ്പം തീവ്ര വര്‍ഗീയ പ്രചാരണം നടത്തിയവരാണ് ഇപ്പോള്‍ ബി.ജെ.എസ് നേതാക്കളായ എന്‍.കെ നീലകണ്ഠനും ഗോപകുമാറും എല്ലാം. പക്ഷെ ഇവരെയെല്ലാം പാര്‍ട്ടിയിലും മുന്നണിയിലും ചേര്‍ത്താലും മുസ്ലിം ലീഗ് മുഖേന യു.ഡി.എഫുമായി നീക്കുപോക്കുണ്ടാക്കിയ ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയെ കൂടെ കൂട്ടില്ല.

സര്‍ക്കാരിനെതിരെ ശബരിമല ആചാര സംരക്ഷണ സമരത്തിന് നേതൃത്വം നല്‍കിയ കൃഷ്ണകുമാര്‍ സി.പി.ഐ.എമ്മിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പോകുന്നുവെന്നാണ് അറിയുന്നത്. ബി.ജെ.പി വഞ്ചിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. ആചാര സംരക്ഷണം തന്നെയാണ് ഇപ്പോള്‍ സി.പി.ഐ.എമ്മിന്റെയും സര്‍ക്കാരിന്റെയും ദൗത്യം എന്നിരിക്കെ ഒന്നിച്ചു പോകാനുള്ള തടസങ്ങള്‍ നീക്കിയിരിക്കാം. നേരത്തെ സി.പി സുഗതന്‍ എന്ന ആചാര സംരക്ഷകന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിലെ പ്രധാനിയായിരുന്നു.

ജീവിതകാലം മുഴുവന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഒ. രാജഗോപാല്‍ പറയുന്നത് വിശ്വാസവും മതവും രാഷ്ട്രീയത്തില്‍ കൊണ്ടുവരരുത് എന്നാണ്. ശബരിമല യു.ഡി.എഫിന് എല്‍.ഡി.എഫിനെ അടിക്കാനുള്ള വടി മാത്രമാണ്. പിണറായി വിജയന്റെ സര്‍ക്കാര്‍ ജനങ്ങളോട് കമ്മിറ്റഡായ മികച്ച സര്‍ക്കാരാണെന്ന് രാജഗോപാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. (https://www.kairalinewsonline.com/2021/02/12/376261.html കൈരളി ടിവി അഭിമുഖം).

ബി.ജെ.പിക്കാരായിരുന്ന കെ. രാമന്‍പിള്ളക്കും കൂട്ടര്‍ക്കും എല്‍.ഡി.എഫ് ഇടത്താവളമായിരുന്നു. ആര്‍.എസ്.എസുകാരായിരുന്ന ഓ.കെ വാസുവും അശോകനും ഇപ്പോള്‍ കണ്ണൂരിലെ സി.പി എമ്മിന്റെ നേതാക്കളാണ്. അവര്‍ ശാഖയില്‍ പഠിച്ചതെല്ലാം മറന്നോ എന്നറിയില്ല.
കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പ്രമുഖര്‍ ഉള്‍പ്പെടെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ഭാഗമയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ദേശാഭിമാനി എഡിറ്ററും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖനായ സൈദ്ധാന്തികനുമായിരുന്ന വി.ടി ഇന്ദുചൂഡനും സി.ഐ.ടി.യു നേതാവും ഭൗതിക പ്രപഞ്ചത്തെയും ആത്മീയതയെയും കുറിച്ച് പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുള്ള പി. കേശവന്‍ നായരും ഓര്‍മ്മയില്‍ വരുന്നു. അക്കാലത്ത് ഒരു തരത്തില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റമായിരുന്നു അവ.

പക്ഷെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ കാര്യമായ അത്ഭുതപ്പെടലിന് വഴിയില്ല. പക്ഷെ, പ്രത്യയശാസ്ത്രത്തേക്കാളും ആദര്‍ശത്തേക്കാളും വ്യക്തിപരമായ ലാഭ നഷ്ടങ്ങളും നിലനില്‍പ്പും പ്രധാനമായി തോന്നുന്നവര്‍ക്ക് ഈ മാറ്റങ്ങള്‍ സ്വാഭാവികമാകാം. അതിലുപരി കമ്യൂണിസ്റ്റാണെങ്കിലും കോണ്‍ഗ്രസാണെങ്കിലും സംഘപരിവാര്‍ ആണെങ്കിലും പരസ്പരം മാറാന്‍ തടസമില്ലാത്ത ഒരു ഹിന്ദുത്വ ആശയ പൊതുമണ്ഡലം ഇവര്‍ക്കിടയില്‍ ഉണ്ടാകാം.

ശബരിമല സ്ത്രീ പ്രവേശനം, മുന്നാക്ക സംവരണം, ഒളിഞ്ഞും തെളിഞ്ഞുമുള്ള സവര്‍ണ ഹിന്ദുത്വ ആഭിമുഖ്യവും മുസ്‌ലിം വിരുദ്ധതയും, ദലിത് വിരുദ്ധത, തീവ്ര ദേശീയത വാദം തുടങ്ങി പല കാര്യങ്ങളിലും ഇവര്‍ ഒരേ തൂവല്‍ പക്ഷികളായി കാണപ്പെട്ടിട്ടുമുണ്ട്. ക്ലീഷേ പ്രയോഗമെടുത്താല്‍ ഇവര്‍ക്കിടയില്‍ സജീവമായ അന്തര്‍ധാര ഉണ്ടെന്ന് ചുരുക്കം. അതിനാല്‍ പരസ്പര മാറ്റം അസാധ്യമല്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Major Ravi – UDF – BJP – LDF – K Sunilkumar writes