പ്രണവ് അന്ന് ആദ്യമായി പവര്‍കട്ട് കണ്ടു; അവന്‍ കൂടെയുള്ളവരെ പേടിപ്പിക്കാന്‍ തുടങ്ങി: മേജര്‍ രവി
Film News
പ്രണവ് അന്ന് ആദ്യമായി പവര്‍കട്ട് കണ്ടു; അവന്‍ കൂടെയുള്ളവരെ പേടിപ്പിക്കാന്‍ തുടങ്ങി: മേജര്‍ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th February 2024, 12:08 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. 2003ല്‍ മേജര്‍ രവിയും രാജേഷ് അമനകരയും എഴുതി സംവിധാനം ചെയ്ത പുനര്‍ജനിയാണ് പ്രണവിന്റെ ആദ്യ ചിത്രം.

ഈ ചിത്രത്തിലൂടെ പ്രണവിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പ്രണവ് മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് മേജര്‍ രവി.

‘അപ്പുവിന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഞാനും ലാലിന്റെ ഫാമിലിയും തമ്മിലുള്ള ബന്ധം അറിഞ്ഞു കൊണ്ട് രാജേഷ് അമനകര എന്ന ആള്‍ എന്നെ മറ്റൊരാള്‍ വഴി ബന്ധപെട്ടു. ഒരു കഥയുമായി അയാള്‍ മദ്രാസിലേക്ക് വന്നു.

പ്രണവിനോട് കഥ പറഞ്ഞ ശേഷം അവനെ കൊണ്ട് അഭിനയിപ്പിക്കണമെന്ന് പറഞ്ഞാണ് അയാള്‍ വന്നത്. ഞാന്‍ ഈ കഥ കേട്ടതിന് ശേഷം ലാലിനെ വിളിച്ച് കാര്യം പറഞ്ഞു. സുചിയെ വിളിച്ച് പറഞ്ഞ് വീട്ടില്‍ പോയി കഥ പറയാനായിരുന്നു ലാല്‍ പറഞ്ഞത്.

ലാല്‍ അന്ന് മദ്രാസില്‍ തന്നെ ഷൂട്ടിന്റെയൊക്കെ തിരക്കിലാണ്. അങ്ങനെ ഞാന്‍ നേരെ വീട്ടില്‍ പോയപ്പോള്‍ സുചി പറഞ്ഞത് ‘അവന്‍ അഭിനയിക്കുമോ ഇല്ലയോയെന്ന് എനിക്കറിയില്ല’ എന്നായിരുന്നു. പത്ത് ദിവസത്തെ ഷൂട്ടല്ലേയുള്ളു, ഒന്ന് കഥ കേള്‍ക്കെന്ന് ഞാന്‍ പറഞ്ഞു.

അങ്ങനെ ഞാനാണ് ആ കഥ അവരോട് പറയുന്നത്. കഥ കേട്ടതും സുചി അപ്പുവിനെ നോക്കിയിട്ട് ‘നീ ഈ സിനിമ ചെയ്യുന്നോടാ’ എന്ന് ചോദിച്ചു. ‘ആഹ്. കുഴപ്പമില്ല’ എന്ന് അവന്‍ മറുപടിയും പറഞ്ഞു. പ്രണവ് അന്ന് ഏഴിലോ ആറിലോ പഠിക്കുകയാണ്. എന്റെ മകന്റെ പ്രായമാണ് അവനും. അവര്‍ രണ്ടുപേരും നല്ല കൂട്ടായിരുന്നു.

എങ്കിലും അവനെ ഒറ്റക്ക് വിടാന്‍ അവര്‍ക്ക് കഴിയില്ലായിരുന്നു. സുചി താന്‍ പത്ത് ദിവസം അവിടെ വന്നുനില്‍ക്കേണ്ടി വരില്ലേ എന്ന് ചോദിച്ചപ്പോള്‍ ഞാനത് വേണ്ടെന്ന് പറഞ്ഞു. അങ്ങനെ ഞാനും എന്റെ ഭാര്യയും മകനും അപ്പുവിനെയും കൊണ്ട് പട്ടാമ്പിയിലേക്ക് പോയി.

അന്ന് അവിടെയുള്ള എന്റെ ഒരു ചെറിയ വീട്ടിലാണ് താമസിച്ചത്. അപ്പുവാണെങ്കില്‍ എ.സിയില്‍ മാത്രം വളര്‍ന്നവനാണ്. ആദ്യത്തെ ദിവസം ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ വന്നതും വൈകുന്നേരം ഏഴ് മണിക്ക് ലൈറ്റ് ഓഫായി.

അപ്പു ഇതുവരെ പവര്‍കട്ട് കണ്ടിരുന്നില്ല. കാരണം അവന്റെ വീട്ടില്‍ ജനറേറ്ററാണ്. പവര്‍ക്കട്ടൊന്നും അവന്‍ അറിയില്ല. ലൈറ്റ് ഓഫായതും അപ്പു വളരെ ആവേശത്തിലായി. കൂടെയുള്ള ആളുകളെ പേടിപ്പിക്കാന്‍ തുടങ്ങി. അന്ന് അരമണിക്കൂര്‍ അവന്‍ ഇരുട്ടിലായിരുന്നു.

അടുത്ത ദിവസം ഇതേസമയത്ത് അവന്റെ കയ്യില്‍ ടോര്‍ച്ച് കൊടുത്തിട്ടും അവന് അതൊന്നും വേണ്ടായിരുന്നു. ആദ്യമായിട്ടായിരുന്നു ഒരു കുട്ടി പവര്‍കട്ട് കണ്ടിട്ട് ഇത്രയും സന്തോഷിക്കുന്നത് കാണുന്നത്,’ മേജര്‍ രവി പറഞ്ഞു.


Content Highlight: Major Ravi Talks About Pranav Mohanlal Seeing Powercut For The First Time