| Sunday, 11th February 2024, 8:08 am

നീ ഈ സിനിമ ചെയ്യുന്നോടായെന്ന ചോദ്യത്തിന് 'ആഹ്, കുഴപ്പമില്ല' എന്നായിരുന്നു പ്രണവിന്റെ മറുപടി: മേജര്‍ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2003ല്‍ മേജര്‍ രവിയും രാജേഷ് അമനകരയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പുനര്‍ജനി. പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. താരത്തിന് ഈ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.

പുനര്‍ജനിയിലേക്ക് പ്രണവ് മോഹന്‍ലാല്‍ എത്തിയതിനെ കുറിച്ച് പറയുകയാണ് മേജര്‍ രവി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനും മോഹന്‍ലാലിന്റെ കുടുംബവും തമ്മിലുള്ള ബന്ധമറിഞ്ഞ് രാജേഷ് അമനകര ഒരു കഥയുമായി മദ്രാസിലേക്ക് വരികയായിരുന്നുവെന്ന് മേജര്‍ രവി പറഞ്ഞു.

പ്രണവ് മോഹന്‍ലാലിനോട് കഥ പറഞ്ഞ് അവനെ അഭിനയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അയാള്‍ വന്നതെന്നും പിന്നീട് അയാളോടൊപ്പം മോഹന്‍ലാലിന്റെ വീട്ടില്‍ ചെന്ന കഥ പറയുകയായിരുന്നെന്നും മേജര്‍ രവി പറയുന്നു.

‘അപ്പുവിന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഞാനും ലാലിന്റെ ഫാമിലിയും തമ്മിലുള്ള ബന്ധം അറിഞ്ഞു കൊണ്ട് രാജേഷ് അമനകര എന്ന ആള്‍ എന്നെ മറ്റൊരാള്‍ വഴി ബന്ധപെട്ടു. ഒരു കഥയുമായി അയാള്‍ മദ്രാസിലേക്ക് വന്നു.

പ്രണവിനോട് കഥ പറഞ്ഞ ശേഷം അവനെ കൊണ്ട് അഭിനയിപ്പിക്കണമെന്ന് പറഞ്ഞാണ് അയാള്‍ വന്നത്. ഞാന്‍ ഈ കഥ കേട്ടതിന് ശേഷം ലാലിനെ വിളിച്ച് കാര്യം പറഞ്ഞു. സുചിയെ വിളിച്ച് പറഞ്ഞ് വീട്ടില്‍ പോയി കഥ പറയാനായിരുന്നു ലാല്‍ പറഞ്ഞത്.

ലാല്‍ അന്ന് മദ്രാസില്‍ തന്നെ ഷൂട്ടിന്റെയൊക്കെ തിരക്കിലാണ്. അങ്ങനെ ഞാന്‍ നേരെ വീട്ടില്‍ പോയപ്പോള്‍ സുചി പറഞ്ഞത് ‘അവന്‍ അഭിനയിക്കുമോ ഇല്ലയോയെന്ന് എനിക്കറിയില്ല’ എന്നായിരുന്നു. പത്ത് ദിവസത്തെ ഷൂട്ടല്ലേയുള്ളു, ഒന്ന് കഥ കേള്‍ക്കെന്ന് ഞാന്‍ പറഞ്ഞു.

അങ്ങനെ ഞാനാണ് ആ കഥ അവരോട് പറയുന്നത്. കഥ കേട്ടതും സുചി അപ്പുവിനെ നോക്കിയിട്ട് ‘നീ ഈ സിനിമ ചെയ്യുന്നോടാ’ എന്ന് ചോദിച്ചു. ‘ആഹ്. കുഴപ്പമില്ല’ എന്ന് അവന്‍ മറുപടിയും പറഞ്ഞു,’ മേജര്‍ രവി പറഞ്ഞു.


Content Highlight: Major Ravi Talks About Pranav Mohanlal

We use cookies to give you the best possible experience. Learn more