Entertainment
പവര്‍കട്ടൊന്നും അപ്പുവിന് അറിയില്ല; കൈയ്യില്‍ ടോര്‍ച്ച് കൊടുത്തിട്ടും അവന്‍ വാങ്ങിയില്ല: മേജര്‍ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 23, 03:40 pm
Sunday, 23rd June 2024, 9:10 pm

2003ല്‍ മേജര്‍ രവിയും രാജേഷ് അമനകരയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പുനര്‍ജനി. പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. പുനര്‍ജനിയിലൂടെ താരത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിരുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പ്രണവിനെ കുറിച്ച് പറയുകയാണ് മേജര്‍ രവി.

‘ലാലിന്റെ ഫാമിലിയും ഞാനും തമ്മിലുള്ള ബന്ധം അറിഞ്ഞു കൊണ്ട് രാജേഷ് അമനകര എന്നെ മറ്റൊരാള്‍ വഴി കോണ്‍ടാക്റ്റ് ചെയ്തു. ശേഷം ഒരു കഥയുമായി അയാള്‍ എന്നെ കാണാന്‍ മദ്രാസിലേക്ക് വന്നു. പ്രണവിനോട് കഥ പറഞ്ഞ് അവനെ അഭിനയിപ്പിക്കണം എന്നതായിരുന്നു അയാളുടെ ആവശ്യം. ഞാന്‍ അങ്ങനെ ആദ്യം അയാളുടെ കഥ കേട്ടു. അതിന് ശേഷം ലാലിനെ വിളിച്ച് കാര്യവും പറഞ്ഞു. സുചിയെ വിളിച്ച് കാര്യം പറഞ്ഞിട്ട് വീട്ടില്‍ പോയി കഥ പറയാനായിരുന്നു ലാല്‍ എന്നോട് പറഞ്ഞത്. ലാല്‍ അപ്പോള്‍ മദ്രാസില്‍ ഷൂട്ടിന്റെയൊക്കെ തിരക്കിലായിരുന്നു. ഒടുവില്‍ ഞാന്‍ നേരെ വീട്ടില്‍ പോയി സുചിയെ കണ്ടു. അവന്‍ അഭിനയിക്കുമോ ഇല്ലയോയെന്ന് അറിയില്ല എന്നായിരുന്നു സുചി അന്ന് പറഞ്ഞത്.

സിനിമക്ക് ആകെ പത്ത് ദിവസത്തെ ഷൂട്ടല്ലേയുള്ളു, ഒന്ന് കഥ കേള്‍ക്കെന്ന് ഞാനും പറഞ്ഞു. അങ്ങനെ ഞാനാണ് ആ സിനിമയുടെ കഥ അവരോട് പറയുന്നത്. അതിന്റെ കഥ കേട്ടതും സുചി അപ്പുവിനെ നോക്കി. ഈ സിനിമ ചെയ്യുന്നോടായെന്ന് ചോദിച്ചു. കുഴപ്പമില്ലെന്നായിരുന്നു അപ്പുവിന്റെ മറുപടി. അന്ന് അവന്‍ ഏഴിലോ ആറിലോ ആണ് പഠിക്കുന്നത്. അതായത് എന്റെ മകന്റെ പ്രായമാണ് അവനും. അവരാണെങ്കില്‍ രണ്ടുപേരും നല്ല കൂട്ടായിരുന്നു.  എങ്കിലും അവര്‍ക്ക് അപ്പുവിനെ ഒറ്റക്ക് വിടാന്‍ കഴിയില്ലായിരുന്നു. അങ്ങനെ ഞാനും എന്റെ ഭാര്യയും മകനും അപ്പുവിനെയും കൊണ്ട് പട്ടാമ്പിയിലേക്ക് പോയി. അവിടെയുള്ള എന്റെ ഒരു ചെറിയ വീട്ടിലാണ് ഞങ്ങള്‍ അന്ന് താമസിച്ചത്.

Also Read: ആ മോഹന്‍ലാല്‍ ചിത്രത്തില്‍ ബാബുരാജിന് ഡയലോഗ് തെറ്റുമ്പോഴൊക്കെ അടി കിട്ടിയത് എനിക്കാണ്: എബ്രഹാം കോശി

അപ്പു എ.സിയില്‍ മാത്രം വളര്‍ന്നവനാണ്. ആദ്യ ദിവസം ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ വന്നതും വൈകുന്നേരം ഏഴ് മണിക്ക് ലൈറ്റ് ഓഫായി. അപ്പു സത്യത്തില്‍ അവന്റെ വീട്ടില്‍ ജനറേറ്ററായത് കാരണം അതുവരെ പവര്‍കട്ട് കണ്ടിരുന്നില്ല. പവര്‍ക്കട്ടൊന്നും അവന്‍ അറിയില്ലായിരുന്നു. ലൈറ്റ് ഓഫായതും അപ്പു ആകെ ആവേശത്തിലായി കൂടെയുള്ള ആളുകളെ പേടിപ്പിക്കാന്‍ തുടങ്ങി. അന്ന് അരമണിക്കൂര്‍ ഞങ്ങള്‍ ഇരുട്ടിലായിരുന്നു. അടുത്ത ദിവസം ഇതേസമയത്ത് അവന്റെ കയ്യില്‍ ടോര്‍ച്ച് കൊടുത്തു. പക്ഷെ അവന് അതൊന്നും വേണ്ടായിരുന്നു. ആദ്യമായിട്ടായിരുന്നു ഒരു കുട്ടി പവര്‍കട്ട് കണ്ടിട്ട് ഇത്ര സന്തോഷിക്കുന്നത് ഞങ്ങള്‍ കാണുന്നത്,’ മേജര്‍ രവി പറഞ്ഞു.


Content Highlight: Major Ravi Talks About Pranav Mohanlal