ഒരു ചെറിയ ഗ്രാമത്തില്‍ പട്ടാളം താത്കാലിക ക്യാമ്പ് സ്ഥാപിച്ചതിന് ശേഷം അവിടെ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റി കഥ പറഞ്ഞ ചിത്രമാണ് പട്ടാളം. 2003ല്‍ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് ലാല്‍ ജോസായിരുന്നു.
മമ്മൂട്ടി നായകനായ ചിത്രത്തില്‍ ടെസ്സ, ബിജു മേനോന്‍, ജ്യോതിര്‍മയി, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഇന്നസെന്റ്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരും ഒന്നിച്ചിരുന്നു. മേജര്‍ രവിയും ഈ സിനിമയില്‍ ഒരു പട്ടാളക്കാരനായി അഭിനയിച്ചിരുന്നു.
പട്ടാളം സിനിമയിലെ ഷൂട്ടിനിടയില്‍ മമ്മൂട്ടി വയലന്റായതിനെ കുറിച്ച് പറയുകയാണ് മേജര്‍ രവി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പട്ടാളം സിനിമയില്‍ ഒരു സീനില്‍ എന്നെ കൊല്ലുന്നത് ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു. അതില്‍ നമ്മള്‍ കാട്ടിലൂടെ നടന്ന് പോകുമ്പോള്‍ ഞാന്‍ നിലത്തുള്ള കയറില്‍ ചവിട്ടുകയാണ്. ആ സമയത്ത് കാല്‍ കയറില്‍ കുരുങ്ങുന്ന എന്നെ മുകളിലേക്ക് തലകുത്തനെ നിര്‍ത്തണം. ഒരാള്‍ കയറില്‍ തൂങ്ങി വന്നിട്ട് എന്റെ കഴുത്ത് വെട്ടി കൊല്ലുകയാണ് ചെയ്യുന്നത്.
അത് ഷൂട്ട് ചെയ്യുന്ന സമയം മമ്മൂക്ക അവിടെയുണ്ടായിരുന്നു. ആള്‍ റിഹേഴ്‌സല്‍ നോക്കിയിട്ട് ഇരിപ്പാണ്. ഇതിനിടയില്‍ മമ്മൂക്ക പെട്ടെന്ന് വയലന്റായി. ‘ഇത് ഏതെങ്കിലും ഡ്യൂപ്പിനെ വെച്ച് ചെയ്തുകൂടെ. സേഫ്റ്റി ഇല്ലാതെ ഇയാളെ കൊണ്ട് ചെയ്യിക്കണോ’ എന്ന് പറഞ്ഞാണ് ചൂടായത്.
ഉടനെ തന്നെ ലാല്‍ ജോസ് അങ്ങേര് ചെയ്യുന്നതില്‍ മമ്മൂക്കക്ക് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. ‘ചെയ്യുന്നതൊക്കെ ശരിയാണ്. ആ പോകുന്ന പോക്ക് കണ്ടോ, നട്ടെല്ലിനോ മറ്റോ പരിക്ക് പറ്റിയാലോ’ എന്നാണ് മമ്മൂക്ക മറുപടി പറഞ്ഞത്.
അതു ശരിയായിരുന്നു. അത്രയും ബോഡി വഴക്കമില്ലാത്ത ഒരാള്‍ ചെയ്യുമ്പോള്‍ ചിലപ്പോള്‍ നട്ടെല്ലിന് എന്തെങ്കിലും പറ്റാന്‍ സാധ്യതയുണ്ടായിരുന്നു. നേരെ നില്‍ക്കുന്ന ഒരാളെ പെട്ടെന്ന് തല കീഴായി നിര്‍ത്തുന്നത് പ്രയാസമാണ്. പക്ഷേ ആ ഷോട്ട് ഞാന്‍ ഗംഭീരമായി ചെയ്തു,’ മേജര്‍ രവി പറഞ്ഞു.
Content Highlight: Major Ravi Talks About Pattalam Movie And Mammootty