| Sunday, 4th February 2024, 8:15 am

മോഹന്‍ലാലിനെ ആ സിനിമയില്‍ തെറ്റായി കാണിച്ചു; എന്നാല്‍ ഒരാളും ലാലിനുവേണ്ടി റിയാക്റ്റ് ചെയ്തില്ല: മേജര്‍ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സജിന്‍ രാഘവന്‍ ആദ്യമായി സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍. 2005ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ ഉദയനാണ് താരത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ആസ്പദമാക്കി കൊണ്ടായിരുന്നു ഈ സിനിമ.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മേജര്‍ രവി. ആ സിനിമയിലൂടെ നടന്‍ മോഹന്‍ലാലിനെ തെറ്റായി കാണിച്ചുവെന്നും ചാനലുകാര്‍ തന്റെയടുത്ത് വന്നപ്പോള്‍ താന്‍ വളരെ രൂക്ഷമായി സംസാരിച്ചുവെന്നും മേജര്‍ രവി പറയുന്നു.

‘ശ്രീനിയേട്ടന്റെ കൂടെ ഹെല്‍പ്പിന് നിന്ന ആളായിരുന്നു സജിന്‍. അദ്ദേഹം ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നു. ആ സിനിമയാണ് പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍. അതില്‍ മോഹന്‍ലാല്‍ എന്ന കഥാപാത്രത്തെ വളരെ ഭീകരമായിട്ട് തെറ്റായി കാണിച്ചു.

എന്നാല്‍ ആ ഡയറക്ടര്‍ പറയേണ്ടതാണ്, ശ്രീനിയേട്ടാ നമുക്ക് ഈ സിനിമ വേണ്ട എന്ന്. ലാല്‍ അത്രയും സപ്പോര്‍ട്ട് ചെയ്തിട്ടുള്ള ആളായിരുന്നു ആ ഡയറക്ടര്‍. ആള്‍ക്ക് ആ സിനിമ ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളു.

ഞാന്‍ ഈ സിനിമ കണ്ട അന്നോ അതിന്റെ തൊട്ടടുത്ത ദിവസമോ ചാനലുകാര്‍ എന്റെയടുത്ത് വന്നു. ഞാന്‍ വളരെ രൂക്ഷമായി സംസാരിച്ചു. ശ്രീനിയേട്ടന്‍ ഇങ്ങനെയൊന്ന് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഇതിനകത്ത് അദ്ദേഹത്തിന് എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞു.

ശ്രീനിയേട്ടന്റെ അടുത്തും മീഡിയക്കാര്‍ ചെന്നു. മേജര്‍ രവി നിങ്ങളെ കുറിച്ച് ഇങ്ങനെ പറഞ്ഞുവെന്ന് പറഞ്ഞിട്ട് ശ്രീനിയേട്ടനോട് ചോദിച്ചു. അപ്പോള്‍ ശ്രീനിയേട്ടന്‍ ‘രവി അങ്ങനെ പറഞ്ഞോ. ആഹ് അത് കറക്റ്റ് ആണ്. അതുകൊണ്ടല്ലേ അദ്ദേഹം മേജറും ഞാന്‍ മൈനറുമായത്’ എന്ന് പറഞ്ഞു.

പുള്ളി അത് കാര്യമായി എടുത്തില്ല. പക്ഷേ ലാലിനെ കുറിച്ച് ഇങ്ങനെ പറഞ്ഞുവെന്ന് പറഞ്ഞിട്ട് ഒരാളും ലാലിന് വേണ്ടി റിയാക്റ്റ് ചെയ്ത് ഞാന്‍ കണ്ടിട്ടില്ല,’ മേജര്‍ രവി പറയുന്നു.


Content Highlight: Major Ravi Talks About Padmasree Bharat Dr. Saroj Kumar Movie

Latest Stories

We use cookies to give you the best possible experience. Learn more